Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാവേരിയിൽ കലങ്ങി ‘കാലാ’; റിലീസ് അനുവദിക്കില്ലെന്നു കർണാടക

Kaala-Rajinikanth രജനീകാന്ത് ‘കാലാ’യിൽ (വിഡിയോ ദൃശ്യം)

ചെന്നൈ∙ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രം ‘കാലാ’ സംസ്ഥാനത്തു റിലീസ് ചെയ്യില്ലെന്നു കർണാടക ഫിലിം ചേംബേഴ്സ് ഓഫ് കൊമേഴ്സ് (കെഎഫ്സിസി). കാവേരി നദീജല തർക്കത്തില്‍ രജനീകാന്തിന്റെ പരാമർശത്തിൽ പ്രതിഷേധിച്ചാണു സിനിമയ്ക്കു വിലക്ക്. സുപ്രീംകോടതി വിധി പ്രകാരം തമിഴ്നാടിന് അർഹതപ്പെട്ട വെള്ളം വിട്ടുനൽകാൻ കർണാടക തയാറാകണമെന്നായിരുന്നു രജനീകാന്തിന്റെ ആവശ്യം.

സിനിമയ്ക്കുള്ള വിലക്ക് സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്സ് ഇടപെട്ടു പരിഹരിക്കുമെന്നാണു കരുതുന്നതെന്ന് രജനീകാന്ത് പ്രതികരിച്ചു. തൂത്തുക്കുടി വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദർശിക്കുന്നതിനു മുന്നോടിയായിട്ടായിരുന്നു രജനിയുടെ പ്രതികരണം. കർണാടകയില്‍ ഏതു സർക്കാർ അധികാരത്തിൽ വന്നാലും സുപ്രീംകോടതി വിധി നടപ്പാക്കി തമിഴ്നാടിനു വെള്ളം അനുവദിക്കണമെന്ന പരാമർശമാണു കർണാടകത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

‘കാലാ’ വിതരണത്തിനെടുക്കില്ലെന്നും സംസ്ഥാനത്തെ ഒരു തിയേറ്ററിലും പ്രദർശിപ്പിക്കില്ലെന്നും ചേംബര്‍ ഓഫ് കൊമേഴ്സ് വ്യക്തമാക്കി. ജൂൺ ഏഴിനാണു റിലീസ് നിശ്ചയിച്ചിരിക്കുന്നത്. അതിനു ശേഷവും വിലക്ക് തുടരും. എന്നാൽ പ്രശ്നത്തിൽ താൻ നേരിട്ട് ഇടപെടാതെ സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രശ്നം പരിഹരിക്കുമെന്നാണു കരുതുന്നതെന്നു രജനീകാന്ത് വ്യക്തമാക്കി.

കാവേരി പ്രശ്നത്തിൽ എന്തെങ്കിലും അഭിപ്രായം പറയും മുൻപു കൃഷ്ണരാജ സാഗർ അണക്കെട്ടിന്റെ അവസ്ഥയൊന്നു വന്നു കാണണമെന്നു കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രജനിയോട് ആവശ്യപ്പെട്ടിരുന്നു. കർണാടകയിലെ ഒട്ടേറെ സംഘടനകളും രജനിയുടെ കാവേരി പരാമർശത്തിനെതിരെ രംഗത്തു വന്നിരുന്നു.

related stories