Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വഖഫ് ട്രൈബ്യൂണല്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

Pinarayi-Vijayan മുഖ്യമന്ത്രി പിണറായി വിജയൻ.

കോഴിക്കോട് ∙ വഖഫ് ട്രൈബ്യൂണല്‍ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. സര്‍ക്കാര്‍ കഴിഞ്ഞ മാര്‍ച്ച് 12ന് പ്രസിദ്ധീകരിച്ച ജിഒ (പി) നമ്പര്‍ 12/2018 ആര്‍ഡി നോട്ടിഫിക്കേഷന്‍ പ്രകാരം കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ അംഗങ്ങളായി നിയമിക്കപ്പെട്ടവര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ എതിര്‍ചേരിയില്‍ പ്രവര്‍ത്തിക്കുന്നവരും അവരുടെ പോഷക സംഘടനകളുടെ പ്രധാന ഭാരവാഹികളുമാണെന്നും നിയമനം പുനഃപരിശോധിക്കണമെന്നും  മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സമസ്ത നേതാക്കള്‍ ആവശ്യപ്പെട്ടു.

9808 മദ്രസകള്‍, ഏഴായിരത്തോളം മഹല്ലുകള്‍, മറ്റ് ഒട്ടേറെ സ്ഥാപനങ്ങള്‍ എന്നിവയ്ക്കു നേതൃത്വം നല്‍കിവരുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേരളത്തിലെ ഏറ്റവും വലിയ പണ്ഡിത സഭ ആണെന്നിരിക്കെ, മുസ്‌ലിം സമുദായത്തിലെ ന്യൂനപക്ഷ വിഭാഗത്തെ മാത്രം പ്രതിനിധീകരിക്കുന്ന വിഭാഗത്തിന്റെ പ്രതിനിധികളെ മാത്രം വഖഫ് ട്രൈബ്യൂണലായി നിയമിക്കുന്നതു നീതി നിഷേധവും പക്ഷപാതപരമായ സമീപനവും ഉണ്ടാവുമെന്നു നേതാക്കൾ ധരിപ്പിച്ചു.

അതിനാൽ നിയമനം പുനഃപരിശോധിക്കണമെന്നും നിഷ്പക്ഷമായി തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അനുയോജ്യരായ നിയമ വിദഗ്ധരെ വഖഫ് ട്രൈബ്യൂണലായി നിയമിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. അനുഭാവപൂര്‍വം പരിഗണിക്കാമെന്നു മുഖ്യമന്ത്രി നേതാക്കള്‍ക്ക് ഉറപ്പു നല്‍കി.