Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഴങ്ങുന്നത് നിയമവാഴ്ചയുടെ മരണമണി; ബിഷപ്പിനെതിരെ നടപടി വൈകരുതെന്ന് ശ്രീധരൻപിള്ള

PS-Sreedharan-Pillai.jpg.image.784.410 പി,എസ്.ശ്രീധരൻപിള്ള

തിരുവനന്തപുരം∙ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലഭിച്ച പീഡന പരാതിയിൽ  നടപടി സ്വീകരിക്കുന്നതിൽ ഓരോ ദിവസവും ഉണ്ടാവുന്ന കുറ്റകരമായ കാലതാമസം കുറ്റവാളി രക്ഷപ്പെടുന്നതിനുള്ള പഴുതുകൾ വർധിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള.

കേരളത്തിൽ ഇടതു മുന്നണിയുടെ ഭരണത്തിനു കീഴിൽ കോൺഗ്രസ് മുന്നണിയുടെ ഒത്താശയോടെ നിയമവാഴ്ചയുടെ മരണമണി മുഴങ്ങുകയാണെന്ന് ശ്രീധരൻപിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇരു മുന്നണികളുടെയും സൗകര്യത്തിനൊത്ത് ഭരണഘടനയും നിയമവും വ്യാഖ്യാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന അവസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. സ്ത്രീപീഡന കേസിൽ പ്രതിസ്ഥാനത്തുള്ള ബിഷപ്പിനെതിരെ നടപടി സ്വീകരിക്കുന്നതിൽ നിയമ സംവിധാനം എന്തുകൊണ്ട് നിശ്ചലമാവുന്നു എന്ന ചോദ്യത്തിന് ഭരണകർത്താക്കൾ മറുപടി നൽകണം.സ്ത്രീപീഡന കേസിൽ ഇരയുടെ മൊഴി മാത്രം മതി കുറ്റവാളിയെ ശിക്ഷിക്കാനെന്നിരിക്കെ മാനഭംഗത്തിനിരയായ സ്ത്രീയുടെ ആവർത്തിച്ചുള്ള പരാതികൾ ഉണ്ടായിട്ടും ബിഷപ്പിനെതിരെ നടപടി വൈകുന്നത് വിചിത്രമാണ്.

പത്ത് പ്രാവശ്യമാണ് കന്യാസ്ത്രീ പരാതി നൽകിയത്. ക്രിമിനൽ നടപടിക്രമത്തിന്റെ 164–ാം വകുപ്പ് പ്രകാരം ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റ് കോടതിയിൽ മൊഴി നൽകിയിട്ടും ഒരു സ്ത്രീ പീഡനകേസിൽ പ്രത്യേക തെളിവാവശ്യപ്പെടുന്ന കേരളാ പൊലീസും സംസ്ഥാന സർക്കാരും അവയെ നിയന്ത്രിക്കുന്ന സിപിഎമ്മും നടപടികൾ മനഃപൂർവം വൈകിക്കുകയും പ്രതിക്ക് രക്ഷപ്പെടാനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയാണെന്ന് ശ്രീധരൻ പിള്ള ആരോപിച്ചു. ആരോപണവിധേയനായ ബിഷപ്പിനെ എത്രയും വേഗം അറസ്റ്റ് ചെയ്ത് ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഐപിസിയും സിആർപിസിയുമൊക്കെ കാറ്റിൽ പറത്തുന്ന എകെജി സെന്ററിന്റെയും ഇന്ദിരാഭവന്റെയും സമീപനം കേരളം ഒരു വെള്ളരിക്ക പട്ടണമാണോ എന്ന ചോദ്യമാണുയർത്തുന്നത്. കുറ്റാരോപിതരാനായ വ്യക്തി സിപിഎമ്മിനെയും കോൺഗ്രസിനെയും കൈയയച്ച് സഹായിക്കുന്ന രാഷ്ട്രീയ മേലാളനെപ്പോലെ ആണെന്നതാണോ ഇതിനു കാരണമെന്ന് അദ്ദേഹം ചോദിച്ചു.ബിഷപ്പിനെതിരെ നടപടി എടുക്കുന്നതിൽ ഇടതു മുന്നണി സർക്കാരിന് കൈവിറയ്ക്കുന്നു എന്ന് ഒരു മാസം മുൻപു നടത്തിയ വാർത്താസമ്മേളനത്തിൽ ബിജെപി ചൂണ്ടിക്കാട്ടിയിരുന്നതായും ശ്രീധരൻപിള്ള പറഞ്ഞു.


 

related stories