Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാജ്പേയിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ സ്വാമി അഗ്നിവേശിനു നേരെ ആക്രമണം

swami-agnivesh-attacked സ്വാമി അഗ്നിവേശിനെ ജനക്കൂട്ടം ആക്രമിക്കുന്നതിന്റെ വിഡിയോ ദൃശ്യം.

ന്യൂഡൽഹി∙ അന്തരിച്ച മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ സ്വാമി അഗ്നിവേശിനെ ഒരു സംഘം ആളുകൾ ആക്രമിച്ചു. ഡൽഹിയിലെ ദീൻ ദയാൽ ഉപാധ്യായ മാർഗിലാണു സ്വാമി അഗ്നിവേശിനു നേരെ ആക്രമണമുണ്ടായത്. ഇദ്ദേഹം ആക്രമണത്തിന് ഇരയാകുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അക്രമാസക്തരായ ആള്‍ക്കൂട്ടം അദ്ദേഹത്തെ തള്ളിവീഴ്ത്തുന്നതും ഒരു സ്ത്രീ ചെരുപ്പൂരി അടിക്കാൻ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്.

വിവരമറിഞ്ഞു സ്ഥലത്തെത്തിയ. ഡൽഹി പൊലീസാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. ബിജെപി പ്രവർത്തകരാണു തനിക്കെതിരായ ആക്രമണത്തിനു പിന്നിലെന്നു സ്വാമി അഗ്നിവേശ് ആരോപിച്ചു. തന്നെ ആക്രമിക്കുന്നതു പൊലീസ് നോക്കിനിന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തെക്കുറിച്ചു പരാതി നൽകുമെന്നും ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കവെ അദ്ദേഹം അറിയിച്ചു.

വാജ്പേയിയുടെ ഔദ്യോഗിക വസതിയായ കൃഷ്ണ മേനോൻ മാർഗിലേക്കു വരാൻ നിർവാഹമില്ലെന്ന് അറിയിച്ചതിനെ തുടർന്നു കേന്ദ്രമന്ത്രി ഹർഷവർധനാണു തന്നോടു ബിജെപി ആസ്ഥാനത്തേക്കു വരാൻ ആവശ്യപ്പെട്ടതെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു. ആസ്ഥാനത്തിനു പുറത്തെത്തിയപ്പോൾ വീണ്ടും മന്ത്രിയെ വിളിച്ചു. അദ്ദേഹം അകത്തേക്കു വരാൻ ആവശ്യപ്പെട്ടു. രണ്ടു സഹപ്രവർത്തകർക്കൊപ്പം ഗേറ്റു കടന്നതിനു പിന്നാലെ ചിലർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. എന്റെ തലപ്പാവും നശിപ്പിച്ചു. അതിക്രൂരമായാണ് അവർ എന്നെ മർദ്ദിച്ചത് – സ്വാമി അഗ്നിവേശ് പറഞ്ഞു.

ജാർഖണ്ഡിലെ പാകൂരിൽ ഒരു മാസം മുൻപും സ്വാമി അഗ്നിവേശിനു നേരെ ആക്രമണമുണ്ടായിരുന്നു. ഭാരതീയ ജനതാ യുവ മോർച്ചയുടെ (ബിജെവൈഎം) പ്രവർത്തകരാണ് അന്നു സ്വാമി അഗ്നിവേശിനെ ആക്രമിച്ചത്. ലിട്ടിപാര സ്റ്റേഡിയത്തിൽ പഹാരിയ വിഭാഗവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.