Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിലാളികളെ ഇന്നലെയും തടഞ്ഞു; സി‌ന്തൈറ്റ് താൽക്കാലികമായി അടച്ചു

കോലഞ്ചേരി (കൊച്ചി) ∙ ജോലിക്ക‍ു കയറാനെത്തിയ തൊഴിലാളികളെ സിഐടിയ‍ുവിന്റെ നേതൃത്വത്തിൽ ഇന്നലെയ‍ും തടഞ്ഞ‍തോടെ സിന്തൈറ്റ് ഇൻഡസ്‍ട്രീസ് താൽക്കാലികമായി അടച്ചു. ഇന്നലെ നാനൂറോളം തൊഴിലാളികൾ ജോലിക്കെത്തിയെങ്കിലും പൊലീസ് സംരക്ഷണം നൽകാൻ വിസമ്മതിച്ചതിനാൽ അവർക്കു ഫാക്ടറിക്കകത്തേക്കു കയറാൻ സാധിച്ചില്ല. പ്രശ്‍നപരിഹാരത്തിന‍ു നാളെ തിര‍ുവനന്തപ‍ുരത്ത് ലേബർ കമ്മിഷണറുടെ അധ്യക്ഷതയിൽ ചർച്ച നടത്തും.

ശനിയാഴ്‍ച അർധരാത്രി മ‍ുതലാണു സിഐടിയ‍ുവിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ പണിമ‍ുടക്ക് ആരംഭിച്ചത്. അന്നു രാത്രി പണിമുടക്ക് അനുകൂലികൾ പ്ലാന്റ് സൂപ്പർവൈസറെ മർദിക്കുകയും ഫാക്ടറിയിലെ ബോയിലർ ഉൾപ്പെടെയുള്ള യന്ത്രങ്ങൾ കേടുവരുത്തുകയും ശുദ്ധജല പൈപ്പ് ലൈനും വാഹനങ്ങളും തകർക്കുകയും ചെയ്തു. സൂപ്പർവൈസറെ ആശുപത്രിയിലെത്തിച്ചു തിരിച്ചുവന്ന ആംബുലൻസിനു നേരെയും ആക്രമണമുണ്ടായി. 

ജോലിക്കെത്തിയ തൊഴിലാളികളെ തിങ്കളാഴ്ചയും സിഐടിയു തടഞ്ഞിരുന്നു. ഉപരോധം ഇന്നലെയും തുടർന്നതും പൊലീസ് സഹായം ലഭിക്കാത്തതും കാരണം, സമരത്തിൽ പങ്കെടുക്കാത്ത തൊഴിലാളികൾക്ക‍ു മ‍ൂന്ന‍ു ദിവസമായി കമ്പനിയി‍ൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. കമ്പനിയിലേക്കു‍ കയറ‍ുന്നതിന‍ും ഇറങ്ങ‍ുന്നതിന‍ും തടസ്സമ‍ുണ്ടാക്കര‍ുതെന്ന‍ും ക്രമസമാധാനം ഉറപ്പാക്കണമെന്ന‍ുമ‍ുള്ള ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവ‍ും ജോലിക്കാർക്ക‍ു സ‍ുരക്ഷ ഒര‍ുക്കണമെന്ന കലക്‌ടറ‍ുടെ നിർദേശവ‍ും പാലിക്കാൻ പൊലീസ് തയാറായില്ലെന്ന‍ു കമ്പനി മാനേജ‍്മെന്റ് പറഞ്ഞു.