Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വഖഫ് സ്വത്തുകൾ ഉപയോഗപ്പെടുത്താൻ കേന്ദ്രപദ്ധതി

ന്യൂഡൽഹി∙ വഖഫ് സ്വത്തുകൾ സാമൂഹിക പുരോഗതിക്കായി ഉപയോഗപ്പെടുത്താൻ കേന്ദ്രസർക്കാർ മുൻകയ്യെടുക്കുന്നു. വഖഫുകൾക്കു കീഴിലെ ഭൂമി ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന മുത്തവല്ലികൾക്ക് (ട്രസ്റ്റ് രക്ഷാധികാരി) സമ്മാനം അടക്കമുള്ളവ പ്രഖ്യാപിച്ചു പദ്ധതി ലക്ഷ്യത്തിലെത്തിക്കാനാണു ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ശ്രമം. ന്യൂനപക്ഷ മേഖലകളിൽ അടിസ്ഥാനസൗകര്യ വികസനം ഉറപ്പാക്കുന്ന പ്രധാൻമന്ത്രി ജൻ വികാസ് കാര്യക്രം (പിഎംജെവികെ) പദ്ധതിയുടെ സഹായത്തോടെയാണു വികസന പദ്ധതികൾ നടപ്പാക്കുക.

പിഎംജെവികെ പദ്ധതിയിലേക്കു കേരളത്തിലെ ഏതാണ്ട് എല്ലാ ജില്ലകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്കൂളുകൾ, കോളജുകൾ, ഐടിഐകൾ, നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ, ആശുപത്രികൾ, വാണിജ്യകേന്ദ്രങ്ങൾ തുടങ്ങിയവയ്ക്കാണു മുൻഗണന. രാജ്യത്ത് 5.71 ലക്ഷം റജിസ്ട്രേഡ് വഖഫ് ഭൂമിയുണ്ടെന്നാണു കണക്ക്. പെൺകുട്ടികളുടെ ശാക്തീകരണത്തിനു മുൻഗണന നൽകുന്ന പദ്ധതികൾ രൂപീകരിക്കുന്ന വഖഫുകളെ പ്രോൽസാഹിപ്പിക്കുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.