Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കാലാ’യെ കാത്ത് തമിഴ് മണ്ണിലെ കറുത്ത മക്കള്‍; രജനി ‘രാഷ്ട്രീയം’ പറയുമോ?

Kaala poster കാലാ ചിത്രത്തിന്റെ പോസ്റ്റർ

"നിലം, നീർ എങ്കൾ ഉരിമൈ, പോരാടുവോം....
എങ്കൾ വറുമയൈ ഒഴിയ പോരാടുവോം "...

മണ്ണിനും വെള്ളത്തിനും വേണ്ടി, വറുതിയില്ലാത്ത കാലത്തിനു വേണ്ടി, പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന ആക്രോശത്തോടെയാണ് രജനീകാന്തിന്റെ 'കാലാ'യുടെ ട്രെയിലർ തീരുന്നത്.

"പോരാട്ടങ്ങൾ" (സമരങ്ങൾ) തമിഴ്നാടിനെ ശവപ്പറമ്പാക്കുമെന്ന്, സമരങ്ങളെ പുരട്ച്ചി തലൈവി ചെയ്ത പോൽ ഉരുക്കു കൈകളാൽ അടിച്ചമർത്തണമെന്ന്, ദിവസങ്ങൾക്കു മുൻപു തൂത്തുക്കുടിയിൽ ക്ഷോഭത്തോടെ പ്രഖ്യാപിച്ച രജനീകാന്ത് 'കാലാ' എന്ന കരികാലനായി വ്യാഴാഴ്ച തിയറ്ററുകളിലെത്തുമ്പോൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നതു തമിഴ്തിരയിലെ എക്കാലത്തെയും ഒരേ ഒരു സൂപ്പർസ്റ്റാറിന്റെ ആരാധകരല്ല, തമിഴ് മണ്ണിലെ കറുത്ത മക്കളാണ്.

Click Here: ‘കാല’ ആദ്യ ദിനം സൗജന്യമായി കാണാൻ മനോരമ ഓൺലൈൻ അവസരമൊരുക്കുന്നു

മണ്ണിനും കുടിനീരിനും, വറുതിയില്ലാത്ത കാലത്തിനും വേണ്ടി പോരാടുന്നവർ. വിഷം കലരാത്ത മണ്ണിനും വെള്ളത്തിനും വേണ്ടി സമരം ചെയ്ത 13 കറുത്ത മക്കളെ ചുട്ടുകൊന്ന് തൂത്തുക്കുടിയെ ചുടുകാടാക്കിയ ഭരണകൂടത്തോടു രജനീകാന്തിന് ഇനിയെന്താണു പറയാനുള്ളതെന്നു തമിഴ്മക്കൾ ഇപ്പോൾ ആകാംക്ഷപ്പെടുന്നുണ്ടാവില്ല. അവർക്കു കേൾക്കേണ്ടതു രജനിയെയല്ല, രഞ്‌ജിത്തിനെയാണ്; അംബേദ്കറെ അടിമുടി ഉൾവഹിക്കുന്ന, 'കബാലി'യെന്ന രാഷ്ട്രീയ പ്രഖ്യാപനത്തിലൂടെ കോളിവുഡിന്റെ സവർണ്ണ രസനകളെ "അശുദ്ധപ്പെടുത്തിയ" സംവിധായകൻ പാ.രഞ്ജിത്തിനെ.

Kaala poster കാലാ ചിത്രത്തിന്റെ പോസ്റ്റർ

'കാലാ'യിലെ കരികാലനിൽ നിങ്ങൾക്കെന്റെ രാഷ്ട്രീയം കാണാം എന്ന രഞ്ജിത്തിന്റെ വാക്കുകളിൽ അവർക്കു പ്രതീക്ഷകളുണ്ട്. "രഞ്ജിത്ത്, കബാലി നിന്റെ മാത്രം പടമായിരുന്നു. കാലാ എന്റെയും പടമാണ്" എന്ന് ഓഡിയോ ലോഞ്ച് ചടങ്ങിൽ രജനി പറഞ്ഞത് അവരെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച രജനിയുടെ ജനപ്രിയതയുടെ പുതിയ സ്കെയിൽ അറിയാൻ തമിഴ്നാട്ടിലെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും 'കാലാ'യിലേക്ക് ഉറ്റുനോക്കുന്നുണ്ട്.

കബാലി ഡാ....

