Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുൻ ഭാരവാഹികൾക്ക് ‘അയോഗ്യത’; കേരള ക്രിക്കറ്റ് അസോസിയേഷന് ഇടക്കാല ചുമതലക്കാർ

kca-kerala-cricket-association

ആലപ്പുഴ∙ ഭാരവാഹികൾ അയോഗ്യതയെത്തുടർന്നാണ് സ്ഥാനമൊഴിഞ്ഞതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). സുപ്രീംകോടതി ഉത്തരവു പ്രകാരം അയോഗ്യതയുള്ള ഭാരവാഹികളാണു ചുമതലയില്‍ നിന്ന് ഒഴിഞ്ഞത്. ഇവർക്കുണ്ടായിരുന്ന ചുമതല നിലവില്‍ അയോഗ്യതയില്ലാത്ത ഭാരവാഹികള്‍ക്കു വിഭജിച്ചു നല്‍കിയതായും കെസിഎ വ്യക്തമാക്കി.

സംഘടന സെക്രട്ടറി ജയേഷ് ജോർജും പ്രസിഡന്റും ഉൾപ്പെടെയുള്ളവർ രാജിവച്ചതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ആലപ്പുഴയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലായിരുന്നു തീരുമാനം. ഇതു തള്ളിയാണു കെസിഎയുടെ വിശദീകരണം.

വൈസ് പ്രസിഡന്റായിരുന്ന സജന്‍.കെ. വർഗീസ് (പത്തനംതിട്ട) പുതിയ പ്രസിഡന്റാകും. മറ്റൊരു വൈസ് പ്രസിഡന്റായിരുന്ന കെ.എം. അബ്ദുള്‍ റഹ്മാനാണു (കാസര്‍ഗോഡ്) ട്രഷറർ. രജിത്ത് രാജേന്ദ്രനു‍(തിരുവനന്തപുരം) ജോയിന്റ് സെക്രട്ടറിയുടെ ചുമതലയും നല്‍കി. നിലവില്‍ ട്രഷററായിരുന്ന അഡ്വ: ശ്രീജിത്ത് വി. നായര്‍ക്കാണ് സെക്രട്ടറിയുടെ ചുമതല. തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ ചുമതലയേല്‍ക്കും വരെ ഈ താല്‍ക്കാലിക സംവിധാനം തുടരും. ജയേഷ് ജോര്‍ജ് കേരളത്തില്‍ നിന്നുള്ള ബിസിസിഐ പ്രതിനിധിയാകും.

കെസിഎ മുൻ പ്രസിഡന്റ് ടി.സി. മാത്യു ക്രമക്കേട് നടത്തിയെന്നാരോപണമുള്ള രണ്ടു കോടിയിലേറെ രൂപ തിരിച്ചുപിടിക്കാൻ കഴിഞ്ഞ ദിവസം ഓംബുഡ്സ്മാൻ ഉത്തരവിട്ടിരുന്നു. എന്നാൽ താൻ അഴിമതി നടത്തിയിട്ടില്ലെന്നും  ആരോപണങ്ങൾക്കു പിന്നിൽ ജയേഷ് ജോർജാണെന്നുമാണു ടി.സി. മാത്യു പറയുന്നത്. ഇതിനു പിന്നാലെയാണു സംഘടനാതലത്തിൽ പ്രശ്നങ്ങൾ തല പൊക്കിയത്.