Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കന്യാസ്ത്രീ സമരത്തിൽ ‘മൊബൈൽ സമരവേദിക്കാർ’ കടന്നുകൂടി: കോടിയേരി

Kodiyeri Balakrishnan കോടിയേരി ബാലകൃഷ്ണൻ.

തൃശൂർ ∙ സദുദ്ദേശ്യത്തോടെ നാലു കന്യാസ്ത്രീകൾ സമരത്തിനിറങ്ങിയപ്പോൾ കമ്യൂണിസ്റ്റ് വിരുദ്ധർ ആ സമരത്തെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർക്കാരിനെതിരായ എല്ലാ സമരത്തിലും എത്തുന്ന ഇവർ ഒരു മൊബൈൽ സമരവേദിയായി മാറിയിട്ടുണ്ട്. അഴീക്കോടൻ രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ചു സിപിഎം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാരിനെയും സിപിഎമ്മിനെയും താറടിക്കാനുള്ള ശ്രമം ഇവരുടെ ഭാഗത്തുനിന്ന് എപ്പോഴും ഉണ്ടാവുന്നു. അത് ഇക്കാര്യത്തിലും ഉണ്ടായിട്ടുണ്ട്. തെരുവിൽ പ്രക്ഷോഭം നടക്കുന്നോ എന്നു നോക്കിയല്ല പ്രതികളെ അറസ്റ്റു ചെയ്യുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിലാണ്. ഓരോ ദിവസത്തെയും അന്വേഷണ പുരോഗതി പരസ്യപ്പെടുത്തുന്ന രീതി ഈ സർക്കാരിനില്ല. അറസ്റ്റോടു കൂടി കന്യാസ്ത്രീകൾക്ക് ഇക്കാര്യങ്ങൾ ബോധ്യപ്പെട്ടിരിക്കാം– കോടിയേരി പറഞ്ഞു.

കന്യാസ്ത്രീകളെ ഉപയോഗപ്പെടുത്തിയുള്ള സമരകോലാഹലങ്ങൾ രാഷ്ട്രീയലക്ഷ്യം വച്ചുള്ളതു തന്നെയായിരുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഒരു എംഎൽഎക്കെതിരെ മാനഭംഗക്കേസ് ഉയർന്നു. ഒരു ഡസൻ നേതാക്കൾക്കെതിരെ ലൈംഗിക ചൂഷണ ആരോപണം ഉയർന്നു. അന്നൊന്നും കന്യാസ്ത്രീകൾക്കൊപ്പം സമരത്തിനിറങ്ങിയവരെ കാണാതിരുന്നതെന്തേ എന്നും കോടിയേരി ചോദിച്ചു.