'കബാലി' കൊട്ടകകളെ പുളകം കൊള്ളിച്ചില്ല. അടിമുടി 'രജനിരസം' ഞരമ്പിൽ നിറച്ച കൊടുംരസികർകൾ നിരാശരായി കൊട്ടക വിട്ടിറങ്ങുന്നത് ആദ്യ ഷോയിൽ തന്നെ കണ്ടു. (സൂപ്പർ സ്റ്റാറിനെ അടയാളപ്പെടുത്തുന്ന ടൈറ്റിൽ കാർഡിൽനിന്നേ തുടങ്ങിയിരുന്നു ആ നിരാശ. super star എന്ന രണ്ടു വാക്കുകൾക്കിടയിലൂടെ R - A- J- N - I എന്ന് അഞ്ചക്ഷരങ്ങൾ ഒന്നിനു പിന്നിൽ ഒന്നായി ത്രിമാനഭാവത്തിൽ സ്ക്രീനിൽനിന്നു സദസ്സിലേക്ക് ഒഴുകിയിറങ്ങുന്ന ആ നിമിഷങ്ങളിലാണു രജനിരസികർ അവരുടെ രസയാത്ര തുടങ്ങുന്നത്, 'അണ്ണാമലൈ' മുതലെങ്കിലും. 'കബാലി'യുടെ ടൈറ്റിൽ കാർഡിൽ പാ.രഞ്ജിത്ത് ആ കാഴ്ചാശീലം തച്ചുടച്ചു കൊണ്ടാണു തുടങ്ങിയത്. ട്രെയിലറും ടീസറും വിശ്വസിക്കാമെങ്കിൽ 'കാലാ'യിലും).

മാടമ്പി പരമ്പരയുടെ പൈതൃകം പൊങ്ങച്ചമായ് എടുത്തണിഞ്ഞ നായകനായിരുന്നില്ല കബാലി. അയാൾ നായികയെ പുച്ഛിച്ചും പരിഹസിച്ചും പഞ്ച് ഡയലോഗിനാൽ പരുവപ്പെടുത്തിയും 'ഉത്തമപത്തിനി'യാക്കിയില്ല. "അളവുക്കു മീതെ കോപപ്പട്ട പൊമ്പള' നന്നായി ജീവിച്ച ചരിത്രമേ ഇല്ല എന്ന് ഉദ്ബോധിപ്പിച്ച് ആൺകയ്യടിക്കു ശ്രമിച്ചില്ല. ഇരുപതോ ഇരട്ടിയോ വില്ലന്മാരെ ഒറ്റയ്ക്കുനിന്നു ജയിക്കുന്നവൻ തന്നെയെങ്കിലും അയാൾ സ്ത്രീകളോട് ഔദാര്യമല്ലാത്ത ആദരവോടെയും സൗജന്യമല്ലാത്ത സമതയോടെയും ഇടപെട്ടു. അതീവ സന്ദിഗ്ധമായൊരു അപായവേളയിൽ ഒരു കൗമാരക്കാരിയുടെ കൈമെയ് വിരുതിനാൽ ജീവൻ രക്ഷിക്കപ്പെട്ടവനായി (ഒരു ശരാശരി രജനിരസികന് സഹിക്കാവുന്നതിലുമപ്പുറമാണത്).

സ്ക്രീൻ തൊടും മുൻപേ മാർക്കറ്റിങ് - മാനേജ്മെന്റ് മികവിനാൽ മുതലും പല മടങ്ങു ലാഭവും കൊയ്തെങ്കിലും തിയറ്റർ പിരിവിൽ 'കബാലി' ശരാശരിയിലോ അതിൽ താഴെയോ ആയി ഒതുങ്ങി. ലക്ഷണമൊത്ത രജനിപ്പടമായിരുന്നില്ല 'കബാലി'. രജനി തന്നെ പിന്നീടു പറഞ്ഞതു പോലെ, 'കബാലി'യിൽ രജനീകാന്ത് അത്ര കുറച്ചു മാത്രമേ ഉണ്ടായിരുന്നുള്ളൂ. കറുപ്പിന്റെയും കീഴാളതയുടെയും രാഷ്ട്രീയത്തിൽ പക്ഷെ, രജനിയുടെ എക്കാലത്തെയും ക്ലാസിക് പടമായി 'കബാലി'. കീഴടങ്ങാനൊരുക്കമല്ലാത്ത ദലിതമനുഷ്യനായിരുന്നു കബാലി. അയാൾ അംബേദ്കറിൽനിന്നു സ്വീകരിച്ച കറുത്ത കോട്ട് പോലും അതിന്റെ രാഷ്ട്രീയം കൃത്യമായി പറഞ്ഞു വച്ചു.

