Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിന്ദുവിന്റെ തിരോധാനം: പ്രധാന പ്രതി സെബാസ്റ്റ്യൻ കസ്റ്റഡിയിൽ

Sebastian ബിന്ദു തിരോധാനക്കേസിൽ പിടിയിലായ സെബാസ്റ്റ്യനെ ചോദ്യം ചെയ്യുന്നതിനായി പൊലീസിന്റെ ആലപ്പുഴയിലെ ആധുനിക ചോദ്യംചെയ്യൽ കേന്ദ്രത്തിലെത്തിച്ചപ്പോൾ.

ആലപ്പുഴ∙ ബിന്ദു പത്മനാഭൻ തിരോധാനക്കേസിലെ പ്രധാന പ്രതി സി.എം.സെബാസ്റ്റ്യൻ (59) പൊലീസ് കസ്റ്റഡിയിൽ. ഇന്നലെ രാവിലെ പത‍ിനൊന്നരയോടെ ക‍ീഴടങ്ങുന്നതിനായി എറണാകുളം മജിസ്ട്രേട്ട് കോടതിയിൽ എത്തിയതായിരുന്നു. കോടതിയിൽ കീഴടങ്ങാൻ കഴിയില്ലെന്നു മനസ്സിലാക്കി, പുറത്തേക്കിറങ്ങുന്നതിനിടെ ജില്ലാ ക്രൈം ബ്രാഞ്ച് എസി ബിജി ജോർജിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഷാഡോ പൊലീസിന്റെ പിടിയിലാകുകയായിരുന്നു. 

തെറ്റിധരിപ്പിക്കുന്നതിനായി അഭിഭാഷകരെപ്പോലെ വെള്ള ഉടുപ്പും കറുത്ത പാന്റ്സും ധരിച്ചു ബസിലെത്തിയ ഇയാൾ ബോട്ട് ജെട്ടിക്കു സമീപം ബസിറങ്ങിയ‍ാണു കോടതിയിലേക്കു നടന്നെത്തിയത്. ചേർത്തല സിഐ വി.പി.മോഹൻലാൽ കൊച്ചിയിലെത്തി സെബാസ്റ്റ്യനെ ഏറ്റുവാങ്ങി ആലപ്പുഴയിലെ ചോദ്യംചെയ്യൽ കേന്ദ്രത്തിലെത്തിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. 

കാണാതായ ബിന്ദു പത്മനാഭനെ കഴിഞ്ഞ സെപ്റ്റംബറിലാണു താൻ അവസാനമായി കണ്ടതെന്നു ചേർത്തല കെ.ആർ.പുരം സ്വദേശിയായ സെബാസ്റ്റ്യൻ പൊലീസിനു മൊഴി നൽകി. ബിന്ദു വിദേശത്തു മരിച്ചുവെന്നു സെബാസ്റ്റ്യൻ രണ്ടാം പ്രതി ടി.മിനിയോടു മുൻപു പറഞ്ഞിരുന്നു. രണ്ടു മൊഴികളും പൊലീസ് വിശ്വസിച്ചിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി സേലത്തു കൊണ്ടുപോയ രണ്ടാം പ്രതി ടി.മിനിയെ തിരികെയെത്തിച്ച് ഇന്നു പുലർച്ചെയോടെ ചോദ്യംചെയ്യൽ ആരംഭിച്ചിട്ടുണ്ട്.

ബിന്ദുവിന്റെ പേരിൽ വ്യാജ പവർ ഓഫ് അറ്റോർണി (മുക്ത്യാർ), അതിനു തിരിച്ചറിയൽ രേഖകളായി ഡ്രൈവിങ് ലൈസൻസ്, എസ്എസ്എൽസി ബുക്ക് എന്നിവ വ്യാജമായി തയാറാക്കിയതു താൻ തന്നെയെന്ന് ആദ്യഘട്ട ചോദ്യംചെയ്യലിൽ തന്നെ സെബാസ്റ്റ്യൻ സമ്മതിച്ചു. പൊലീസ് മുൻപു ചോദ്യംചെയ്യാൻ വിളിച്ചതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത ഓട്ടോറിക്ഷ ഡ്രൈവർ മനോജിനുമേൽ കുറ്റം കെട്ടിവയ്ക്കാൻ സെബാസ്റ്റ്യൻ ശ്രമിച്ചെങ്കിലും തുടർച്ചയായ ചോദ്യംചെയ്യലിൽ ഇതു പൊളിഞ്ഞു.

ഇന്നലെ രാത്രി എട്ടരയോടെ, ആധുനിക സംവിധാനങ്ങളുള്ള പ്രത്യേക കേന്ദ്രത്തിൽ പൊലീസ് ചോദ്യംചെയ്യൽ ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രന്റെ മേൽനോട്ടത്തിൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പി എ.നസ‍ീം, ചേർത്തല ഡിവൈഎസ്പി എ.ജി.ലാൽ എന്നിവരുടെ നേതൃത്വത്തിലാണു ചോദ്യംചെയ്യൽ പുരോഗമിക്കുന്നത്. സെബാസ്റ്റ്യൻ പറയുന്ന വിവരങ്ങൾ സ്ഥിരീകരിക്കുന്നതിന് ഇതുമായി ബന്ധപ്പെട്ട വ്യക്തികളെ വീണ്ടും ചോദ്യം ചെയ്യും.

ബിന്ദു തിരോധാനക്കേസിനു പുറമെ വ്യാജ മുക്ത്യാർ, വ്യാജ ഡ്രൈവിങ് ലൈസൻസ്, വ്യാജ എസ്എസ്എൽസി ബുക്ക് എന്നിവ തയാറാക്കിയതിനും അനധികൃത പണമിടപാടു നടത്തിയതിനും സെബാസ്റ്റ്യനെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഇതിൽ വ്യാജരേഖകൾ തയാറാക്കിയ കേസുകളിൽ പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

related stories