Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണീർ തോരാതെ മരട് ; പിഞ്ചോമനകൾക്കു വിട

marad-adityan-mother കൊച്ചി മരടിൽ സ്കൂൾ വാൻ കുളത്തിലേക്കു മറിഞ്ഞു മരിച്ച ആദിത്യന്റെ മൃതദേഹത്തിൽ അന്ത്യചുംബനം അർപ്പിക്കുന്ന അമ്മ പ്രിയ. അച്ഛൻ ശ്രീജിത്ത് എസ് നായർ സമീപം. ചിത്രം: മനോരമ.

കൊച്ചി ∙ മരട് കാട്ടിത്തറ റോഡിൽ തിങ്കളാഴ്ച സ്കൂൾ വാൻ കുളത്തിലേക്കു മറിഞ്ഞു മുങ്ങിമരിച്ച യുകെജി വിദ്യാർഥികളായ ആദിത്യൻ (നാല്), വിദ്യാലക്ഷ്മി (നാല്), ആയ ലത ഉണ്ണി (38) എന്നിവർക്കു നാട് കണ്ണീരോടെ വിട നൽകി. വിദ്യാലക്ഷ്‍മിയ‍ുടെ മൃതദേഹം അമ്മ സ്മിജയുടെ വീടായ കോലഞ്ചേരി പട്ടിമറ്റം വലമ്പ‍ൂർ കോലാംക‍ുടി വിശ്വകർമ നഗർ അമ്പാട്ട‍ുപറമ്പിലെ വീട്ടുപറമ്പിൽ ഇന്നലെ രണ്ടു മണിയോടെ സംസ്‍കരിച്ച‍ു.  

ആലപ്പുഴ മുളക്കുഴയിലാണ് ആദിത്യന്റെ സംസ്കാരം നടന്നത്. ലത ഉണ്ണിയുടെ മൃതദേഹം ഇന്നലെ പന്ത്രണ്ടോടെ നെട്ടൂർ ശാന്തിവനത്തിൽ സംസ്കരിച്ചു. എല്ലായിടത്തും മഴ അവഗണിച്ച് ഒട്ടേറെ പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.

ലതാ ഉണ്ണിയുടെ ഇരട്ടമക്കളും എട്ടാം ക്ലാസ് വിദ്യാർഥിനികളുമായ ഐശ്വര്യ, ലക്ഷ്മി എന്നിവരുടെ വിദ്യാഭ്യാസച്ചെലവ് കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് എറ്റെടുത്തു. 

അപകടത്തിൽ പരുക്കേറ്റ കരോൾ (നാല്),  സ്കൂൾ വാൻ ഡ്രൈവർ അനിൽകുമാർ എന്നിവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്. കരോളിന്റെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

കേസ് അന്വേഷിക്കുന്ന സിറ്റി കൺട്രോൾ റൂം ഇൻസ്പെക്ടർ വൈ. നിസാമുദീന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ഇന്നലെ രാവിലെ സംഭവസ്ഥലം സന്ദർശിച്ചു തെളിവെടുത്തു. ഡ്രൈവർ അനിൽകുമാറിന്റെ ലൈസൻസ് റദ്ദാക്കാൻ നോട്ടിസ് നൽകിയതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. 

എറണാകുളം ജില്ലയിലെ മുഴുവൻ കിന്റർ ഗാർട്ടനുകളും ജൂലൈ 13നു മുൻപു സാമൂഹിക നീതി ഓഫിസിൽ റജിസ്റ്റർ ചെയ്യണമെന്നു കലക്ടർ മുഹമ്മദ് സഫിറുല്ല ഉത്തരവിട്ടു. പൊലീസും മോട്ടോർ വാഹനവകുപ്പും എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ സ്കൂൾ വാഹനങ്ങൾ വ്യാപകമായി പരിശോധിച്ചു. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.