Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതികൾ കുറ്റസമ്മതം നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്; പൊലീസ് മർദിച്ചെന്ന് ഒന്നാം പ്രതി

Latvian-Lady-Murder-Convicts പ്രതിളെ കോടതിയിൽ ഹാജരാക്കിയപ്പോൾ

തിരുവനന്തപുരം∙ കോവളത്ത് വിദേശവനിതയെ ലഹരിമരുന്നു നല്‍കി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതികൾ കുറ്റസമ്മതം നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഉമേഷാണു കൊലപ്പെടുത്തിയത്. പ്രതികളുമായി വീണ്ടും തെളിവെടുപ്പു നടത്തണമെന്നു പൊലീസ് ആവശ്യപ്പെട്ടു. വിദേശവനിതയുടെ ചെരുപ്പും അടിവസ്ത്രവും കണ്ടെത്താനാണിത്.

അതിനിടെ, പ്രതികളെ ഈ മാസം 17 വരെ പൊലീസ് കസ്റ്റഡിയില്‍വിട്ടു. പ്രതികളായ ഉമേഷ്, ഉദയന്‍ എന്നിവരെ ഉച്ചയോടെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി. കേസില്‍ പങ്കില്ലെന്നും പൊലീസ് മര്‍ദിച്ചെന്നും ഒന്നാം പ്രതി ഉമേഷ് കോടിയില്‍ മൊഴി നല്‍കി. അന്യായമായി തടങ്കലില്‍വച്ചു പൊലീസ് മര്‍ദിച്ചതായി ആരോപിച്ചു പ്രതികളുടെ ബന്ധുക്കളും കോടതിവളപ്പില്‍ പ്രതിഷേധിച്ചു. പ്രതികളെ ഹാജരാക്കുന്നതു റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ തടയാനും അഭിഭാഷകരുടെ ഭാഗത്തുനിന്നു ശ്രമമുണ്ടായി

കണ്ടൽക്കാട് പീഡനങ്ങളുടെ കേന്ദ്രം

വിദേശവനിതയുടെ കൊലപാതകത്തിലെ പ്രതികള്‍ നേരത്തെയും കണ്ടല്‍ക്കാട്ടിലെത്തിച്ചു സ്ത്രീകളെ പീഡിപ്പിച്ചതായി അന്വേഷണസംഘത്തിനു തെളിവു ലഭിച്ചു. ഇത് അന്വേഷിക്കാനായി പ്രത്യേക കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചു.

വിദേശവനിതയെ കണ്ടല്‍ക്കാട്ടിലെത്തിച്ചു ലഹരിമരുന്ന് നല്‍കി ബോധം കെടുത്തി പീഡിപ്പിച്ച ശേഷമാണു കൊന്നതെന്നാണു അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. കേസിലെ പ്രതികളായ ഉമേഷും ഉദയനും ഇതിനു മുന്‍പും ഇതേ കാട്ടിലെത്തിച്ചു സ്ത്രീകളെ പീ‍ഡിപ്പിച്ചതായാണ് അന്വേഷണത്തിനിടെ പൊലീസിനു ലഭിച്ചിരിക്കുന്ന സൂചന. എട്ടു സ്ത്രീകള്‍ ഇവര്‍ക്ക് ഇരകളായെന്നാണു കണ്ടെത്തല്‍. എല്ലാവരും കോവളത്തും പരിസരത്തുമുള്ളവരാണ്. എന്നാല്‍ ഭീഷണി ഭയന്ന് ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ പുതിയ കേസെടുത്ത് അന്വേഷിക്കാനാണു പൊലീസിന്റെ ആലോചന.

വിദേശ വനിതയുടെ മൃതദേഹം 37 ദിവസത്തോളം കണ്ടല്‍ക്കാട്ടില്‍ കിടന്നിരുന്നു. ഈ ദിവസങ്ങളില്‍ ഉമേഷിന്റെയും ഉദയന്റെയും സുഹൃത്തുക്കളായ മൂന്ന് പേര്‍ കൂടി ഈ കാട്ടിലെത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്. അവര്‍ക്കു കൊലപാതകത്തെക്കുറിച്ച് അറിവുണ്ടോയെന്നും അന്വേഷിക്കും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകുമെന്നാണു പൊലീസിന്റെ പ്രതീക്ഷ.