Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സീറോ മലബാർ സഭയിലെ സാമൂഹ്യശുശ്രൂഷകരുടെ ദേശീയ നേതൃസംഗമം ഓഗസ്റ്റ് 11ന് കൊച്ചിയിൽ

കൊച്ചി∙ സിറോ മലബാർ സഭയിലെ സാമൂഹ്യശുശ്രൂഷകരുടെ ദേശീയ നേതൃസംഗമം കൊച്ചി പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററി (പി.ഒ.സി)ൽ ഓഗസ്റ്റ് 11ന് സംഘടിപ്പിക്കുന്നു. സിറോ മലബാർ സഭയിലെ ഉപവി - സാമൂഹ്യ വികസന പ്രവർത്തനങ്ങൾ കോർഡിനേറ്റ് ചെയ്യുന്നതിനായി സിനഡ് രൂപം നൽകിയിരിക്കുന്ന സിറോ മലബാർ സോഷ്യൽ ഡെവലപ്പ്‌മെന്റ് നെറ്റ്‌വർക്ക് (സ്പന്ദൻ)ന്റെ നേതൃത്വത്തിലാണ് ഏകദിന നേതൃസംഗമം സംഘടിപ്പിക്കുന്നത്. ശനിയാഴ്ച രാവിലെ 10.30ന് ആരംഭിക്കുന്ന സമ്മേളനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എബ്രാഹം മാത്യു ഉദ്ഘാടനം ചെയ്യും.

സിറോ മലബാർ സഭ സോഷ്യൽ ഡെവലപ്പ്‌മെന്റ് നെറ്റ്‌വർക്ക് സിനഡൽ കമ്മിറ്റി ചെയർമാൻ മാർ മാത്യു അറയ്ക്കൽ അധ്യക്ഷത വഹിക്കും. സിനഡ് സെക്രട്ടറി മാർ ആന്റണി കരിയിൽ മുഖ്യപ്രഭാഷണം നടത്തും. സിറോ മലബാർ സഭയുടെ പ്രേഷിത ആഭിമുഖ്യം സാമൂഹിക ശുശ്രൂഷാ രംഗത്ത് - സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി വിഷയാവതരണം നടത്തും. ഫാ. തോമസ് നടക്കാലൻ, ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ, സിസ്റ്റർ ജാസിന സിഎംസി, പി.യു. തോമസ്, സിജോ പൈനാടത്ത്, ബീന സെബാസ്റ്റ്യൻ എന്നിവർ പ്രതികരണങ്ങളും പ്രവർത്തനസാധ്യതകളുടെ അവതരണവും നടത്തും. 

ഉച്ചകഴിഞ്ഞു നടത്തപ്പെടുന്ന സ്പന്ദൻ വാർഷിക ജനറൽ ബോഡി യോഗം സ്പന്ദൻ സിനഡൽ കമ്മിറ്റി അംഗം മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് മോഡറേറ്റ് ചെയ്യും. സിറോ മലബാർ സഭയുടെ സാമൂഹിക പ്രവർത്തനങ്ങളുടെ നെറ്റ്‌വർക്കിങ്ങിനും ഏകോപനത്തിനും വിപുലീകരണത്തിനുമായി രൂപീകൃതമായിരിക്കുന്ന 'സ്പന്ദൻ'ന്റെ പ്രവർത്തന റിപ്പോർട്ട് ചീഫ് കോർഡിനേറ്റർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അവതരിപ്പിക്കും. തുടർന്നു ചർച്ചയും ഭാവി പ്രവർത്തനങ്ങളുടെ ആസൂത്രണവും നടത്തപ്പെടും. വടക്കേ ഇന്ത്യയിലെ മിഷനറി പ്രദേശങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന രൂപതകളുടെയും സന്യാ സമൂഹങ്ങളുടെയും പ്രവർത്തനാഭിമുഖ്യങ്ങൾ യോഗത്തിൽ പ്രത്യേകം ചർച്ച ചെയ്യപ്പെടും. 

സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സമാപന സന്ദേശം നൽകും. സ്പന്ദൻ സിറോ മലബാർ സിനഡൽ കമ്മിറ്റി അംഗങ്ങളായ മെത്രാന്മാരും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഭാരതത്തിലെ സിറോ മലബാർ രൂപതകളിലെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന വൈദികരും സിറോ മലബാർ സഭയിലെ സമർപ്പിത സമൂഹങ്ങളിലെ സാമൂഹിക പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നവരും സന്നദ്ധ സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കുമെന്ന് ചീഫ് കോർഡിനേറ്റർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അറിയിച്ചു. 

related stories