Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാമൂഴം: മഞ്ഞുരുകാതെ എംടി– ശ്രീകുമാർ മേനോൻ കൂടിക്കാഴ്ച

randamoozham-mohanlal എംടി വാസുദേവൻ നായർ, വി.എ.ശ്രീകുമാർ മേനോൻ (ഇടത്), മോഹൻലാൽ (വലത്)

കോഴിക്കോട∙ സിനിമാ തിരക്കഥക്കേസിൽ എം.ടി.വാസുദേവൻ നായരെ അനുനയിപ്പിക്കാൻ സംവിധായകൻ വി.എ.ശ്രീകുമാർ മേനോൻ പറന്നെത്തിയെങ്കിലും മഞ്ഞുരുകിയില്ല. എംടിയുടെ നോവലായ രണ്ടാമൂഴത്തിനെ ആസ്പദമാക്കി എഴുതി നൽകിയ, മലയാളത്തിലും ഇംഗ്ലിഷിലുമുള്ള തിരക്കഥകൾ തിരികെ ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ച സാഹചര്യത്തിലാണ്, ഇതു സിനിമയാക്കാൻ അവകാശം വാങ്ങിയിരുന്ന സംവിധായകൻ എംടിയെ കാണാൻ കോഴിക്കോട്ടെ വീട്ടിലെത്തിയത്. എംടിയുടെ വീട്ടിൽ ശ്രീകുമാർ മേനോൻ 20 മിനിറ്റ് ചെലവഴിച്ചെങ്കിലും എംടി ഒരു തരത്തിലും അയഞ്ഞില്ല. പ്രോജക്ടിന്റെ കാലതാമസത്തെക്കുറിച്ചു വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അതു കേൾക്കാൻ എംടി താൽപര്യം കാണിച്ചില്ലെന്നറിയുന്നു.

കരാർ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് തിരക്കഥ തിരിച്ചു നൽകാൻ എംടി ആവശ്യപ്പെട്ടതായാണറിയുന്നത്. തിരക്കഥയ്ക്കു പ്രതിഫലമായി നൽകിയ പണം തിരിച്ചുതരാമെന്നും എംടി പറഞ്ഞു. എംടി നൽകിയ തിരക്കഥ ഉപയോഗിക്കുന്നതിൽ നിന്നു സിനിമയുടെ നിർമാതാവിനെയും സംവിധായകനെയും കഴിഞ്ഞദിവസം കോഴിക്കോട് മുൻസിഫ് കോടതി വിലക്കിയിരുന്നു. നിർമാതാവിനും സംവിധായകനും നോട്ടിസ് അയച്ച കോടതി, കേസ് 25ലേക്കു മാറ്റിയിരിക്കയാണ്. 3 വർഷത്തിനകം ചിത്രീകരണം തുടങ്ങണമെന്ന കരാറി‍ൽ തിരക്കഥകൾ നൽകി, 4 വർഷം പിന്നിട്ടിട്ടും ചിത്രീകരണം തുടങ്ങാത്ത സാഹചര്യത്തിലാണ് എംടി കോടതിയെ സമീപിച്ചത്.

നേരത്തേ, സംവിധായകന് അയച്ച വക്കീൽ നോട്ടിസ് അവഗണിച്ചതും എംടിയെ ഈ പ്രോജക്ടിൽ നിന്നു പിൻമാറാൻ പ്രേരിപ്പിക്കുന്നുണ്ട്. മോഹൻലാൽ നായക വേഷത്തിലെത്തുമെന്നു പ്രഖ്യാപിച്ചിരുന്ന ഈ സിനിമ മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായിരിക്കുമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെട്ടിരുന്നു. പ്രവാസി വ്യവസായി ബി.ആർ.ഷെട്ടിയായിരുന്നു 1000 കോടി രൂപ മുടക്കി സിനിമ നിർമിക്കാൻ തീരുമാനിച്ചിരുന്നത്.