kaala-poster കാലാ ചിത്രത്തിന്റെ പോസ്റ്റർ

"ഏയ് കബാലീ എന്നു വിളിക്കുന്ന നമ്പ്യാരുടെ മുൻപിൽ, 'പറഞ്ഞാലും യശ്മാ' എന്നു കുനിഞ്ഞു കുമ്പിടുന്ന പഴയ തമിഴ് പടങ്ങളിലെ കബാലിയല്ല ഞാൻ, കബാലിഡാ... " എന്നു സ്വയം പരിചയപ്പെടുത്തി യജമാനവംശത്തെ അലോസരപ്പെടുത്തി. അതിമാനുഷനായപ്പോഴും കബാലി അമാനുഷനായിരുന്നില്ല. അന്ന് അവിടെ അവളുണ്ടായിരുന്നില്ലെങ്കിൽ കൊല്ലപ്പെടുമായിരുന്ന മനുഷ്യൻ. അയാൾ വിജയശ്രീലാളിതനായി പല്ലാണ്ടുകാലം ജീവിക്കുകയുണ്ടായില്ലെന്ന സൂചന തരുന്നുണ്ട് ക്ളൈമാക്സിലെ ആ നിഗൂഢമായ വെടിയൊച്ച. അങ്ങനെ പല പല നിദാനങ്ങളാൽ കബാലി രഞ്ജിത്തിന്റെ മാത്രം പടമായിരുന്നു, കണിശമായും ഒരു പാ.രഞ്ജിത് പടം ആയില്ലെങ്കിലും.

ഉടലാണ് ആയുധം

'കബാലി'യിൽ രാഷ്ട്രീയം രംഗപടം മാത്രമായിരുന്നെങ്കിൽ 'കാലാ'യിൽ പടം തന്നെ രാഷ്ട്രീയമാണെന്നാണ് അവകാശവാദങ്ങൾ. പോസ്റ്ററിലും ടീസറിലും ട്രെയിലറിലുമെല്ലാമുണ്ട്, പലപ്പോഴും മുദ്രാവാക്യത്തോളമെത്തുന്ന പ്രകടനപരത. പേരിൽ തന്നെ തുടങ്ങുന്നുമുണ്ട് അത്. കറുത്ത തമിഴർ തിങ്ങിപ്പാർക്കുന്ന മുംബൈ ധാരാവിയിലെ ചേരി ഒഴിപ്പിക്കാൻ ശ്രമിക്കുന്ന ഹരിനാഥ് ദേശായ് എന്ന രാഷ്ട്രീയ നേതാവ് (നാനാ പടേക്കർ), തൂവെള്ള ഉടയാടകളണിഞ്ഞ്, വെണ്ണക്കൽമാളികയിൽ തൂവെള്ള ജാലകശീലകൾ പശ്ചാത്തലമൊരുക്കിയ മുറിയിലിരുന്ന് അവജ്ഞയോടെ ചോദിക്കുന്നതു ട്രെയിലറിൽ കാണാം:

"കാലാ! ഇത് എന്തു പേര്?" കരികാലൻ മറുപടി പറയുന്നു: "കാലാ എന്നാൽ കറുപ്പ്. അധ്വാനത്തിന്റെ നിറം" (കറുപ്പ് - ഉഴൈപ്പോട വണ്ണം). "I want to make this country clean and pure" എന്നു പ്രഖ്യാപിക്കുന്ന ദേശായിയെ "ഞങ്ങളുടെ കുടിലുകളിൽ വന്നു നോക്ക്, അഴുക്കിന്റെ നിറപ്പകിട്ടുകൾ കാണ്" എന്നു തിരുത്തുന്നുമുണ്ട് കാല. (സ്വച്ഛരാഷ്ട്രം ലക്ഷ്യമിടുന്നതു വഴിയോര ശുചീകരണമല്ല, വംശശുദ്ധീകരണം തന്നെയെന്ന ഈ പൊളിറ്റിക്കൽ ബ്ലാക്ക് ട്രോൾ, രജനീകാന്തിന്റെ പുതിയ രാഷ്ട്രീയ കക്ഷിയുടെ തിരഞ്ഞെടുപ്പു സഖ്യ സൂചനയാവാൻ തരമില്ല). ഉടലുകളും ഉടയാടകളും പലനിറങ്ങളെ കൊണ്ടാടുന്ന ഹോളി ആഘോഷത്തിൽ പോലും കരിവേഷത്തിലാണു കരികാലൻ. "നമ്മുടെ ശരീരം മാത്രമാണ് നമ്മുടെ ആയുധം" എന്ന കരികാലന്റെ പ്രഖ്യാപനത്തേക്കാൾ തീക്ഷ്ണമായ മുദ്രാവാക്യം മറ്റെന്തുള്ളൂ...

kaala കാലാ ചിത്രത്തിന്റെ പോസ്റ്റർ

കരിഞ്ഞുണങ്ങിയ സ്വന്തം ഉടലുകൾ മാത്രം ഉപാധിയാക്കി പോരാടുന്ന നിസഹായരായ മനുഷ്യരോടു കരികാലനിലൂടെ കൂടുതലെന്താണു പാ.രഞ്ജിത്തിനു പറയാനുണ്ടാവുക? അതിനു വേണ്ടിയുമാണു തമിഴകം കാത്തിരിക്കുന്നത്.

