Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രിമാർക്കു നേരെ കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ; ടി.പി. രാമകൃഷ്ണന്റെ വാഹനം തടഞ്ഞു

black-flag

ചവറ (കൊല്ലം)∙ ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ച സംസ്ഥാന സർക്കാർ തീരുമാനത്തിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രി ടി.പി.രാമകൃഷ്ണനെ വഴിയിൽ തടഞ്ഞു കരിങ്കൊടി കാട്ടി. മന്ത്രി തോമസ് ഐസക്കിനു നേരെയും പ്രവർത്തകർ കരിങ്കൊടി വീശി. ദേശീയപാതയിൽ നീണ്ടകര പരിമണം ജംക്‌ഷനു സമീപം ഇന്നലെ രണ്ടിനായിരുന്നു സംഭവം.

തൊഴിൽ വകുപ്പിനു കീഴിലുള്ള ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷനിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഇരുവരും ഒരേ സമയത്താണു കടന്നുവന്നത്. മുദ്രാവാക്യം മുഴക്കി കരിങ്കൊടിയുമായി രണ്ടു വാഹനങ്ങൾക്കും മുന്നിലായി പ്രവർത്തകർ പാഞ്ഞടുക്കുകയായിരുന്നു.

മന്ത്രി തോമസ് ഐസക്കിന്റെ വാഹനം പ്രതിഷേധക്കാർക്കിടയിലൂടെ മുന്നോട്ടു കടന്നുപോയി. എന്നാൽ പ്രതിഷേധക്കാർക്കിടയിൽ പെട്ടുപോയ മന്ത്രി ടി.പി.രാമകൃഷ്ണന്റെ വാഹനം തിരിച്ചുവിടേണ്ടിവന്നു. തുടർന്നു ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലെത്തിയ അദ്ദേഹം കൂടുതൽ പൊലീസ് എത്തിയ ശേഷമാണു ചടങ്ങു നടക്കുന്ന സ്ഥലത്ത് എത്തിയത്.

related stories