Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാർകോഴക്കേസ്: സ്പെഷൽ പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്നു കെ.പി.സതീശനെ മാറ്റി

K.M. Mani കെ.എം.മാണി

തിരുവനന്തപുരം∙ ബാർ‍ കോഴക്കേസിൽ മുൻധനമന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കുന്നതിന് എതിരെയുള്ള ഹർജി പരിഗണിക്കുന്നതു തിരുവനന്തപുരം വിജിലൻസ് കോടതി ജൂൺ ആറിലേയ്ക്കു മാറ്റി. മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് പരിഗണിക്കുന്നതിനിടെ വിജിലൻസ് കോടതിയിൽ സ്പെഷൽ പ്രോസിക്യൂട്ടറും വിജിലൻസ് അഭിഭാഷകനും തമ്മിൽ തർക്കമുണ്ടായി. വിജിലൻസിനു വേണ്ടി ആരു ഹാജരാകുമെന്നതായിരുന്നു വിഷയം. കോടതി പിരിഞ്ഞതിനുപിന്നാലെ ബാർ കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ സ്ഥാനത്തിനുനിന്നു കെ.പി.സതീശനെ സർക്കാർ മാറ്റി. തർക്കം കോടതി നടപടി അൽപനേരം തടസ്സപ്പെടുത്തി.

അതേസമയം വിജിലൻസ് റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ടു വി.എസ്.അച്യുതാനന്ദൻ അടക്കം ആറുപേർ തടസ ഹർജി നൽകി. മുൻപ് ഇതേ ഹർജി നൽകിയിരുന്ന എൽഡിഎഫ് കൺവീനർ വൈക്കം വിശ്വനും മന്ത്രി വി.എസ്.സുനിൽകുമാറും ഇക്കുറി നൽകിയില്ല. കോടതിക്കും പുറത്തുമുണ്ടായതു നാടകീയ സംഭവങ്ങളായിരുന്നു. മാണിക്കു ക്ലിൻചിറ്റു നൽകുന്ന റിപ്പോർട്ടു പരിഗണിച്ചയുടനെ സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരായതിനെ എതിർത്തു വിജിലൻസ് അഭിഭാഷകനും മാണിയുടെ അഭിഭാഷകനും രംഗത്തെത്തി. വിജിലൻസ് കോടതിയിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചതായി സർക്കാർ അറിയിപ്പു നൽകിയിട്ടില്ലെന്നു വിജിലൻസ് അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഹൈക്കോടതിയിൽ മാത്രമാണു സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ഹാജരാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വിജിലൻസ് അഭിഭാഷകനു നിയമം അറിയാത്തതു കൊണ്ടാണ് എതിർക്കുന്നതെന്നും ബാർ കോഴയുമായി ബന്ധപ്പെട്ട എല്ലാ കേസിലും ഹാജരാകാൻ തനിക്കവകാശമുണ്ടെന്നുമായിരുന്നു സതീശന്റെ വാദം. സ്പെഷ്യൽ പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്നു സതീശനെ മാറ്റണമെന്നു മാണിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോൾ ഇതു പറയാൻ പ്രതിയുടെ അഭിഭാഷകനു എന്തവകാശമെന്നും സ്പെഷൽ പ്രോസിക്യൂട്ടർ ഹാജരായാൽ ആകാശം ഇടിഞ്ഞു വീഴുമോയെന്നും കോടതി ചോദിച്ചു. വിഷയത്തിൽ സർക്കാർ നിലപാട് അറിയിക്കാൻ കോടതി പറഞ്ഞു.

തുടർന്നു മാണിയെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ടു വി.എസ്.അച്യുതാനന്ദൻ, ബാറുടമ ബിജു രമേശ്, ബിജെപി നേതാവ് വി.മുരളീധരൻ, പി.െക.രാജു, സിപിഐയുടെ അഭിഭാഷക സംഘടന തുടങ്ങി ആറു പേർ ആക്ഷേപം ഫയൽ ചെയ്‌തു. എന്നാൽ കൃഷി മന്ത്രി വിഎസ്.സുനിൽകുമാർ, എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ എന്നിവർ ഹാജരായില്ല. ഇവർക്കു കോടതി നോട്ടീസ് അയച്ചു. കേസ് ജൂൺ ആറിനു വീണ്ടും പരിഗണിക്കും.

കോടതി നടപടി തീർന്നതിനു പിന്നാലെ കെ.പി.സതീശനെ മാറ്റിക്കൊണ്ടുള്ള സർക്കാർ തീരുമാനവുമുണ്ടായി. കെ.പി.സതീശന്റെ നിലപാടിനെതിരെ വിജിലൻസ് ഡയറക്ടർ എൻ.സി.അസ്താന ആഭ്യന്തര സെക്രട്ടറിക്കു പരാതി നൽകിയിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെയായിരുന്നു സതീശന്റെ നിയമനം. ബാർ കോഴ കേസിൽ മാണിക്കെതിരെ ശക്തമായ തെളിവുണ്ടെന്നു സതീശൻ മാധ്യമങ്ങളോടു പറഞ്ഞു.

യുഡിഫ് ഭരണ കാലത്തു രണ്ടു പ്രാവശ്യമാണു മാണിയെ കുറ്റവിമുക്തനാക്കി അന്നത്തെ വിജിലൻസ് എസ്പി ആർ.സുകേശൻ കോടതിയിൽ റിപ്പോർട്ട് നൽകിയത്. അതു കോടതി തള്ളിയിരുന്നു. ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ബാർ കോഴ കേസിൽ മൂന്നാമതും അന്വേഷണത്തിന് ഉത്തരവിട്ടു. 2017 ഓഗസ്റ്റിൽ പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ശ്യാംകുമാർ വീണ്ടും അന്വേഷണം തുടങ്ങി. അതിനു ശേഷം തെളിവില്ലെന്ന കാരണത്താൽ അന്വേഷണം അവസാനിപ്പിക്കുന്നതായി വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. ഹൈക്കോടതിയെയും ഇക്കാര്യം അറിയിച്ചു. കെ.എം.മാണി ബാർ ഉടമകളിൽനിന്ന് ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. പൂട്ടിയ 48 ബാറുകൾ തുറക്കാൻ മാണി അഞ്ചു കോടി ആവശ്യപ്പെട്ടെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം.