Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിയമം മാറിനിൽക്കും, കുഞ്ഞനന്തനു മുന്നിൽ; ഒന്നിച്ചു 40 ദിവസം പരോൾ, ആകെ പരോൾ ദിനം 384

P.K. Kunhanandan പി.കെ.കുഞ്ഞനന്തൻ

തിരുവനന്തപുരം ∙ ഭരിക്കുന്നവരുടെ വേണ്ടപ്പെട്ടവർക്കു മുന്നിൽ നിയമവും ചട്ടങ്ങളും വീണ്ടും വീണ്ടും വഴിമാറി നിൽക്കും! ടി.പി.ചന്ദ്രശേഖരൻ കൊലക്കേസിൽ ശിക്ഷ വാങ്ങി ജയിലിൽ കഴിയുന്ന സിപിഎം നേതാവ് പി.കെ.കുഞ്ഞനന്തനു സർക്കാർ വീണ്ടും പരോൾ കാലാവധി നീട്ടി നൽകി. ആദ്യം 10 ദിവസത്തെ പരോളിനു വീട്ടിലേക്കുപോയ കുഞ്ഞനന്തനു 15 ദിവസം കൂടി പരോൾ നീട്ടി നൽകിയ സർക്കാർ ഇപ്പോൾ വീണ്ടും 15 ദിവസം കൂടി വീട്ടിലിരിക്കാൻ അനുമതി നൽകി.

കുഞ്ഞനന്തനു വീട്ടിലിരിക്കാൻ ഇക്കുറി മാത്രം സർക്കാർ കനിഞ്ഞു നൽ‌കിയത് ആകെ 40 ദിവസങ്ങൾ‌. ഇതോടെ 2014 ജനുവരിയിൽ‌ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന്റെ പരോൾ ജീവിതം 384 ദിവസമായി. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയേണ്ട കുഞ്ഞനന്തനെ ചട്ടങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു വീട്ടിലിരിക്കാൻ അവസരമൊരുക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം നിയമസഭയിലടക്കം ഉയർന്നെങ്കിലും സർക്കാരിന് ഒരു കുലുക്കവുമില്ല. ഒട്ടേറെ തടവുകാരുടെ പരോൾ അപേക്ഷ തീരുമാനത്തിനായി കെട്ടിക്കിടക്കുമ്പോഴാണു പാർട്ടിയും സർക്കാരും ഇടപെട്ട് കുഞ്ഞനന്തനായി തടവറ പതിവായി തുറന്നിടുന്നത്.

കുഞ്ഞനന്തന്റെ അപേക്ഷ കണക്കിലെടുത്തു സെപ്റ്റംബർ 21നാണു ജയിൽ വകുപ്പ് 10 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്. വീട്ടിലെത്തിയ കുഞ്ഞനന്തൻ പരോൾ നീട്ടിക്കിട്ടണമെന്ന് ആവശ്യപ്പെട്ടതോടെ 15 ദിവസം കൂടി അനുവദിച്ച് ഉത്തരവിറക്കി. അതും മതിയാകാത്തതിനാൽ കഴിഞ്ഞ ആറിന് വീണ്ടും അപേക്ഷ നൽകി. അതു കിട്ടേണ്ട താമസം 15 ദിവസം കൂടി അടിയന്തര അവധി അനുവദിച്ചു, കഴിഞ്ഞ 16നു വീണ്ടും ഉത്തരവിറക്കി. ഇൗ മാസം അവസാനത്തോടെ കുഞ്ഞനന്തൻ വീണ്ടും അപേക്ഷ നൽകിയാൽ ഇനിയും അവധി അനുവദിക്കാൻ കാത്തിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പ്.

related stories