Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രാർഥനകൾ വിഫല‌മായി; കുഞ്ഞു കരോൾ വിടചൊല്ലി

karol-death കരോൾ

മ​ര​ട് (കൊച്ചി) ∙ ഒരാഴ്ചയായി തുടരുന്ന നാടിന്റെ പ്രാർഥന വിഫലമാക്കി കുഞ്ഞു കരോൾ യാത്രയായി. മരടിൽ കഴിഞ്ഞ 11ന് വൈകിട്ട് 3.45നു സ്കൂ​ൾ വാ​ൻ കു​ള​ത്തി​ലേ​ക്കു മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആശുപത്രിയിൽ ചികിൽസയിലായിരുന്ന കരോളിന്റെ (നാല്) മരണം ഇന്നലെ ഉച്ചയ്ക്കു രണ്ടോടെയാണു സ്ഥിരീകരിച്ചത്. 

ഇതോടെ അപകടത്തിൽ മരിച്ചവർ നാലായി.    കരോളിന്റെ സംസ്കാരം ഇന്നു രാവിലെ പത്തിനു തൈക്കൂടം സെന്റ് റാഫേൽസ് പള്ളിയിൽ നടക്കും. 

എൽകെജി വിദ്യാർഥികളായ ആദിത്യൻ എസ്. നായർ (നാല്), വിദ്യാലക്ഷ്മി (നാല്), ആയ ലതാ ഉണ്ണി (38) എന്നിവർ സംഭവ ദിവസം  മരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കരോളിന്റെ ജീവൻ നിലനിർത്തിയത്. 

  ന്യൂസീലൻഡിൽ നഴ്സുമാരായ വൈറ്റില ജനത പാടത്തു ലെയ്ൻ വൻപുള്ളി വീട്ടിൽ ജോബി ജോർജിന്റെയും ജോമോളിന്റെയും മകളാണ് കരോൾ.  അഞ്ചു മാസം പ്രായമുള്ള കാർമലാണു സഹോദരി. പ​രുക്കേ​റ്റു ചി​കി​ൽസ​യി​ലാ​യി​രുന്ന ഡ്രൈ​വ​ർ അ​നിൽകു​മാ​ർ (45) ആ​ശു​പ​ത്രി വി​ട്ടപ്പോഴും കുഞ്ഞു കരോളിന്റെ ജീവിതം തുലാസിലായിരുന്നു. 

 ശ്വാ​സ​കോ​ശ​ത്തി​ൽ വെ​ള്ള​വും ചെ​ളി​യും ക​യ​റി​യ നി​ല​യി​ലാ​ണു ക​രോ​ളി​നെ ആ​ശു​പ​ത്രി​യിലാക്കിയത്. കുഞ്ഞു ചുമയ്ക്കാതിരുന്നതും ശ​രീ​രം പ്ര​തി​ക​രി​ക്കാ​​തിരുന്നതും ചി​കിൽസയ്ക്കു പ്രതിബന്ധമായി. എങ്കിലും പ്രതീക്ഷ കൈവിട്ടിരുന്നില്ല. 

  മരട് കി‍ഡ്സ് വേൾഡ് പ്ലേ സ്കൂളിലെ കുട്ടികളുമായി പോയ വാനാണ് കുളത്തിലേക്കു മറിഞ്ഞത്. എട്ടു കുട്ടികളും ആയയും ഡ്രൈവറുമായിരുന്നു വാനിൽ ഉണ്ടായിരുന്നത്. ഡ്രൈവറും നാട്ടുകാരും ചേർന്നു നടത്തിയ രക്ഷാപ്രവർത്തനത്തിൽ അ‍ഞ്ചു കുട്ടികളെ രക്ഷിച്ചു.  മുങ്ങിയ വാനിന്റെ പിൻവശത്തെ സീറ്റിൽ കുടുങ്ങിയ ആദിത്യൻ, വിദ്യാലക്ഷ്മി, കരോൾ എന്നിവരെയും ആയ ലതയെയും കരയിൽ എത്തിക്കുവാൻ അര മണിക്കൂറോളം എടുത്തു. 

 അതേസമയം, സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട ഡ്രൈവർ അനിൽകുമാറിന്റെ അറസ്റ്റ് ഇന്നുണ്ടാകും എന്നറിയുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇയാളെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അപകടമുണ്ടായ കുളത്തിനു സുരക്ഷാഭിത്തി ഇല്ലാത്തതിനെച്ചൊല്ലി ഏറെ പഴികേട്ട നഗരസഭാധികൃതർ കഴിഞ്ഞ ദിവസം ഭിത്തികെട്ടി.