Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദി സർക്കാരിന്റെ നാലു വർഷത്തിൽ 27 ഉപതിരഞ്ഞെടുപ്പ്; ബിജെപി ജയിച്ചത് അഞ്ചിടത്ത്

Amit Shah, Narendra Modi

കോട്ടയം∙ നാലു ലോക്സഭാ മണ്ഡലങ്ങൾ ഉൾപ്പെടെ 14 സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെയും തിരഞ്ഞെടുപ്പു നീട്ടിവച്ച രാജരാജേശ്വരി നഗറിലെയും ഫലങ്ങൾ പുറത്തുവരുമ്പോൾ ബിജെപിക്ക് ഇക്കുറിയും പറയാനേറെയും നഷ്ടങ്ങളുടെ കണക്ക്. രണ്ട് ലോക്സഭാ സിറ്റിങ് സീറ്റുകളിൽ ബിജെപി തോൽവി വഴങ്ങിയപ്പോൾ, മൂന്ന് നിയമസഭാ സിറ്റിങ് സീറ്റുകൾ ബിജെപിയും സഖ്യകക്ഷികളും ചേർന്ന് കൈവിട്ടു. ആകെയുള്ള ആശ്വാസം നാഗാലാൻഡിലെ ഏക ലോക്സഭാ സീറ്റ് എൻപിഎഫിൽനിന്ന് ബിജെപി സഖ്യകക്ഷിയായ എൻഡിപിപി പിടിച്ചെടുത്തതു മാത്രം.

എന്നാൽ, ഉപതിരഞ്ഞെടുപ്പുകളിലെ തിരിച്ചടി ബിജെപിയെ സംബന്ധിച്ച് പതിവു കാഴ്ചയാകുകയാണെന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയ ശേഷം കഴിഞ്ഞ നാലുവർഷത്തിനിടയിൽ രാജ്യത്ത് 27 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പു നടന്നു. മോദി തരംഗത്തിന്റെ തണലിൽ അമിത് ഷായുടെ ചാണക്യതന്ത്രങ്ങളുടെ അകമ്പടിയിൽ കച്ചമുറുക്കി ഇറങ്ങിയിട്ടും ബിജെപി പച്ചതൊട്ടത് വെറും അഞ്ചു സീറ്റിൽ മാത്രം.

മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനും ആശ്വസിക്കാൻ വക നൽകുന്നതല്ല ഈ കണക്കുകൾ. അഞ്ചേ അഞ്ചു സീറ്റിൽ മാത്രമാണ് കോൺഗ്രസിനും ഇക്കാലത്ത് വിജയിക്കാൻ കഴിഞ്ഞത്. എന്നാൽ, തൃണമൂൽ കോൺഗ്രസ് നാലു സീറ്റിലും സമാജ്‌വാദി പാർട്ടി മൂന്നിടത്തും തെലങ്കാന രാഷ്ട്രസമിതി (ടിആർഎസ്) രണ്ടിടത്തും എൻപിപി, നാഷനൽ കോൺഫറൻസ്, മുസ്‍ലിം ലീഗ്, ആർജെഡി, എൻഡിപിപി, ആർഎൽഡി, നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്നിവ ഓരോ സീറ്റിലും വിജയിച്ചു. 

ഉപതിരഞ്ഞെടുപ്പ് നടന്ന 27 സീറ്റുകളിൽ 11 സീറ്റുകൾ ബിജെപിയുടെ സിറ്റിങ് സീറ്റുകളായിരുന്നു. എന്നാൽ ഇവയിൽ ആറ് സീറ്റുകളിൽ ബിജെപി സ്ഥാനാർഥികൾ തോറ്റു. 2015ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ രത്‌ലം മണ്ഡലം ബിജെപിയെ കൈവിട്ടു. എന്നാൽ 2016ൽ അസമിലെ ലക്ഷിംപുർ, മധ്യപ്രദേശിലെ സഹ്ഡോൽ എന്നീ മണ്ഡലങ്ങളിൽ ബിജെപി വിജയം സ്വന്തമാക്കി. മേഘാലയയിൽ സഖ്യകക്ഷിയായ എൻപിപിയും വിജയിച്ചു. എന്നാൽ 2017 ബിജെപിക്ക് നഷ്ടങ്ങളുടെ വർഷമായിരുന്നു. പഞ്ചാബിലെ ഗുർദാസ്പുർ മണ്ഡലവും ബിജെപിക്കും ശ്രീനഗർ മണ്ഡലം സഖ്യകക്ഷിയായ പിഡിപിക്കും നഷ്ടമായി.

