Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താരസംഘടനയായ ‘അമ്മ’യിൽനിന്ന് നാലു നടിമാർ രാജിവച്ചു

rima-geetu-remya റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ.

കൊച്ചി∙ താരസംഘടനയായ ‘അമ്മ’യിൽനിന്ന് നാലു നടിമാർ രാജിവച്ചു. ഭാവന, റീമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ എന്നിവരാണു രാജിവച്ചത്. നാലുപേരും സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുണ്ട്.

Read more at: മലയാളസിനിമയിൽ പൊട്ടിത്തെറി; അമ്മയിൽ നിന്ന് ഭാവനയും രമ്യ നമ്പീശനും ഗീതു മോഹന്‍ദാസും രാജിവെച്ചുഅവൾക്കൊപ്പം ഞങ്ങളും രാജി വെക്കുന്നു.

സമൂഹമാധ്യമത്തിൽ നടിമാർ പങ്കുവച്ച കുറിപ്പിൽനിന്ന്:

അവൾക്കൊപ്പം ഞങ്ങളും രാജി വയ്ക്കുന്നു.

മലയാള സിനിമയിലെ നടീനടന്മാരുടെ സംഘടനയായ 'അമ്മ' യിൽനിന്ന് ഞങ്ങളിൽ ചിലർ രാജി വയ്ക്കുന്നു.

1995 മുതൽ മലയാള സിനിമാരംഗത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് അമ്മ.
ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും അംഗീകാരങ്ങൾ നേടി തരുന്ന മലയാള സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു
.
പക്ഷേ, സ്ത്രീ സൗഹാർദ്ദപരമായ തൊഴിലിടമായി മലയാള സിനിമാ വ്യവസായത്തെ മാറ്റാനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ല ഈ സംഘടന എന്നു ഞങ്ങൾ ഓർമ്മിപ്പിക്കുന്നു. ഒട്ടേറേ സ്ത്രീകൾ അംഗങ്ങളായുള്ള സംഘടനയാണിതെന്ന് ഓർക്കണം. മാത്രമല്ല വിമൻ ഇൻ സിനിമാ കലക്ടീവ് അതിനായി നടത്തിയ ശ്രമങ്ങളെ, ഫാൻസ് അസോസിയേഷനുകളുടെ മസിൽ പവറിലൂടെയും തരം താണ ആക്ഷേപഹാസ്യത്തിലൂടെയും പരിഹസിക്കുകയാണ് ചെയ്തിട്ടുള്ളത്. അമ്മയുടെ അംഗമായ ഞങ്ങളുടെ സഹപ്രവർത്തകക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ അമ്മ അംഗവും കുറ്റാരോപിതനുമായ നടനെ പിന്തുണക്കുന്ന നിലപാടാണ് 'അമ്മ' സ്വീകരിച്ചത്.

കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാൻ തീരുമാനിക്കുക വഴി, തങ്ങൾ ആരുടെ പക്ഷത്താണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അമ്മയുടെ ജനറൽ ബോഡിയിൽ അജണ്ടയിൽ ഇല്ലാതിരുന്ന ഈ വിഷയം ചർച്ചക്കെടുത്തു നാടകീയമായി തിരിച്ചെടുക്കാൻ തീരുമാനിച്ചതു ഞെട്ടലോടെയാണു മാധ്യമങ്ങളിൽനിന്ന് അറിഞ്ഞത്. ഞങ്ങൾക്ക് ഈ മീറ്റിങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല എന്നത് ഈ പ്രവൃത്തിയെ സാധൂകരിക്കുന്നില്ല. ഈ തീരുമാനമെടുക്കുമ്പോൾ, ആക്രമണത്തെ അതിജീവിച്ച അംഗത്തെ നിങ്ങൾ ഓർത്തില്ല!
അമ്മയുടെ ഈ തീരുമാനത്തിനൊപ്പം നിൽക്കാൻ ഞങ്ങൾക്കാവില്ല. ഞങ്ങൾ അവളുടെ പോരാട്ടത്തിനു കൂടുതൽ ശക്തമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ''അമ്മ'യിൽനിന്നു രാജി വയ്ക്കാനുള്ള അവളുടെ തീരുമാനത്തോട് ഐക്യപ്പെട്ടു കൊണ്ട് ഞങ്ങളിൽ കുറച്ചു പേർ രാജി വയ്ക്കുകയാണ്. ഇത് അമ്മയുടെ ഇപ്പോഴെടുത്ത തീരുമാനം തിരുത്തുന്നതിനു കാരണമാകട്ടെ എന്ന് ആശിക്കുന്നു.

remya-nambeesan.jpg.image.784.410

''അമ്മ'യിൽനിന്നു രാജി വയ്ക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യങ്ങളോടുള്ള അങ്ങേയറ്റം നിരുത്തരവാദപരമായ നിലപാടിൽ പ്രതിഷേധിച്ചാണ് എന്റെ രാജി. ഹീനമായ ആക്രമണം നേരിട്ട ഞങ്ങളുടെ സഹപ്രവർത്തകയോടു തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണു സംഘടന സ്വീകരിച്ചത്. ഞാൻ പ്രാഥമികമായി മനുഷ്യനായിരിക്കുന്നതിൽ വിശ്വസിക്കുന്നു. നീതി പുലരട്ടെ. – രമ്യാ നമ്പീശൻ

Geethu Mohandas

'അമ്മ'യിൽനിന്നു ഞാൻ രാജി വയ്ക്കുകയാണ്. വളരെ നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നു ഇത്‌. അമ്മയക്കകത്തുനിന്നു കൊണ്ട് അവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് ഏറെ പ്രയാസമാണ് എന്നു മുൻ നിർവാഹക സമിതി അംഗം എന്ന നിലയിൽ ഞാൻ മനസ്സിലാക്കിയിട്ടുള്ളതാണ്. നേതൃത്വത്തിന്റെ അഭിപ്രായങ്ങളെ ചോദ്യം ചെയ്യാതെ അനുസരിക്കുന്ന അംഗങ്ങളെയാണ് ഈ സംഘടനയ്ക്കു വേണ്ടത്. ഞങ്ങളുടെയെല്ലാം ശബ്ദം അവിടെ മുങ്ങിപ്പോകുകയാണ്. ഇനിയും അതനുവദിക്കാൻ കഴിയില്ല. എന്റെ കൂട്ടുകാരിക്കൊപ്പം നിന്നുകൊണ്ട് അമ്മ എന്ന സംഘടനയുടെ തീർത്തും ഉത്തരവാദിത്വമില്ലാത്ത ഇത്തരം നിലപാടുകൾക്കെതിരെ ഞാൻ പുറത്തുനിന്നു പോരാടും – ഗീതു മോഹൻദാസ്

rima-kallingal

ഇപ്പോൾ സംഭവിച്ചത് ഒരാളിലോ ഒരു സംഘടനയിലോ ഒതുങ്ങുന്ന ഒരു പ്രശ്നമാണെന്നു ഞാൻ കരുതുന്നില്ല. ഈ ഒരൊറ്റ പ്രശ്നത്തിന്റെ പേരിലല്ല ഞാൻ 'അമ്മ' വിടുന്നത്. അടുത്ത തലമുറയ്ക്കു സ്വന്തം തൊഴിലിടത്തിൽ ഒത്തുതീർപ്പുകളില്ലാതെ, ആത്മാഭിനത്തോടെ തുടരാനുള്ള കരുത്തുണ്ടാവണമെന്ന ആഗ്രഹം കൊണ്ടു കൂടിയാണ്. – റീമ കല്ലിങ്കൽ