Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയിൽ വളപ്പിൽ സൗമ്യയുടെ തൂങ്ങിമരണം: നടക്കുന്നത് തണുപ്പൻ അന്വേഷണം

കണ്ണൂർ∙ പിണറായി കൂട്ടക്കൊലപാതകക്കേസിലെ പ്രതി സൗമ്യ ജയിൽവളപ്പിൽ തൂങ്ങിമരിച്ച സംഭവത്തിൽ ജയിൽ വകുപ്പിന്റെ തണുപ്പൻ അന്വേഷണം. ജീവനക്കാർക്കു വീഴ്ചയുണ്ടായോ എന്ന അന്വേഷണത്തിനു ജയിൽ വകുപ്പു മേധാവി ചുമതലപ്പെടുത്തിയ ഉത്തരമേഖലാ ജയിൽ ഡിഐജി ഇതുവരെ വനിതാ ജയിൽ സന്ദർശിച്ചിട്ടില്ല. തടവുകാരുടെ ക്ഷേമകാര്യങ്ങളുടെ ചുമതലയുള്ള റീജനൽ വെൽഫെയർ ഓഫിസർ മാത്രമാണ് എത്തിയത്.

സൗമ്യയുടെ തൂങ്ങിമരണം സംഭവിച്ച ദിവസം വനിതാജയിൽ സൂപ്രണ്ടും ഡപ്യൂട്ടി സൂപ്രണ്ടും അവധിയിലായിരുന്നു. ജയിലുകളിൽ സൂപ്രണ്ടും ഡപ്യൂട്ടി സൂപ്രണ്ടും ഒരേസമയം അവധിയെടുക്കരുതെന്നു നേരത്തേ നിർദേശമുണ്ട്. ചുമതല അസി. സൂപ്രണ്ടിനായിരുന്നു. അവർ ജയിലിലെത്തിയതാകട്ടെ, തൂങ്ങിമരണം സഹപ്രവർത്തകർ റിപ്പോർട്ട് ചെയ്തതിനു ശേഷം മാത്രമാണ്.

ശിക്ഷാതടവുകാരുള്ളപ്പോൾ റിമാൻഡ് തടവുകാരെ ജയിലിലെ ജോലിക്കു നിയോഗിക്കരുതെന്നു നിർദേശമുണ്ട്. എന്നാൽ, റിമാൻഡ് തടവുകാരിയായ സൗമ്യക്കു ജയിലിൽ ജോലി കൊടുത്തിരുന്നു. മൂന്നേക്കറിലധികം വിസ്തീർണമുള്ള ജയിൽവളപ്പിൽ യഥേഷ്ടം സഞ്ചരിക്കാൻ സൗമ്യക്കു കഴിഞ്ഞത് ഇക്കാരണത്താലാണ്.

കൊലപാതകങ്ങളിൽ ബാഹ്യശക്തികളുടെ ഇടപെടലുണ്ടെന്നു ബന്ധുക്കളും ചിലരുടെ നിർദേശങ്ങളുണ്ടായിരുന്നെന്നു സൗമ്യയും ഒരു ഘട്ടത്തിൽ പറഞ്ഞിരുന്നു. നിലവിൽ കേസിലെ ഏക പ്രതിയായ സൗമ്യയുടെ മരണം കേസ് തന്നെ ഇല്ലാതാക്കുകയും തുടരന്വേഷണം നിലയ്ക്കുകയും ചെയ്യുന്ന സാഹചര്യമാണുണ്ടായിരുന്നത്. സഹതടവുകാരിയുടെ സാരി കൈവശപ്പെടുത്തുക, മൂന്നേക്കറിലധികമുള്ള ജയിൽപറമ്പിന്റെ അറ്റത്തെത്തുക, ഉയരമുള്ള കശുമാവിൽ കയറുക, സാരി കൊണ്ടു കുരുക്കുണ്ടാക്കി തൂങ്ങുക– ഇത്രയും കാര്യങ്ങൾക്കായി ഏറ്റവും കുറഞ്ഞത് അരമണിക്കൂറെങ്കിലുമെടുക്കുമെന്നാണു പൊലീസ് നിഗമനം. അതിനർഥം അര മണിക്കൂർ ജയിൽ ജീവനക്കാർ ശ്രദ്ധിച്ചിട്ടേയില്ലെന്നാണ്.

ഒരേ ചുമതലയിൽ മൂന്നു വർഷത്തിലധികം ഒരാൾ ഇരിക്കാൻ പാടില്ലെന്നു ജയിൽ വകുപ്പു മേധാവിയുടെ സർക്കുലർ നിലവിലുള്ളപ്പോൾ, പത്തു വർഷമായി ഒരേ ഉദ്യോഗസ്ഥയാണു കണ്ണൂർ വനിതാ ജയിൽ സൂപ്രണ്ടിന്റെ കസേരയിലുള്ളത്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന സൗമ്യയുടെ മൃതദേഹം ജയിൽ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നു പയ്യാമ്പലം പൊതുശ്മശാനത്തിൽ സംസ്കരിക്കും. 

അതേസമയം, സൗമ്യ വനിതാ ജയിൽ വളപ്പിൽ തൂങ്ങിമരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജയിൽ അധികൃതർക്കെതിരെയാണു കേസ്. ജയിൽ ഡിജിപി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.

related stories