വരുമോ തിരഞ്ഞെടുപ്പ് മഹാമഹം?; ലോക്സഭയ്ക്കൊപ്പം തിരഞ്ഞെടുപ്പിന് 8 നിയമസഭകൾ

election-voting
SHARE

ന്യൂഡൽഹി ∙ ലോക്സഭയ്ക്കൊപ്പം 8 നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ്? മഹാരാഷ്ട്ര, ജാർഖണ്ഡ്, ഹരിയാന നിയമസഭകളെ നേരത്തെ പിരിച്ചുവിടാൻ ബിജെപി തയാറായാൽ ഈ സംസ്ഥാനങ്ങളിലും ഏപ്രിൽ – മേയിൽ തിരഞ്ഞെടുപ്പു നടക്കും. ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പിനു തയാറെന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ സൂചിപ്പിച്ചിട്ടുണ്ട്.

∙ ഇപ്പോൾ 4

ലോക്സഭയ്ക്കൊപ്പം, മേയ് – ജൂണിൽ ആന്ധ്ര, അരുണാചൽ പ്രദേശ്, ഒഡീഷ, സിക്കിം നിയമസഭകളുടെ കാലാവധി പൂർത്തിയാകും. ലോക്സഭയ്ക്കും ഈ സംസ്ഥാനങ്ങൾക്കുമൊപ്പം നാലിടത്തുകൂടി തിരഞ്ഞെടുപ്പു നടത്താൻ തങ്ങൾ തയാറെന്നാണ് തിരഞ്ഞെടുപ്പു കമ്മിഷൻ പറയുന്നത്. ജമ്മു കശ്മീരിൽ നിയമസഭ നിലവിലില്ല. അതിനാൽ, നടപടികൾ തുടങ്ങാൻ കമ്മിഷനു തടസ്സമില്ല.

എന്നാൽ, മഹാരാഷ്ട്ര, ഹരിയാന നിയമസഭകളുടെ കാലാവധി നവംബറിലാണ് പൂർത്തിയാവുക, ജാർഖണ്ഡിലേത് അടുത്ത ജനുവരിയിലും. കാലാവധി പൂർത്തിയാകാൻ 6 മാസമുള്ളപ്പോൾ മാത്രമാണ് തിരഞ്ഞെടുപ്പു നടപടി തുടങ്ങാൻ കമ്മിഷന് അധികാരം. അതിനാൽ, ഇപ്പോൾ തിരഞ്ഞെടുപ്പു നടക്കണമെങ്കിൽ 3 നിയമസഭകളും മുൻകൂട്ടി പിരിച്ചുവിടാൻ തീരുമാനിക്കണം.

∙ ചില പാർട്ടികൾ തയാർ

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഹരിയാനയിലും തിരഞ്ഞെടുപ്പുണ്ടാകാമെന്ന വിലയിരുത്തലിൽ കോൺഗ്രസ് നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ ലോക്സഭയ്ക്കൊപ്പം നിയമസഭാ തിരഞ്ഞെടുപ്പു വേണമെന്നാണ് പിണക്കത്തിനിടയിലും ബിജെപിയോടു ശിവസേന ആവശ്യപ്പെടുന്നത്. അത് അംഗീകരിച്ചാൽ സേനയെ ഇണക്കാനായേക്കുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.

2014 ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്, എൻസിപി സഖ്യമില്ലായിരുന്നു. അത് തനിച്ചു നിൽക്കാൻ ബിജെപിക്കും ധൈര്യം നൽകി, 122 സീറ്റും ലഭിച്ചു. എന്നാൽ, ഇപ്പോൾ കോൺഗ്രസ് – എൻസിപി സഖ്യം, കേന്ദ്രത്തിലും സംസ്ഥാനത്തുമുണ്ടാകാവുന്ന ഭരണവിരുദ്ധ വികാരം തുടങ്ങിയവ കണക്കിലെടുക്കുമ്പോൾ ബിജെപിക്കു പഴയ ധൈര്യമില്ല.

∙ സർക്കാർ തന്ത്രം മാറി

ലോക്സഭയിലേക്കും 11 നിയമസഭകളിലേക്കും തിരഞ്ഞെടുപ്പെന്ന ആശയമാണ് സർക്കാർ കഴിഞ്ഞ വർഷം സജീവമാക്കിയത്. ലോക്സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പെന്ന വിശാല ആശയത്തിന്റെ ഭാഗമായിരുന്നു അത്. അന്നത്തെ 11ൽ പെട്ട തെലങ്കാന, മിസോറം, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ കഴിഞ്ഞ വർഷംതന്നെ തിരഞ്ഞെടുപ്പു നടന്നു.

ആന്ധ്ര, അരുണാചൽ, സിക്കിം, ഒഡീഷ, മഹാരാഷ്ട്ര, ഹരിയാന എന്നിവയാണ് അവശേഷിച്ചത്. അതിലേക്കാണ് ഇപ്പോൾ ജാർഖണ്ഡും ജമ്മു കശ്മീരും കൂടിച്ചേർന്ന് പട്ടികയിൽ 8 സംസ്ഥാനങ്ങളാവുന്നത്.

∙ നിയമസഭ അംഗബലം

ആന്ധ്ര – 175

ഹരിയാന – 60

ജമ്മു കശ്മീർ – 89

ജാർഖണ്ഡ് – 82

മഹാരാഷ്ട്ര – 289

ഒഡീഷ – 147

സിക്കിം – 32

(8 സംസ്ഥാനങ്ങളിലുമായി 117 ലോക്സഭാ സീറ്റുകൾ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA