Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജി. രാമൻ നായർ ഉൾപ്പെടെ അഞ്ചു പ്രമുഖർ ബിജെപിയിൽ ചേർന്നു; അമിത്ഷാ ഷാൾ അണിയിച്ചു

madhavan-raman-pramila ജി. മാധവൻ നായർ, ജി. രാമൻ നായർ, ജെ. പ്രമീളാദേവി

തിരുവനന്തപുരം ∙ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ജി. രാമൻ നായർ ഉൾപ്പെടെ അഞ്ചു പ്രമുഖർ ബിജെപിയിൽ ചേർന്നു. ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ, വനിതാ കമ്മിഷൻ മുൻ അംഗം ജെ.പ്രമീളാദേവി, മലങ്കര സഭാംഗം സി. തോമസ് ജോൺ, ജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരൻ എന്നിവരാണ് പാർട്ടി അംഗത്വമെടുത്തത്.

ബിജെപി അധ്യക്ഷൻ അമിത്ഷാ ഇവരെ ഷാൾ അണിയിച്ച് സ്വാഗതം ചെയ്തു. ഉചിതമായ സ്ഥാനം നൽകുമെന്ന് അമിത് ഷാ രാമൻ നായർക്ക് ഉറപ്പുനൽകി. . ശബരിമല വിഷയം ഉയർത്തിപ്പിടിച്ചതിന്റെ പേരിലാണ് കോൺഗ്രസിൽ നിന്നും തനിക്കു ശിക്ഷയുണ്ടായതെന്നും ക്ഷേത്രവിഷയത്തിൽ ഉറച്ച നിലപാടുകളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം അമിത് ഷായെ അറിയിച്ചു. ശബരിമല സമരം കൂടുതൽ ശക്തമാക്കാൻ കേന്ദ്രത്തിന്റെ പിന്തുണയുണ്ടാകുമെന്ന് അമിത് ഷാ സംസ്ഥാന നേതാക്കൾക്ക് ഉറപ്പുനൽകി.

കാസർകോട് മുതൽ പമ്പ വരെ രഥയാത്ര നടത്താൻ സംസ്ഥാന നേതൃത്വം അനുമതി തേടിയിട്ടുണ്ട്. പന്തളത്തുനിന്നും തിരുവനന്തപുരത്തേക്കു നടത്തിയ ലോംങ് മാർച്ച് വലിയ വിജയമായെന്നു നേതാക്കൾ അറിയിച്ചു. എൻഡിഎയിലേക്ക് ജാനുവിനെ തിരിച്ചുകൊണ്ടുവരാനുള്ള സാധ്യതകൾ ദേശീയ അധ്യക്ഷൻ ആരാഞ്ഞു. ഘടകകക്ഷികളുടെ കൊഴിഞ്ഞുപോക്ക് പരമാവധി തടയണമെന്നാണു നിർദേശം. എസ്എൻഡിപിയെക്കൂടി ശബരിമല സമരത്തിൽ സജീവമായി പങ്കെടുപ്പിക്കണമെന്ന നിർദേശവും അമിത് ഷാ നൽകി.

വെള്ളാപ്പള്ളി നടേശനുമായി ചർച്ച തുടരണം. പന്തളം കൊട്ടാരം പ്രതിനിധികൾ, ശബരിമല കർമസമിതി നേതാക്കൾ, മുൻ ഡിജിപി ടി.പി. സെൻകുമാർ എന്നിവരും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ലോക്സസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെപ്പറ്റി പാർട്ടി സംസ്ഥാന പ്രസിഡന്റ് പിഎസ്. ശ്രീധരൻ പിള്ള, വി.മുരളീധരൻ എംപി, ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് എന്നിവരുമായി ചർച്ച നടത്തി. ഇന്നു രാവിലെ 9നു ഡൽഹിക്കു മടങ്ങും.