Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിന്ദുവിന്റെ തിരോധാനം: അന്വേഷണസംഘം സേലത്തേക്ക്; ദുരൂഹത ബാക്കി

Bindhu Padmanabhan

ആലപ്പുഴ∙ ചേര്‍ത്തലയില്‍ വ്യാജപ്രമാണമുണ്ടാക്കി കോടികളുടെ സ്വത്ത് തട്ടിയെടുത്ത കേസില്‍ അന്വേഷണസംഘം സേലത്തേക്ക് പോകുന്നു. ദുരൂഹമായി കാണാതാവുകയും സ്വത്ത് നഷ്ടപ്പെടുകയും െചയ്ത ബിന്ദു പത്മനാഭനെക്കുറിച്ച് ഒരു വിവരവും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. തട്ടിപ്പിനായി പ്രതികള്‍ ഉപയോഗിച്ച രേഖകളില്‍ ബിന്ദുവിന്റെ സേലത്തെ മേല്‍വിലാസമാണുള്ളത്. സ്വത്തു തട്ടിയെടുക്കാന്‍ പ്രതികള്‍ചേര്‍ന്നു ബിന്ദുവിനെ അപായപ്പെടുത്തിയിട്ടുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു.

2017 സെപ്റ്റംബറിലാണു ബിന്ദു പത്മനാഭ(47)നെ കാണാതായത്. വീട്ടുകാരുമായി അകൽച്ചയിലായിരുന്ന ബിന്ദു വല്ലപ്പോഴും മാത്രമേ വീട്ടിൽ എത്തിയിരുന്നുളളു.

ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സംഘം ഉൾപ്പെടെ മൂന്നു പൊലീസ് സംഘങ്ങളാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. ഇടപ്പള്ളിയിലെ വസ്തു വിൽപന നടത്തിയതു വ്യാജ മുക്ത്യാർ തയാറാക്കിയാണെന്നു കണ്ടെത്തിയിരുന്നു. ബിന്ദുവിന്റെ മറ്റു വസ്തുക്കൾ കൈമാറ്റം സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിനു ചേർത്തലയിലെയും സമീപപ്രദേശങ്ങളിലെയും ആറു സബ് റജിസ്ട്രാർ ഓഫിസുകളിൽ പൊലീസ് നോട്ടിസ് നൽകി.

ബിന്ദുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ ഉറ്റസുഹൃത്തിന്റെ മരണം പൊലീസിനെയും ഞെട്ടിച്ചു. ഇയാളെ ചോദ്യം ചെയ്താൽ ഒളിവിലുള്ള സെബാസ്റ്റ്യനെ കണ്ടെത്തുന്നതിനൊപ്പം കൂടുതൽ വിവരങ്ങളും ലഭിക്കുമെന്നു പൊലീസ് പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയിൽ ബിഗ്‌ഷോപ്പറിൽ നിറയെ നോട്ടുകളുമായി മനോജ് പോയിരുന്നു. അമ്മാവനു ലോട്ടറി അടിച്ച പണമാണെന്നാണു സുഹൃത്തുക്കളോടു പറഞ്ഞത്. സെബാസ്റ്റ്യന്റെ നാട്ടിലെ വിളിപ്പേരാണ് അമ്മാവൻ. വിവരം ലഭിച്ച പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ദിവസം രാവിലെ വീട്ടിൽ മനോജ് തൂങ്ങിമരിക്കുകയായിരുന്നു.

ബിന്ദു പത്മനാഭനെ കാണാനില്ലെന്നും ഇവരുടെ സ്വത്തുക്കൾ ആൾമാറാട്ടം നടത്തിയും വ്യാജരേഖ ചമച്ചും സ്വന്തമാക്കിയെന്നും കാണിച്ചു സഹോദരൻ നൽകിയ പരാതിയിലാണു പൊലീസ് അന്വേഷണം നടക്കുന്നത്. എറണാകുളത്തെ ചില സബ് റജിസ്ട്രാർ ഓഫിസുകളുടെ പരിധിയിലും ബിന്ദുവിനു വസ്തു ഉണ്ടായിരുന്നെന്ന സംശയത്തിലും അന്വേഷണം നടക്കുന്നുണ്ട്. ബിന്ദുവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്കായി ജില്ലയിലെ സഹകരണ ബാങ്കുകൾ ഉൾപ്പെടെ മുഴുവൻ ബാങ്കുകളോടും പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. പാസ്പോർട്ട് വിവരങ്ങൾ അറിയുന്നതിനു തിരുവനന്തപുരം, കൊച്ചി റീജനൽ ഓഫിസുകൾക്കൊപ്പം തമിഴ്നാട്ടിലെ അഞ്ച് ഓഫിസുകളിലും അന്വേഷണ സംഘം അപേക്ഷ നൽകി

related stories