Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാരിന് നിഷേധാത്മക സമീപനം: കാതോലിക്കാ ബാവാ

ദുബായ്∙ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ സർക്കാരിനു നിഷേധാത്മക നയവും യാക്കോബായ സഭയോടു മൃദുസമീപനവുമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. ഭരണകൂടത്തിനു പല ലക്ഷ്യങ്ങളുമുണ്ടാകാം. നീതിനിർവഹണം മാത്രമാണു സർക്കാരിൽ നിന്ന് ആവശ്യപ്പെടുന്നതെന്നും പിറവം പള്ളിയിലെ സംഭവം പരാമർശിച്ച് അദ്ദേഹം പറഞ്ഞു. 

വിശ്വാസികളെ ഭയപ്പെടുത്തി കോടതിവിധിയെ എതിർക്കുന്നതു കടുത്തനീതി നിഷേധമാണ്. ഓർത്തഡോക്സ് സഭ ഇതുവരെ അക്രമത്തിനോ കൊലപാതകത്തിനോ പ്രേരിപ്പിച്ചിട്ടില്ല. കോടതി വിധികൾ സ്വീകാര്യമല്ലെന്നു പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ അരാജകത്വത്തിനാണു ശ്രമിക്കുന്നത്. സമൂഹത്തിൽ ലഹളയോ കൊലപാതകമോ ഉണ്ടായാൽ നേരിടാൻ ജനാധിപത്യ സംവിധാനത്തിൽ മാർഗമുണ്ട്. ഞങ്ങൾ അതിൽ വിശ്വസിക്കുന്നു. സഭയിലെ രണ്ടുപേർക്കു ജീവൻ നഷ്ടപ്പെട്ടത് ഉൾപ്പൈട ദുഃഖകരമായ പല സംഭവങ്ങളും ഉണ്ടായി. 

പതിറ്റാണ്ടുകൾ നീണ്ട നിയമപോരാട്ടത്തിൽ മനംമാറ്റം വരാത്തവരുമായി കോടതിവിധി വന്നശേഷം ഐക്യചർച്ച നടത്തുന്നതിൽ അർഥമില്ലെന്നും ബാവാ പറഞ്ഞു. ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സുവർണജൂബിലി ആഘോഷ സമാപനത്തിൽ പങ്കെടുക്കാൻ എത്തിയതാണ്.