Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂനാമി മരണം 1000 കവിഞ്ഞേക്കും; ശ്മശാന ഭൂമിയായി പാലു നഗരം

earthquake1 സൂനാമിയിലും ഭൂകമ്പത്തിലും മുഴുവനായും തകർന്ന പാലു നഗരം. നൂറുകണക്കിനു പേരാണു ഇവിടെ മരിച്ചത്.

പാലു∙ തകർന്നു തരിപ്പണമായ കെട്ടിടങ്ങൾ. ചുറ്റിലും മൃതദേഹങ്ങൾ, വിലാപങ്ങൾ. ശ്മശാനഭൂമി പോലെ ഇന്തൊനീഷ്യയിലെ പാലു നഗരം. ഭൂകമ്പത്തിലും സൂനാമിയിലും ഇവിടെ മരിച്ചവരുടെ എണ്ണം ആയിരം കവിയുമെന്നാണു രാജ്യാന്തര ഏജൻസികൾ പറയുന്നത്. 18 അടി ഉയരത്തില്‍ പാഞ്ഞുവന്ന രാക്ഷസത്തിരമാലകളാണു പാലുവിനെ തകര്‍ത്തെറിഞ്ഞത്. വലിയ പാലങ്ങളും റോഡുകളും ഉൾപ്പെടെ ഗതാഗത മാർഗങ്ങളെല്ലാം നശിച്ചു. ആശയവിനിമയ സംവിധാനങ്ങളും പാടേ തകർന്നു.

ഭൂകമ്പത്തിലും തുടർന്നുണ്ടായ സൂനാമിയിലും 832 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള അതീവശ്രമകര ദൗത്യം തുടരുന്നു. ആദ്യ ഭൂകമ്പം ഉണ്ടായി 48 മണിക്കൂറിനുശേഷവും തുടർചലനങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതിനകം നൂറ്റമ്പതിലേറെ തുടർചലനങ്ങളുണ്ടായി. ഭൂകമ്പവും സൂനാമിയും തകർത്ത പ്രദേശങ്ങൾ പ്രസിഡന്റ് ജോക്കോ വിഡോഡോ സന്ദർശിച്ചു. ക്ഷമയോടെ സഹകരിക്കാൻ പ്രസിഡന്റ് ജനങ്ങളോട് അഭ്യർഥിച്ചു.

indonesia earthquake പാലു നഗരത്തിൽ സൂനാമിയിൽ തകർന്ന പാലങ്ങളിലൊന്ന്.

സുലവേസി പ്രവിശ്യയിലെ ഡൊംഗാലയിലും പാലുവിലും 7.5 തീവ്രതയുള്ള ഭൂകമ്പവും തുടർന്ന് 6 മീറ്റർ വരെ ഉയർന്ന സൂനാമിത്തിരകളും നാശം വിതച്ചതു കഴിഞ്ഞ വെള്ളിയാഴ്ചയാണ്. പാലു നഗരത്തിലെ റോവ റോവ ഹോട്ടലിന്റെ അവശിഷ്ടങ്ങളിൽനിന്ന് ഒരു യുവതിയെ രക്ഷപ്പെടുത്തി. ഇവിടെ വിദേശ സഞ്ചാരികളുൾപ്പെടെ നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഗതാഗത, വാർത്താവിനിമയ, വൈദ്യുതി ബന്ധം പൂർണമായി തകർന്നതു രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നു. ഇന്ധനത്തിന്റെയും അവശ്യവസ്തുക്കളുടെയും ക്ഷാമം സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നു.

INDONESIA-QUAKE-TSUNAMI

ഭൂകമ്പം നിരന്തരം താണ്ഡവമാടുന്ന ഇന്തൊനീഷ്യയിൽ ഫലപ്രദമായ മുന്നറിയിപ്പു സംവിധാനം ഒരുക്കാനാവാത്തത് കടുത്ത വിമർശനത്തിനിടയാക്കുന്നുണ്ട്. 2004 ൽ സുമാട്രയിലുണ്ടായ ഭൂകമ്പവും സൂനാമിയും ഇന്തൊനീഷ്യയിൽ മാത്രം 1,20,000 പേർ മരിക്കാനിടയാക്കിയിരുന്നു. ഇത്തവണ ഭൂകമ്പം ഉണ്ടായ ഉടനെ കാലാവസ്ഥാ മുന്നറിയിപ്പു കേന്ദ്രമായ ബിഎംകെജി സൂനാമി മുന്നറിയിപ്പ് നൽകുകയും 34 മിനിറ്റിനുശേഷം പിൻവലിക്കുകയും ചെയ്തു. മുന്നറിയിപ്പു പിൻവലിച്ചതിനു പിന്നാലെ ആഞ്ഞടിച്ച സൂനാമിയാണു കനത്ത നാശം വിതച്ചത്. സൂനാമിത്തിരകൾ കരയിൽ ആഞ്ഞടിക്കും മുൻപ് കടലിൽ മണിക്കൂറിൽ 800 കിലോമീറ്റർ വേഗമാർജിച്ചിരുന്നു. 

indonesia

മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഒന്നും പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്നാണു പാലു ദുരന്തം തെളിയിക്കുന്നത്. ദുരന്തനിവാരണത്തിലും രാജ്യം ഏറെ പിന്നിലാണ്. കൂറ്റന്‍ കെട്ടിടങ്ങള്‍ക്കിടയില്‍ രണ്ടു ദിവസമായി കുടുങ്ങിക്കിടക്കുന്ന മനുഷ്യരെ രക്ഷിക്കാന്‍ കഴിയുന്ന വലിയ ഉപകരണങ്ങളൊന്നുമില്ല.

Indonesia Quake Tsunami

രാജ്യന്തര സമൂഹത്തോടു സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണു പ്രസിഡന്റ്. ഒാസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങള്‍ സഹായം  വാഗ്ദാനം ചെയ്തു. പാലുവില്‍ മാത്രം 17,000 പേര്‍ ഭവനരഹിതരായി. 5,700 കുട്ടികളാണു ദുരിതാശ്വാസ ക്യാംപുകളിലുള്ളത്. മരിച്ചവരെയെല്ലാം വലിയ കുഴിമാടങ്ങളൊരുക്കി ഒരുമിച്ച് അടക്കം ചെയ്യുകയാണ്. പകർച്ചവ്യാധികൾ പടരുമോയെന്ന ആശങ്കയിലാണ് അധികൃതർ.

Indonesia Quake Tsunami
indonesia-quake-main