Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാഡ്ഗിൽ റിപ്പോർട്ടിനെ പിന്തുണച്ചതിനാൽ ഇറക്കിവിട്ടു; സംരക്ഷിച്ചത് സുധീരൻ: പി.ടി.തോമസ്

pt-thomas പി.ടി.തോമസ്

കൊച്ചി∙ പ്രഫ. മാധവ് ഗാഡ്ഗിൽ സമിതി റിപ്പോർട്ടിനെ പിന്തുണച്ചതുകൊണ്ടു മാത്രമാണ് ഇടുക്കിയിൽനിന്ന് തന്നെ പ്രതീകാത്മക ശവസംസ്കാരം നടത്തി ഇറക്കിവിട്ടതെന്ന് പി.ടി.തോമസ് എംഎൽഎ. വി.എം.സുധീരന്റെ ഇടപെടലിലൂടെയാണു തൃക്കാക്കരയിൽ മൽസരിക്കാൻ സീറ്റ് ലഭിച്ചതെന്നും ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പ്രാധാന്യം പിണറായി വിജയനും രമേശ് ചെന്നിത്തലയ്ക്കും ഉമ്മൻചാണ്ടിക്കും കോടിയേരിക്കുമെല്ലാം മനസിലാവുന്ന കാലം വരുമെന്നും പി.ടി.തോമസ് പറഞ്ഞു. ‘പരിസ്ഥിതി സൗഹൃദ കേരള വികസനം’ എന്ന വിഷയത്തിൽ മാനവ സംസ്കൃതിയും വൈഎംസിഎയും ചേർന്നു സംഘടിപ്പിച്ച സെമിനാറിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ഗോവയിൽ അനധികൃത പാറ ഖനനം നടത്തിയ സംഘത്തിൽ 35,000 കോടി രൂപ പിഴയായി ഈടാക്കണമെന്ന ജസ്റ്റിസ് ഷാ കമ്മിഷൻ റിപ്പോർട്ട് കേന്ദ്ര സർക്കാർ നടപ്പാക്കണമെന്നു പ്രഫ. മാധവ് ഗാഡ്ഗിൽ ആവശ്യപ്പെട്ടു. കേരളത്തിന്റെ പ്രളയദുരന്തം ഇരുപതിനായിരം കോടിയുടേതാണ്. ഇത്തരം ദുരന്തങ്ങൾ നേരിടുന്ന സംസ്ഥാനങ്ങൾക്കു പിഴത്തുക നൽകണം. കേരളത്തിലെ ജലവിഭവ വിനിയോഗത്തെ കുറിച്ച് ജനകീയ പങ്കാളിത്തത്തോടെയുള്ള പഠനം ആവശ്യമാണെന്നും ഗാഡ്ഗിൽ പറഞ്ഞു.

ആഭ്യന്തര വളർച്ചനിരക്കിന്റെ പതിവ് മാനദണ്ഡങ്ങളിൽ വികസനം ഒതുങ്ങരുത്. പാരിസ്ഥിതികവും മാനുഷികവും സാമൂഹികവുമായ പുനർനിർമാണത്തിൽ കൂടി ശ്രദ്ധയൂന്നണം. പ്രളയം മൂലമുണ്ടായ നഷ്ടത്തെ വസ്തുവകകളുടെ മാത്രം നഷ്ടമായി കണക്കാക്കാനാകില്ല. ശാസ്ത്രീയമായ അടിത്തറയോടെയാകണം മുന്നോട്ടുള്ള ഓരോ ചുവടുവയ്പ്പും. വികസനത്തിൽ പ്രാദേശികമായ അഭിപ്രായങ്ങൾക്കും വിലയിരുത്തലുകൾക്കും വലിയ പ്രാധാന്യമുണ്ട്. പരിസ്ഥിതിയെ മറന്നുകൊണ്ടുള്ള വികസനത്തിനു വലിയ വില നൽകേണ്ടിവരുമെന്നും ഗാഡ്ഗിൽ പറഞ്ഞു. സി.ആർ.നീലകണ്ഠൻ, അഡ്വ. ഹരീഷ് വാസുദേവൻ എന്നിവർ പ്രസംഗിച്ചു.

related stories