Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി ശക്തിപ്പെടുമ്പോൾ ദുർബലമാകുന്നത് യുഡിഎഫ് : സിഎംപി

തിരുവനന്തപുരം ∙ സംസ്‌ഥാനത്ത് ബിജെപിയുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണി ശക്തി പ്രാപിക്കുമ്പോൾ യുഡിഎഫ് ആണു കൂടുതൽ ദുർബലമാകുന്നതെന്നു സിഎംപി. നാളെ എറണാകുളത്തു തുടങ്ങാൻ പോകുന്ന സിഎംപി പാർട്ടി കോൺഗ്രസിൽ രാഷ്ട്രീയ പ്രമേയമായി ഇത് അവതരിപ്പിക്കും. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടിങ് ശതമാനവും മുന്നണികൾ നേടിയ സീറ്റും കണക്കിലെടുത്താൽ ഇക്കാര്യം വ്യക്തമാകും. ബിജെപി ശക്തമാകുമ്പോൾ നഷ്ടം യുഡിഎഫിനാണെന്ന വസ്തുത കണക്കിലെടുത്താണു സിപിഎം ബിജെപിയെ ശക്തിപ്പെടുത്തുന്ന രാഷ്ട്രീയം പ്രോൽസാഹിപ്പിക്കുന്നതെന്നു സിഎംപി ജനറൽ സെക്രട്ടറി സി.പി.ജോൺ പറഞ്ഞു. 

കേരളത്തിൽ ജനാധിപത്യ ചേരിയെ ദുർ‍ബലമാക്കി ബിജെപിയെപ്പോലെ വർഗീയ ഫാഷിസം അടിത്തറയാക്കിയ കക്ഷിയെ വളർത്താനുള്ള സിപിഎമ്മിന്റെ ശ്രമം അപകടകരമായിരിക്കും.

ശബരിമല പ്രശ്നത്തിൽ രാഷ്ട്രീയ ജാഗ്രതയില്ലാതെയാണു സിപിഎമ്മും സംസ്ഥാന സർക്കാരും ഇടപെട്ടത്. ബന്ധപ്പെട്ട എല്ലാവരോടും സൗമ്യമായി ഇടപെട്ടു ചർച്ച നടത്തിയിരുന്നെങ്കിൽ പ്രശ്നം ഇത്രയും വഷളാവില്ലായിരുന്നു. സിഎംപി അംഗങ്ങൾക്കു മതവിശ്വാസം നിഷേധിച്ചിട്ടില്ല. പക്ഷേ മാർക്സിയൻ പ്രപഞ്ച വീക്ഷണം ഉൾക്കൊള്ളാൻ പാർട്ടി അംഗങ്ങളും അതു പഠിപ്പിക്കാൻ പാർട്ടിയും തയാറാകണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.