Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാബറി മസ്ജിദ്: വിചാരണ കോടതിയുടെ റിപ്പോർട്ട് തേടി സുപ്രീകോടതി

Supreme Court

ന്യൂഡൽഹി∙ ബിജെപി നേതാക്കളായ എൽ.കെ.അഡ്വാനി, മുരളി മനോഹർ ജോഷി, ഉമ ഭാരതി തുടങ്ങിയവർ ഉൾപ്പെട്ട ബാബറി മസ്ജിദ് കേസിൽ വിചാരണകോടതിയിൽനിന്നു റിപ്പോർട്ട് തേടി സുപ്രീംകോടതി. നിശ്ചിത സമയപരിധിയായ ഏപ്രിൽ 2019 നുള്ളിൽ  വിചാരണ എങ്ങനെ പൂർത്തിയാക്കും എന്നതു സംബന്ധിച്ച വിവരം മുദ്രവച്ച കവറിൽ അറിയിക്കാനാണു നിർദേശം. ലക്നൗ കോടതിയിലെ സെഷൻസ് ജഡ്ജി എസ്.കെ.യാദവാണു ബാബറി മസ്ജിദ് കേസ് പരിഗണിക്കുന്നത്. 

വിചാരണ പൂർത്തിയാകുന്നതു വരെ ജഡ്ജിയെ മാറ്റരുതെന്നു സുപ്രീംകോടതി വിധിയുള്ളതിനാൽ, തന്റെ സ്ഥാനക്കയറ്റം സ്റ്റേ ചെയ്ത അലഹബാദ് ഹൈക്കോടതിയുടെ നടപടിക്കെതിരെ ജഡ്ജി എസ്.കെ.യാദവ് തന്നെ സമർപ്പിച്ച ഹർജിയിൽ ഉത്തർപ്രദേശ് സർക്കാരിനോട് ജസ്റ്റിസ് ആർ.എഫ്.നരിമാൻ, ഇന്ദു മൽഹോത്ര എന്നിവരടങ്ങുന്ന ബെഞ്ച് വിശദീകരണം തേടുകയും ചെയ്തു. 

1992ൽ ബാബറി മസ്‌ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസിൽ അഡ്വാനി, ജോഷി, ഉമ ഭാരതി എന്നിവരെ ക്രിമിനല്‍ ഗുഢാലോചനാ കുറ്റത്തിന് വിചാരണ ചെയ്യണമെന്നും എല്ലാ ദിവസവും വാദം നടത്തി രണ്ടു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും 2017 ഏപ്രിൽ 19നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഭരണഘടനയുടെ ആണിക്കല്ലായ മതനിരപേക്ഷതയെ അപകടത്തിലാഴ്ത്തുന്ന കുറ്റകൃത്യമാണു ചരിത്രസ്മാരകം തകർത്ത നടപടിയെന്ന് വിലയിരുത്തിയ കോടതി, വിവിഐപികളായ നേതാക്കൾക്കെതിരെ ക്രിമിനൽ ഗൂഢാലോചനാകുറ്റം പുനഃസ്ഥാപിക്കാൻ അനുവദിക്കണമെന്ന സിബിഐയുടെ അഭ്യർഥന അംഗീകരിച്ചു.

പുതിയ വിചാരണ ഉണ്ടാകില്ലെന്നും വിചാരണ അവസാനിക്കുന്നതുവരെ ജഡ്ജിക്കു സ്ഥലമാറ്റമുണ്ടാകരുതെന്നും വ്യക്തമാക്കിയ കോടതി വിചാരണ നടത്താൻ കഴിയില്ലെന്നു സെഷൻസ് കോടതിക്കു ബോധ്യമല്ലാത്ത സാഹചര്യത്തിലൊഴികെ ഒരു ദിവസം പോലും വിചാരണ റദ്ദ് ചെയ്യരുതെന്നും നിർദേശിച്ചിരുന്നു. ബാബറി മസ്ജിദ് തർക്കവുമായി ബന്ധപ്പെട്ടു ലക്നൗ കോടതിയിലും റായ്‍ബറേലി കോടതിയിലുമുണ്ടായിരുന്ന രണ്ടു കേസുകളിലും സംയുക്ത വിചാരണ മതിയെന്നായിരുന്നു സുപ്രീംകോടതി നിർദേശം.

അഡ്വാനി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരായ മൊത്തം കേസുകളുടെ വിചാരണ റായ്‍ബറേലി കോടതിയിലും കർസേവകർക്കെതിരായ വിചാരണ ലക്നൗ കോടതിയിലുമാണു നടന്നിരുന്നത്. അഡ്വാനിയുൾപ്പെടെയുള്ള മുതിർന്ന 21 ബിജെപി നേതാക്കൾക്കെതിരായ ക്രിമിനൽ ഗൂഢാലോചനാ കുറ്റം റദ്ദാക്കിയതിനെതിരെ സിബിഐയും ഹാജി മെഹബൂബ് അഹമ്മദ് (പിന്നീട് മരണപ്പെട്ടു) എന്നയാളും നൽകിയ ഹർജികൾ പരിഗണിച്ചായിരുന്നു സുപ്രീംകോടതി വിധി.