പേടിസ്വപ്നമായ് തൂത്തുക്കുടി

പൗരാവകാശ പോരാട്ടങ്ങളെ തള്ളിപ്പറഞ്ഞ, സമരം ചെയ്യുന്നവർ സമൂഹ വിരോധികളാണെന്ന് അപഹസിച്ച രജനിയെ പാഠം പഠിപ്പിക്കാൻ "കാലാ" ബഹിഷ്കരിക്കണമെന്നു തമിഴ്നാട്ടിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. എങ്കിലും വലിയൊരു വിഭാഗം ദലിത് ആക്ടിവിസ്റ്റുകളും ബുദ്ധിജീവികളും രജനീകാന്തിനെ തള്ളിപ്പറഞ്ഞു കൊണ്ടു തന്നെ "കാലാ" യെ പിന്തുണയ്ക്കുന്നുണ്ട്.

"കാലാ" യിൽ രജനി ഉണ്ടാവില്ലെന്നും, അതു കണിശമായും പാ.രഞ്ജിത്തിന്റെ മാത്രം പടപ്പ് ആകുമെന്നും അവർ വിശ്വസിക്കുന്നു. തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് കമ്പനിയുടെ പരിസരമലിനീകരണത്തിനെതിരെ കടൽത്തീര ജനത നടത്തിയ സമരത്തെ തളളിപ്പറഞ്ഞ രജനി അതു തിരുത്തിയിട്ടില്ല. രജനി അതു പറയരുതായിരുന്നു എന്ന് ഒരിക്കൽ വടക്കൻ ചെന്നൈയിലെ ബിഎസ്പി പോരാളിയായിരുന്ന പാ.രഞ്ജിത്ത് പറഞ്ഞതായും അറിയില്ല. "ഒരു സമരവും പാടില്ലെന്ന അഭിപ്രായക്കാരനല്ല രജനി" എന്നു മാത്രം രഞ്ജിത്ത് ഫെയ്സ്ബുക്കിൽ എഴുതി.

രജനി തോൽക്കാനല്ല, ഞാൻ തോൽക്കുന്നതു കാണാനാണ് 'അവർ' കാത്തിരിക്കുന്നത് എന്നും രഞ്ജിത്ത് ഒരഭിമുഖത്തിൽ പറഞ്ഞു. തൂത്തുക്കുടി പരാമർശത്തിന്റെ പേരിൽ രജനിയെ കല്ലെറിയുന്ന ആക്ടിവിസ്റ്റുകൾ ദലിത് മുന്നേറ്റങ്ങളുടെ മുനയൊടിക്കാനാണു "കാലാ"യെ ലക്ഷ്യം വയ്ക്കുന്നത് എന്ന വികാരവും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കപ്പെടുന്നുണ്ട്. കാരണം, തമിഴ്നാട്ടിലെ ദലിത് ആത്മവിശ്വാസത്തിനു പാ.രഞ്ജിത്തിന്റെ 'കബാലി' പകർന്ന ഊർജം ചെറുതല്ല.

"രജനിയെ തോൽപ്പിക്കുകയും രഞ്ജിത്തിനെ ജയിപ്പിക്കുകയുമാണു നമ്മുടെ കടമ" - പ്രമുഖ തമിഴ് കവയിത്രിയും ആക്ടിവിസ്റ്റുമായ കവിത മുരളീധരൻ എഴുതുന്നു. തമിഴ് സിനിമയിലെ വരേണ്യ വാണിഭ ശീലങ്ങളെ ചോദ്യം ചെയ്യുന്ന രഞ്ജിത്തിന്റെ ശബ്ദം നിലച്ചാൽ അങ്ങനെയൊന്ന് ഇനിയുണ്ടാവില്ലെന്നും കവിതയെപ്പോലുള്ളവർ മുന്നറിയിപ്പു നൽകുന്നു.

ഒരു സിനിമയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിന് ഇത്രയേറെ രാഷ്ട്രീയ കാരണങ്ങളുണ്ടാവുന്നത് തമിഴ്നാട്ടിൽ ഇതാദ്യമാണെന്നു തീർച്ച. ഒപ്പം റിലീസ് ചെയ്യുന്ന 'ജുറാസിക് വേൾഡ്: ദ് ഫാളൻ കിങ്ഡം' എന്ന ഹോളിവുഡ് ചിത്രത്തേക്കാൾ, തൂത്തുക്കുടിയിൽ നിരത്തിക്കിടത്തിയ 13 ജഡശരീരങ്ങളുടെ ചിത്രമാവും ഇന്നൊരു രാത്രിയെങ്കിലും കാലാ കരികാലന്റെ ഉറക്കം കെടുത്തുക എന്നും തീർച്ച.