അവസാനലാപ്പിലേക്ക് കടന്നപ്പോൾ കൂടുതൽ വലിയ തിരിച്ചടികളാണ് ബിജെപിയെ കാത്തിരുന്നത്. രാജസ്ഥാനിലെ അജ്മിർ, അൽവാർ മണ്ഡലങ്ങൾ ബിജെപിയിൽ നിന്നും കോൺഗ്രസ് പിടിച്ചെടുത്തു. തൊട്ടുപിന്നാലെ ഉത്തർപ്രദേശിൽ നിന്നുള്ള വൻ തിരിച്ചടി. ഗോരഖ്പുർ, ഫുൽപുർ മണ്ഡലങ്ങളും ബിജെപിക്ക് നഷ്ടമായി. എസ്പി–ബിഎസ്പി സഖ്യം സമാനതകളില്ലാത്ത തിരിച്ചടിയാണ് ഇവിടെ ബിജെപിക്ക് നൽകിയത്.

ഏറ്റവും ഒടുവിൽ മഹാരാഷ്ട്രയിലെ പാൽഘറിൽ സീറ്റ് നിലനിർത്തി. അതും ശിവസേനയുമായി ഇ‍ഞ്ചോടിഞ്ച് പൊരുതി. നാഗാലാൻഡിൽ സഖ്യകക്ഷിയായ എൻഡിപിപി എൻപിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തതും ബിജെപിക്ക് ആശ്വാസം പകർന്നു. എന്നാൽ, അഭിമാനപ്പോരാട്ടമായി കണ്ട കയ്റാനയിൽ ആർഎൽ‍ഡി–എസ്പി സംയുക്ത സ്ഥാനാർഥി വിജയിച്ചു. ഉത്തർപ്രദേശിൽത്തന്നെ ഉപതിരഞ്ഞെടുപ്പു നടന്ന ബിജെപിയുടെ സിറ്റിങ് സീറ്റായ നൂർപുരും പാർട്ടിക്കു നഷ്ടമായി.

ബിജെപിയുടെ അമിതമായ ആത്മവിശ്വാസത്തിന്റെ അടിവേരിളക്കുന്നതാണ് രാജ്യത്ത് നടന്ന ഒാരോ ഉപതിരഞ്ഞെടുപ്പും എന്ന് ഈ കണക്ക് സാക്ഷ്യപ്പെടുത്തുന്നു. 2019ലെ തിരഞ്ഞെടുപ്പിന്റെ മോഡൽ പരീക്ഷയാണ് എന്ന് എല്ലാ തിരഞ്ഞെടുപ്പിനും മുന്നോടിയായി ബിജെപി നേതാക്കൾ പറയാറുണ്ടെങ്കിലും ഫലം വരുമ്പോൾ പ്രതികരണങ്ങൾ വിരളമാണ്.

കണക്കിലെ കളികൾ ഇങ്ങനെയാണെങ്കിലും ബിജെപിക്ക് ആത്മവിശ്വാസത്തിന് ഇപ്പോഴും മങ്ങലേറ്റിട്ടില്ല. ഉപതിരഞ്ഞെടുപ്പുകളിലെ ചിത്രമാവില്ല ജനം പൊതുതിരഞ്ഞെടുപ്പിൽ വരയ്ക്കുക എന്ന വിശ്വാസത്തിൽ മുറുകെ പിടിച്ചാണ് ബിജെപിയുടെ പ്രയാണം. മാത്രമല്ല, കോൺഗ്രസിനും അമിത വിശ്വാസത്തിന് വക നൽകുന്നതല്ല കണക്കുകള്‍ എന്നതും മോദിക്കും സംഘത്തിനും ബലമാണ്. നേട്ടമുണ്ടാക്കുന്നതിൽ മുൻപിൽ പ്രാദേശിക പാർട്ടികളാണ്. പക്ഷേ, മഹാസഖ്യം എന്ന ഫോർമുല വിജയം കണ്ടാൽ 2019ല്‍ ബിജെപി വിയർക്കുമെന്നു തീർച്ച.

related stories