Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രൂപ്പുപോര് രൂക്ഷം; യൂത്ത് കോൺഗ്രസ് പത്രികാ സമർപ്പണം നീട്ടണമെന്ന് പാർട്ടി

youth-congress-logo

തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനുളള നാമനിർദേശ പത്രികാ സ്വീകരണം മാറ്റിവയ്ക്കണമെന്നു കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. ആറു മാസത്തിനു ശേഷം മാത്രം തിരഞ്ഞെടുപ്പ് നടത്താനിരിക്കെ അതിനായി ഇപ്പോഴേ പത്രിക സ്വീകരിക്കുന്നതു വിചിത്രമാണെന്ന നിലപാടാണു പാർട്ടിയുടേത്. പത്രിക സ്വീകരിച്ചാൽ ഇനി ആറു മാസം വാശിയോടെ അതിലേക്കു കേന്ദ്രീകരിക്കുന്ന സ്ഥിതിയുണ്ടാകും. അതു ലോക്സഭാ തിരഞ്ഞെടുപ്പ് തയാറെടുപ്പിനെത്തന്നെ ബാധിക്കുമെന്ന് എ–ഐ വിഭാഗങ്ങൾ വിലയിരുത്തുന്നു.

പൊതുതിരഞ്ഞെടുപ്പിനു തയാറാകേണ്ട സമയത്തു യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു തന്നെ അമർഷത്തിനു കാരണമായിരുന്നു. അങ്ങനെയാണ് അംഗത്വ വിതരണം മാത്രം ഇപ്പോൾ മതിയെന്നും തിരഞ്ഞെടുപ്പു നീട്ടാമെന്നും തീരുമാനിച്ചത്. എന്നാൽ തിരഞ്ഞെടുപ്പു നീട്ടിയ യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം നാമനിർദേശ പത്രികാ സ്വീകരണം മാറ്റിവച്ചില്ല. നിലവിലെ ഷെഡ്യൂൾ പ്രകാരം ഈ മാസം 11,12,13 തീയതികളിൽ പത്രിക സ്വീകരിക്കും. മറ്റൊരു സംസ്ഥാനത്തും കാണാത്ത വാശിയോടെയാണു കേരളത്തിൽ യൂത്ത് കോൺഗ്രസിന്റെ അംഗത്വ വിതരണത്തിനു വ്യാഴാഴ്ച തിരശീല വീണത്. ഓൺലൈനിലൂടെ ആറു ലക്ഷത്തിലേറെപ്പേർ സജീവാംഗങ്ങളായി. ഒരു സജീവാംഗം നാലുപേരെ ചേർക്കണമെന്നതിനാൽ 30 ലക്ഷത്തോളം പേർ പ്രാഥമികാംഗങ്ങളായെന്നാണു വയ്പ്.

കേരളത്തിൽ 18–35 പ്രായപരിധിയിലെ യുവാക്കളിൽ 30 ലക്ഷം പേർ യൂത്ത് കോൺഗ്രസിൽ അംഗങ്ങളായെന്ന അവിശ്വസനീയമായ കണക്കാണ് ഉരുത്തിരിയുന്നത്. മേൽക്കൈ കിട്ടാൻ എ–ഐ വിഭാഗങ്ങൾ വാശിക്ക് ആളെ ചേർത്തതിൽ എത്ര പേർ യഥാർഥ അംഗങ്ങളാണെന്ന് അവർക്കു തന്നെ രൂപമില്ല. ആറു ലക്ഷം പേർ അംഗങ്ങളാകുമ്പോൾ അഞ്ചുകോടി രൂപ ഫീസ് ഇനത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിനു ലഭിക്കും. 75 രൂപയാണ് അംഗത്വഫീസ്. ഈ വാശി നിലനിൽക്കുമ്പോൾ പത്രിക സ്വീകരിച്ചാൽ ഇനിയുള്ള ആറു മാസവും ഗ്രൂപ്പ് പോരായിരിക്കുമെന്ന് ഇരുവിഭാഗവും ഭയക്കുന്നു. അതിനാൽ പത്രികാ സമർപ്പണം നീട്ടിവച്ചു നിലവിലുള്ള കമ്മിറ്റി തൽക്കാലം തുടരുകയെന്ന നിർദേശമാണു നേതാക്കളുടേത്.

നേതൃത്വത്തിലേക്കു ഗ്രൂപ്പുകൾ കണ്ടുവച്ച ചിലർക്കു പ്രായപരിധി കടക്കുമെന്നു കണ്ടാണു പത്രികകൾ ഇപ്പോൾ സ്വീകരിക്കാൻ സമ്മർദമെന്നും വാദിക്കുന്നവരുണ്ട്. നിലവിൽ അംഗമായ ആർക്കും മത്സരിക്കാമെന്ന തീരുമാനം വന്നാൽ ഇതിനു പ്രതിവിധിയാകുമല്ലോയെന്നാണു വിശദീകരണം.

related stories