Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൊഹ്‌റാബുദീൻ കേസ്: വന്‍സാരയെയും കൂട്ടാളികളെയും കുറ്റവിമുക്തരാക്കിയത് ശരിവച്ചു

dig-dg-vanzara ഡി.ജി.വന്‍സാര (ചിത്രം: ട്വിറ്റർ)

മുംബൈ∙ സൊഹ്റാബുദീൻ ഷെയ്ഖ്, ഭാര്യ, കൂട്ടാളി എന്നിവരെ വ്യാജ ഏറ്റമുട്ടലിൽ വധിച്ചെന്ന കേസിൽ ഗുജറാത്തിലെ മുൻ ഡിഐജി ഡി.ജി.വന്‍സാരയെയും നാലു പേരെയും കുറ്റവിമുക്തരാക്കിയ സിബിഐ പ്രത്യേക കോടതി വിധി ബോംബെ ഹൈക്കോടതി ശരിവച്ചു. ഇവരെ വെറുതെ വിട്ടതിനെതിരെ നൽകിയ ഹർജിയിൽ കഴമ്പില്ലെന്നു ചൂണ്ടിക്കാട്ടിയാണു കോടതി തീരുമാനം. 

കേസിലെ മറ്റൊരു പ്രതിയായ ഗുജറാത്ത് പൊലീസിലെ ഉദ്യോഗസ്ഥൻ വിപുൽ അഗര്‍വാളിനെയും ജസ്റ്റിസ് എ.എം.ബദർ കുറ്റമുക്തനാക്കി. കേസിൽ കുറ്റവിമുക്തനാക്കണമെന്ന അഗര്‍വാളിന്‍റെ അഭ്യർഥന നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. രണ്ടു ഹർജികളിലും ജൂലൈയിൽ രണ്ടാഴ്ചയോളം വാദം കേട്ട ശേഷമാണ് തിങ്കളാഴ്ച വിധി പറഞ്ഞത്.

ഗുജറാത്ത് പൊലീസിലെ ഉദ്യോഗസ്ഥരായ രാജ്കുമാർ പാണ്ഡ്യൻ, നരേന്ദ്ര കെ.അമിൻ, രാജസ്ഥാൻ പൊലീസിലെ എം.എൻ.ദിനേശ്, ദൽപത്ത് സിങ് റാത്തോഡ് എന്നിവരെയാണു വൻസാരക്കൊപ്പം സിബിഐ കോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നത്. അഹമ്മദാബാദ് ഡെപ്യൂട്ടി കമ്മിഷണർ (ക്രൈംബ്രാഞ്ച്) ആയിരിക്കെയാണ് 2007 ഏപ്രിൽ 24ന് വൻസാര അറസ്റ്റിലായത്.

സൊഹ്റാബുദീൻ ഷെയ്ഖിനെയും ഭാര്യയെയും വധിച്ച കേസിനു പുറമെ മലയാളി പ്രാണേഷ് കുമാർ പിള്ളയും ഇസ്രത്ത് ജഹാനും അടക്കം നാലു പേരെ വധിച്ച കേസിലും പങ്കുള്ളതായി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സിബിഐ കുറ്റക്കാരെന്നു കണ്ടെത്തിയ 38 പ്രതികളിൽ, ബിജെപി അധ്യക്ഷൻ അമിത് ഷാ അടക്കം 15 പേരെ മുംബൈ പ്രത്യേക കോടതി നേരത്തെ വിട്ടയച്ചിരുന്നു.