Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വയംഭരണ കോളജ് ഭരണസമിതിയിൽ ഇനി പഞ്ചായത്ത് അംഗവും

തിരുവനന്തപുരം∙ സംസ്ഥാനത്തെ സ്വയംഭരണ കോളജുകളുടെ ഭരണസമിതിയിൽ ഗ്രാമപഞ്ചായത്ത്, നഗരസഭാ ജനപ്രതിനിധികളെ ഉൾപ്പെടുത്തണമെന്നും ഭരണസമിതിയിലും അക്കാദമിക് സമിതിയിലും കോളജ് യൂണിയൻ ചെയർമാനോ സെക്രട്ടറിക്കോ പ്രാതിനിധ്യം നൽകണമെന്നും ഉൾപ്പെടെ ശുപാർശകൾ അടങ്ങുന്ന റിപ്പോർട്ട് ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ഗവേണിങ് ബോഡി യോഗം അംഗീകരിച്ചു.

സ്വയംഭരണ കോളജുകളിൽ, അക്കാദമിക കാരണങ്ങളാൽ, കൂടിയ കാലം സേവനം അനുഷ്ഠിക്കാൻ അധ്യാപകർക്ക് അവസരം നൽകേണ്ടതാണെന്നു റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്ത് ഓപ്പൺ സർവകലാശാല സ്ഥാപിക്കുന്നതിനു തയാറാക്കിയ നടപടിക്രമവും മന്ത്രി സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ഗവേണിങ് ബോഡി യോഗം അംഗീകരിച്ചു. മറ്റു സർവകലാശാലകളുടെ കോഴ്സുകൾ, ബിരുദങ്ങൾ, പഠന മേഖല, ബിരുദങ്ങളുടെ പേരുകൾ തുടങ്ങിയവയുടെ തുല്യതയും അംഗീകാരവും സംബന്ധിച്ചു തയാറാക്കിയ റിപ്പോർട്ടും അംഗീകരിച്ചിട്ടുണ്ട്. മൂന്നു റിപ്പോർട്ടുകളും സർക്കാരിനു സമർപ്പിക്കും.

സർവകലാശാലകളിലെ ഇന്റർയൂണിവേഴ്സിറ്റി സെന്ററുകളെക്കുറിച്ചു പഠിച്ച കമ്മിറ്റിയുടെ ഇടക്കാല റിപ്പോർട്ടും അംഗീകരിച്ചു. സ്വയംഭരണ കോളജുകളുടെ ഗവേണിങ് കൗൺസിലിലെയും അക്കാദമിക് കൗൺസിലിലെയും അധ്യാപക പ്രതിനിധികളെ അംഗീകാരമുള്ള സ്ഥിരാധ്യാപകരിൽ നിന്നു തിരഞ്ഞെടുക്കണമെന്നു റിപ്പോർട്ടിൽ പറയുന്നു. വിദ്യാർഥികൾക്കായി പരാതി പരിഹാര സെൽ രൂപീകരിക്കണം. കാലിക്കറ്റ്്, കണ്ണൂർ, എംജി, കേരള സർവകലാശാലാ നിയമങ്ങൾ സ്വയംഭരണ കോളജുകൾക്കായി ഭേദഗതി ചെയ്തുവെങ്കിലും ചട്ടങ്ങൾ തയാറാക്കിയിട്ടില്ല. ഇത് അടിയന്തരമായി രൂപീകരിക്കണം.

യൂണിവേഴ്സിറ്റികളിൽ സ്വയംഭരണ കോളജുകളുമായി ബന്ധപ്പെട്ട അക്കാദമിക്–ഭരണതല പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക വിഭാഗം ആരംഭിക്കണം. സ്വയംഭരണ കോളജുകൾ യൂണിവേഴ്സിറ്റി ചട്ടങ്ങൾക്ക് അനുസൃതമായി സിലബസ് പരിഷ്കരിക്കണം. കോളജുകളുടെ ബോർഡ് ഓഫ് സ്റ്റഡീസുകൾക്കു സർവകലാശാലകളുടെ സിലബസിൽ 30% വരെ മാറ്റം വരുത്താം. എല്ലാ പഠന വിഷയങ്ങൾക്കും സ്വയംഭരണ കോളജുകൾ പ്രത്യേകം ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിച്ചു സർവകലാശാലകൾക്കു സമർപ്പിക്കണം.

സർവകലാശാലാ നിയമങ്ങളും ചട്ടങ്ങളും പാലിച്ചായിരിക്കണം സ്വയംഭരണ കോളജുകൾ പുതിയ കോഴ്സുകൾ ആരംഭിക്കേണ്ടത്. സ്വയംഭരണ കോളജിലെ സ്വാശ്രയ കോഴ്സിൽ പഠിപ്പിക്കുന്ന അധ്യാപകർക്കു യുജിസി നിഷ്കർഷിക്കുന്ന യോഗ്യത വേണം. എല്ലാ സ്വയംഭരണ കോളജുകളിലും പരീക്ഷാ കൺട്രോളറുടെ തസ്തിക സൃഷ്്ടിക്കണം. മതിയായ പരിചയമുള്ള മുതിർന്ന സ്ഥിര അധ്യാപകനെ വേണം ഇതിനായി നിയോഗിക്കാൻ. സർക്കാർ മേഖലയിലെ ഏക സ്വയംഭരണ കോളജായ മഹാരാജാസിലെ പ്രിൻസിപ്പലിനു ധനപരവും ഭരണപരവുമായ കൂടുതൽ അധികാരം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.