Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയിലിലെ ആത്മഹത്യ: മേലുദ്യോഗസ്ഥരെ രക്ഷിക്കാൻ ഉന്നത ഇടപെടൽ

soumya-from-police-station

കണ്ണൂർ∙ പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ വനിതാ ജയിലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉയർന്ന ഉദ്യോഗസ്ഥർക്കെതിരായ നടപടിയൊഴിവാക്കാൻ ജില്ലയിലെ ഇടത് എംഎൽഎയും ഭരണസിരാകേന്ദ്രത്തിൽ പിടിപാടുള്ള ഉന്നത നേതാവും ഇടപെട്ടതായി വിവരം. അസോസിയേഷന്റെ നേതാവ് വഴിയാണ് ഇടപെടൽ നടന്നതെന്നാണു സൂചന.

സസ്പെൻഷൻ, വകുപ്പുതല നടപടി എന്നിവയ്ക്കു ശുപാർശ ചെയ്യപ്പെട്ട ജയിൽ സൂപ്രണ്ടിനും വകുപ്പുതല നടപടിക്കു ശുപാർശ ചെയ്യപ്പെട്ട അസി. സൂപ്രണ്ടിനുമെതിരെ ഇനിയും നടപടിയെടുത്തിട്ടില്ല. ആത്മഹത്യ നടക്കുന്ന സമയം ഡ്യൂട്ടിയിൽ ഇല്ലാതിരുന്നവരെപ്പോലും തിരഞ്ഞുപിടിച്ചു സസ്പെൻഡ് ചെയ്തപ്പോഴാണു മേലുദ്യോഗസ്ഥരെ രക്ഷപ്പെടുത്താനുള്ള ഉന്നതതല നീക്കം.

ഗുരുതര വീഴ്ചയുണ്ടെന്നു ഡിഐജിയുടെ റിപ്പോർട്ടിൽ പരാമർശവിധേയരായവർക്കാണു സംരക്ഷണം. ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചു പിറ്റേന്നു തന്നെ മൂന്ന് അസി. പ്രിസൺ ഓഫിസർമാരെ ഡിജിപി സസ്പെൻഡ് ചെയ്തിരുന്നു. സൂപ്രണ്ട് പി.ശകുന്തളയെ സസ്പെൻഡ് ചെയ്യാ‍ൻ ആഭ്യന്തര വകുപ്പിനോടു ശുപാർശ ചെയ്തെന്നാണു ജയിൽ മേധാവി ആർ.ശ്രീലേഖ അറിയിച്ചിരുന്നത്.

എന്നാൽ, അഞ്ചു ദിവസം കഴിഞ്ഞിട്ടും ശുപാർശ നടപ്പായില്ല. സംഭവദിവസം ജയിലിന്റെ ചുമതലയുണ്ടായിരുന്ന അസി.സൂപ്രണ്ട് സി.സി.രമക്കെതിരെ വകുപ്പുതല നടപടികൾക്കാണു ശുപാർശയെന്നു ഡിജിപി അറിയിച്ചിരുന്നു. ഈ ശുപാർശ നടപ്പാക്കേണ്ടയാൾ ഡിജിപി തന്നെയാണ്. എന്നിട്ടും അസി. സൂപ്രണ്ടിനെതിരെയും നടപടിയില്ല.

related stories