Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊട്ടിയൂർ പീഡനക്കേസ്: വിചാരണ ഓഗസ്റ്റ് ഒന്നിന് തുടങ്ങും

തലശ്ശേരി ∙ കൊട്ടിയൂർ പീഡനക്കേസ് വിചാരണ ഓഗസ്റ്റ് ഒന്നിന് അഡീഷനൽ സെഷൻസ് കോടതി (ഒന്ന്)യിൽ ആരംഭിക്കും. കേസിലെ ഒന്നു മുതൽ 15 വരെ സാക്ഷികൾക്ക് സമൻസ് അയയ്ക്കാൻ കോടതി ഉത്തരവായി. 

16 വയസ്സുള്ള പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ ഫാ. റോബിൻ വടക്കുംചേരിക്ക് പുറമെ കുട്ടിയുടെ പ്രസവം നടന്ന കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരും അഡ്മിനിസ്ട്രേറ്ററും വയനാട് ചൈൽഡ് വെൽഫെയർ സമിതി മുൻ ചെയർമാൻ, അംഗം, വൈത്തിരി അനാഥാലയത്തിലെ സിസ്റ്റർ, കോൺവന്റിലെ അന്തേവാസികൾ എന്നിവരാണു പ്രതികൾ.

 കേസിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിടുതൽ ഹർജിയിൽ തീർപ്പാവുന്നതു വരെ വിചാരണ മാറ്റിവയ്ക്കണമെന്ന ഡോക്ടർമാരുടെയും അഡ്മിനിസ്ട്രേറ്ററുടെയും അപേക്ഷ കോടതി തള്ളി. മുഖ്യപ്രതിയായ ഫാ. റോബിൻ വടക്കുംചേരി ഉൾപ്പെടെ നാലു പ്രതികൾ ഇന്നലെ കോടതിയിൽ ഹാജരായിരുന്നു. 

 പീഡനത്തിനിരയായ പെൺകുട്ടി 2017 ഫെബ്രുവരി ഏഴിനാണ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിൽ പ്രസവിച്ചത്. സംഭവം മറച്ചുവച്ചുവെന്നതാണ് മറ്റുള്ളവർക്കെതിരെയുള്ള കേസ്. 

ഫെബ്രുവരി 26ന് ആണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. 28ന് അറസ്റ്റിലായ ഫാ. റോബിൻ വടക്കുംചേരി അന്നുമുതൽ ജയിലിലാണ്. മറ്റു പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.