Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവനക്കാർ മക്കളെപ്പോലെ, താൻ പിതാവും കെഎസ്ആർടിസി മാതാവും: തച്ചങ്കരി

tomin-thachankary എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ജിവനക്കാരുമായി സംസാരിക്കുന്ന എംഡി ടോമിൻ തച്ചങ്കേരി. ചിത്രം: ജിൻസ് മൈക്കിൾ.

കൊച്ചി∙ കെഎസ്ആർടിസിയിലെ നാൽപത്തയ്യായിരത്തോളം വരുന്ന തൊഴിലാളികൾ തന്റെ മക്കളെപ്പോലെയാണെന്നു സിഎംഡി ടോമിൻ ജെ. തച്ചങ്കരി. താൻ തൊഴിലാളികളുടെ പിതാവും കെഎസ്ആർടിസി മാതാവുമാണ്. അനർഹമായ ആനുകൂല്യങ്ങൾ പറ്റുന്ന ജീവനക്കാർ അവരുടെ മാതാവിനെ രോഗിയാക്കുകയാണെന്ന് ഓർക്കണമെന്ന് എറണാകുളം കെഎസ്ആർടിസി ഡിപ്പോയിൽ ‘ഗാരിജ് പ്രസംഗ’ത്തിൽ തച്ചങ്കരി പറഞ്ഞു.

കെഎസ്ആർടിസി ലാഭത്തിലാക്കണമെന്ന് ആരും തന്നോടു നിർദേശിച്ചിട്ടില്ല. മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലുമല്ല. എന്നാൽ, സ്ഥാപനത്തെ രക്ഷപ്പെടുത്താൻ എന്തുചെയ്യാനും ഒരുക്കമാണ്. ജോലി ചെയ്യുന്നവർക്കും ചെയ്യാത്തവർക്കും ഒരുപോലെ ശമ്പളം എന്ന സ്ഥിതി നടക്കില്ല. കെഎസ്ആർടിസി ഉണ്ടാക്കിയതു തൊഴിലാളികൾക്കു വേണ്ടിയല്ല, യാത്രക്കാർക്കു വേണ്ടിയാണ്. അസുഖമുണ്ടെന്ന പേരിൽ ഇവിടെ പലർക്കും ലളിതമായ ഡ്യൂട്ടിയിടുന്ന രീതിയുണ്ടായിരുന്നു. അതു നിർത്തലാക്കി. കയ്യും കാലും ഹൃദയവും ഇല്ലാത്തവർക്കു വേണ്ടിയുള്ളതല്ല കെഎസ്ആർടിസി. ആരോഗ്യമുള്ളവരാണ് ഇവിടെ ജോലി ചെയ്യേണ്ടത്. ലോകത്തെ എല്ലാ ദുഃഖങ്ങളും മാറ്റാൻ കെഎസ്ആർടിസിക്കു കഴിയില്ല.

സ്ഥാപനത്തിനു വിരുദ്ധമായ കാര്യങ്ങൾ ചെയ്തിട്ട്, ഞങ്ങൾ ഇങ്ങനെയായിരുന്നു എന്നു പറഞ്ഞാൽ അത് അനുവദിക്കാനാകില്ല. തൊഴിൽ സംസ്കാരത്തിൽ മാറ്റം വരുത്തണം. യാത്രക്കാരോടു നന്നായി പെരുമാറാൻ കഴിയണം. യാത്രക്കാരനോട് ഒരു വനിതാ കണ്ടക്ടർ ഹൗ ആർ യൂ എന്നു ചോദിച്ചാൽ പിറ്റേന്നും അയാൾ ആ കെഎസ്ആർടിസി ബസിൽ തന്നെ കയറുമെന്നും തമാശരൂപേണ തച്ചങ്കരി പറഞ്ഞു.

പ്രശ്നങ്ങൾ പഠിക്കാൻ ഓരോ ദിവസവും കെഎസ്ആർടിസിയിലെ ഓരോ ജോലി വീതം ചെയ്യാൻ താൻ തീരുമാനിച്ചിട്ടുണ്ട്. ഡ്രൈവറായും കണ്ടക്ടറായും മെക്കാനിക്കായും ജോലി ചെയ്യും. ലാഭകരമായ റൂട്ടിൽ മാത്രമേ കെഎസ്ആർടിസി ബസ് ഓടിക്കൂ. ജനപ്രതിനിധികൾ ആവശ്യപ്പെട്ടാലും ഡീസൽ കാശും ഡ്രൈവർ ബാറ്റയുമെങ്കിലും കിട്ടാതെ ബസ് നൽകില്ല. ഫ്ലെക്സി നിരക്ക് ഏർപ്പെടുത്താനുള്ള അനുവാദം സർക്കാരിനോടു ചോദിക്കും.

ഈ സ്ഥാപനത്തെ രക്ഷപ്പെടുത്താൻ കഴിഞ്ഞാൽ മാതൃസ്ഥാപനത്തിലേക്കു തിരിച്ചുപോകുമെന്നും അവിടെ ചില ഓഫറുകളുണ്ടെന്നും തച്ചങ്കരി പറഞ്ഞു. ജയ് കേരള, ജയ് ജയ് കെഎസ്ആർടിസി മുദ്രാവാക്യവും വിളിപ്പിച്ചാണു തച്ചങ്കരി പ്രസംഗം അവസാനിപ്പിച്ചത്.

related stories