Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരിച്ച ബാലികമാരുടെ ആമാശയവും കുടലും ശൂന്യം; പിതാവിനെ തേടി പൊലീസ്

Delhi-Starvation-Death മംഗൾ മൂന്നു മക്കൾക്കുമൊപ്പം.

ന്യൂഡൽഹി∙ കിഴക്കൻ ഡൽഹിയിലെ മണ്ഡാവ്‌ലിയിൽ പട്ടിണിയെത്തുടർന്നു മൂന്നു ബാലികമാർ മരിച്ച സംഭവത്തിൽ പിതാവിനെ അന്വേഷിച്ച് പൊലീസ്. ജൂലൈ 24നാണു കുട്ടികൾ മരിച്ചത്. അന്നു രാവിലെ പിതാവ് മംഗൾ വീടു വിട്ടുപോയതാണ്. ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ഇയാൾക്കു വേണ്ടി പ്രത്യേക സംഘങ്ങളെ നിയോഗിച്ച് പൊലീസ് തിരച്ചിൽ തുടങ്ങി. ജോലി തേടി പലപ്പോഴും മൂന്നോ നാലോ ദിവസം വീട്ടിൽനിന്നു മംഗൾ മാറി നിൽക്കുന്നതു പതിവാണെന്നു പൊലീസ് പറയുന്നു. മരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും പൊലീസിനു സംശയം ബാക്കി നിൽക്കുന്ന സാഹചര്യത്തിലാണ് ഇയാൾക്കായി തിരച്ചിൽ ശക്തമാക്കിയത്.

കഴിഞ്ഞ ദിവസം മരിച്ച മാൻസി, പാറോ, സുഖോ എന്നീ ബാലികമാർ എട്ടു ദിവസം ഭക്ഷണം കഴിച്ചിരുന്നില്ലെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അബോധാവസ്ഥയിലായ കുട്ടികളുമായി ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിലേക്ക് എത്തിയ കുട്ടികളുടെ അമ്മയും പൊലീസിനോടു ചോദിച്ചത് ‘അൽപം ഭക്ഷണം തരാമോ’ എന്നായിരുന്നു. ബന്ധുവിനൊപ്പമാണ് അമ്മ ആശുപത്രിയിലെത്തിയത്. വൈകിട്ടോടെ കുട്ടികൾ മരിച്ചു.

രാജ്യതലസ്ഥാനത്തെ പട്ടിണിമരണം പാർലമെന്റിലും ചർച്ചയായി. കേന്ദ്രമന്ത്രി റാംവിലാസ് പാസ്വാൻ അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. ദേശീയ മനുഷ്യാവകാശ കമ്മിഷനും വിഷയത്തിൽ റിപ്പോർട്ട് തേടി. ബംഗാൾ സ്വദേശിയായ മംഗളിന്റെ ഗ്രാമത്തിലേക്കു തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. കുട്ടികളിൽ രണ്ടുപേർ ഏതാനും ദിവസമായി അസുഖബാധിതരായിരുന്നെന്നും ഛർദിയും വയറിളക്കവും പിടിപെട്ടിരുന്നുവെന്നും പറയുന്നു. ഇവരുടെ താമസസ്ഥലത്തുനിന്നു മരുന്നുകൾ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിൽപെട്ടിരുന്ന മൂത്തകുട്ടിക്ക് അസുഖം ബാധിച്ചതെങ്ങനെയെന്നു വ്യക്തമല്ല. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടികളുടെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണു കുട്ടികളുടെ മരണത്തിന്റെ യഥാർഥ കാരണം തേടി പിതാവിനെ പൊലീസ് അന്വേഷിക്കുന്നത്. കുട്ടികൾ പട്ടിണി കിടക്കാൻ തുടങ്ങിയിട്ടും അസുഖബാധിതരായിട്ടും എത്ര നാളായി എന്നതിന്റെ യഥാർഥ വിവരം ലഭ്യമല്ല. ഇക്കാര്യത്തിലും പിതാവിന്റെ മൊഴി നിർണായകം.

ബംഗാളിൽനിന്നുള്ള അ‍ഞ്ചംഗ കുടുംബം കുറെനാളായി ഡൽഹിയിലാണു താമസം. നേരത്തേ താമസിച്ചിരുന്ന സ്ഥലത്തുനിന്നു മണ്ഡാവ്‌ലിയിലെത്തിയതു ശനിയാഴ്ച. മഴയിൽ മുറിയിൽ വെള്ളം നിറഞ്ഞതോടെയാണു താമസം മാറ്റേണ്ടിവന്നത്. റിക്ഷ വാടകയ്ക്കെടുത്തു വലിച്ചാണു മംഗൾ കുടുംബം പുലർത്തിയിരുന്നത്. എന്നാൽ ഏതാനും ദിവസം മുൻപു റിക്ഷ മോഷണം പോയി. തുടർന്നാണ് ജോലി അന്വേഷിച്ചു പോയതെന്നാണു വിവരം. എന്നാൽ റിക്ഷ മോഷണം പോയതുമായി ബന്ധപ്പെട്ട് സമീപ പൊലീസ് സ്റ്റേഷനുകളിലൊന്നിലും പരാതി ലഭിച്ചിട്ടില്ല.

അമിത മദ്യപാനിയാണു മംഗളെന്നാണു പൊലീസിനു ലഭിച്ച വിവരം. മുൻപു ഹോട്ടലിൽ ജോലി ചെയ്തിരുന്ന ഇയാളെ മദ്യപാനം കാരണമാണു പറഞ്ഞുവിട്ടത്. റിക്ഷ വലിച്ചു കിട്ടുന്ന പണവും മദ്യപാനത്തിനാണ് ഉപയോഗിച്ചിരുന്നത്. ചില നേരങ്ങളിൽ മദ്യപിച്ചു ബോധം കെട്ട് ഇയാൾ വഴിയിൽ റിക്ഷ ഉപേക്ഷിച്ചു പോകാറുമുണ്ട്. പിന്നീട് ബോധം വരുമ്പോൾ അന്വേഷിച്ചെത്തി തിരിച്ചെടുക്കുകയാണു പതിവെന്നു പരിചയക്കാർ പറയുന്നു. കുട്ടികളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിച്ചിരുന്നോ എന്നതിൽ ഉൾപ്പെടെയാണു പൊലീസ് ഉത്തരം തേടുന്നത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണു കുട്ടികളുടെ ദാരുണാന്ത്യത്തിന്റെ യഥാർഥ ചിത്രം പുറത്തെത്തിയത്. കുട്ടികൾ ഭക്ഷണം കഴിച്ചിരുന്നില്ല എന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചു. വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയതോടെയാണു 8–9 ദിവസത്തോളമായി കുട്ടികൾ ഒന്നും കഴിച്ചിരുന്നില്ലെന്നു വ്യക്തമായത്. ആമാശയവും കുടലും ശൂന്യമായിരുന്നു. കൊഴുപ്പിന്റെ അംശം ഉണ്ടായിരുന്നില്ല. ശരീരത്തിൽ മുറിവുകളൊന്നുമുണ്ടായിരുന്നില്ലെന്നും ഡോക്ടർ പറഞ്ഞു.