Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻജിനീയറിങ് എൻട്രൻസ്: 58,268 പേർക്ക് ബിടെക്കിന് യോഗ്യത

Engineering

തിരുവനന്തപുരം ∙ ഈ വർഷത്തെ എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ രണ്ടു പേപ്പറും എഴുതിയ 90,233 വിദ്യാർഥികളിൽ 58,268 പേർ  ബിടെക് പ്രവേശനത്തിനു യോഗ്യത നേടി. ഫാർമസി പ്രവേശന പരീക്ഷ എഴുതിയ 64,795 പേരിൽ  47,974 പേരാണ് യോഗ്യത നേടിയത്. പ്രവേശന പരീക്ഷയിൽ വിദ്യാര്‍ഥികൾക്കു ലഭിച്ച സ്കോർ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എൻജിനീയറിങ് പ്രവേശന പരീക്ഷയെഴുതിയ വിദ്യാർഥികളുടെ ഹയർ സെക്കൻഡറി മാർക്കു കൂടി ചേർത്തു സമീകരിച്ച റാങ്ക് പട്ടിക ജൂൺ മൂന്നാം വാരം പ്രസിദ്ധീകരിക്കും. 

പ്രോസ്പെക്ടസിലെ വ്യവസ്ഥ അനുസരിച്ച് ഇൻഡക്സ് മാർക്കിന്റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന ഫാർമസി റാങ്ക് പട്ടികയും ജൂൺ മൂന്നാം വാരം പ്രസിദ്ധീകരിക്കുന്നതാണ്. പ്രവേശന പരീക്ഷയുടെ ഒന്നാം പേപ്പർ എഴുതിയവരെയാണ് ഫാർമസി പ്രവേശനത്തിനു പരിഗണിക്കുന്നത്. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം കൂടി വന്നാലുടൻ എൻജിനീയറിങ് പ്രവേശനത്തിനു മാർക്ക് അപ്‌ലോഡ് ചെയ്യുന്നതിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കും.

എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ച ശേഷം രണ്ടു പേപ്പറും എഴുതാത്തവരെയും ഒരു പേപ്പറിനു കുറഞ്ഞതു 10 മാർക്ക് എങ്കിലും നേടാത്തവരെയും എൻജിനീയറിങ് പ്രവേശന പരീക്ഷയിൽനിന്ന് അയോഗ്യരാക്കി. പ്രവേശന പരീക്ഷയുടെ ഒന്നാം പേപ്പറിന്റെ സ്കോറിൽ നിന്ന് പ്രോസ്പെക്ടസ് പ്രകാരം ഇൻഡക്സ് മാർക്ക് കണക്കാക്കുമ്പോൾ  480 മാർക്കിൽ 10 എങ്കിലും നേടാത്തവരെ ഫാർമസി വിഭാഗത്തിലും അയോഗ്യരാക്കിയിട്ടുണ്ട്. പട്ടിക വിഭാഗ വിദ്യാർഥികൾക്കു മിനിമം മാർക്ക് വ്യവസ്ഥ ബാധകമല്ല.

വിവിധ കാരണങ്ങളാൽ 1772 വിദ്യാർഥികളുടെ പ്രവേശന പരീക്ഷാഫലം തടഞ്ഞു വച്ചിരിക്കുകയാണ്. തടയാനുള്ള കാരണം പരിഹരിക്കുന്ന മുറയ്ക്ക് ഇതു പ്രസിദ്ധീകരിക്കും. എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക ഏപ്രിൽ 24നു പ്രസിദ്ധീകരിച്ചിരുന്നു. ഇതു സംബന്ധിച്ച പരാതികൾ വിദഗ്ധ സമിതി പരിശോധിച്ച് ആവശ്യമായ ഭേദഗതി വരുത്തിയ ശേഷമാണ് മൂല്യനിർണയം നടത്തി എൻജിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. വിശദാംശങ്ങൾ പ്രവേശന പരീക്ഷാ കമ്മിഷണറുടെ  വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്. 

ചോദ്യങ്ങൾ മൂല്യനിർണയത്തിൽ നിന്ന് ഒഴിവാക്കി

എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ ആദ്യത്തെ പേപ്പറിലെ അഞ്ചു ചോദ്യങ്ങളുടെ  ഉത്തരം വിദഗ്ധ സമിതി പരിശോധിച്ച ശേഷം മാറ്റി. രണ്ടാമത്തെ പേപ്പറിലെ ആറു ചോദ്യങ്ങൾ മൂല്യനിർണയത്തിൽ നിന്ന് ഒഴിവാക്കി. 

എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക ഏപ്രിൽ 24നു പ്രസിദ്ധീകരിച്ചിരുന്നു. ഇതു സംബന്ധിച്ച പരാതികൾ വിദഗ്ധ സമിതി പരിശോധിച്ച് ആവശ്യമായ ഭേദഗതി വരുത്തിയ ശേഷമാണ് മൂല്യനിർണയം നടത്തി  ഫലം പ്രസിദ്ധീകരിച്ചത്. ഇതനുസരിച്ച്  പ്രവേശന പരീക്ഷയുടെ ഒന്നാം പേപ്പറായ ഫിസിക്സ്, കെമിസ്ട്രിയിൽ അഞ്ചു ചോദ്യങ്ങളുടെ ഉത്തരത്തിൽ മാറ്റമുണ്ട്.

രണ്ടാം പേപ്പറായ കണക്കിന്റെ ആറു ചോദ്യങ്ങൾ മൂല്യനിർണയത്തിൽ നിന്ന് ഒഴിവാക്കി. ശേഷിച്ച 114 ചോദ്യങ്ങളാണ് മൂല്യനിർണയത്തിനു പരിഗണിച്ചത്. ഓരോ വെർഷനിലെയും ഏതൊക്കെ ചോദ്യങ്ങളുടെ ഉത്തരമാണ് മാറിയതെന്നും ഏതൊക്കെ ചോദ്യങ്ങളാണ് ഒഴിവാക്കിയതെന്നുമുള്ള വിശദാംശങ്ങൾ പ്രവേശന പരീക്ഷാ കമ്മിഷണറുടെ  വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.