Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്തൊനീഷ്യ സൂനാമി: തകർന്നടിഞ്ഞത് 100 കിലോമീറ്റർ തീരം; മരണം 373

island ഇന്തൊനീഷ്യയിൽ സുൺഡ കടലിടുക്ക് മേഖലയിലുള്ള ദ്വീപ് സൂനാമിയിൽപെട്ട് നശിച്ച നിലയിൽ. ചിത്രം:റോയിട്ടേഴ്സ്

ജക്കാർത്ത∙ ഇന്തൊനീഷ്യയിൽ അഗ്‌നിപർവത സ്ഫോടനത്തെ തുടർന്നുണ്ടായ സൂനാമിയിൽ മരിച്ചവർ 373 ആയി. 1400 പേർക്കു പരുക്കേറ്റു. തകർന്നടിഞ്ഞ 100 കിലോമീറ്റർ തീരമേഖലയിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിനും മൃതദേഹങ്ങൾ നീക്കം ചെയ്യുന്നതിനും ശ്രമം തുടരുന്നു. ശക്തമായ തിരകൾ അടങ്ങാത്തതിനാൽ ജാഗ്രതാ നിർദേശം നാളെ വരെ നീട്ടി. സുൺഡ കടലിടുക്ക് മേഖലയിൽ നിന്നു 12,000 പേരെ ഉയർന്ന പ്രദേശങ്ങളിലേക്കു മാറ്റി. അഗ്നിപർവത ദ്വീപായ ‘അനക് ക്രാക്കട്ടോവ’യിൽ നിന്നു പുകയും ചാരവും വമിക്കുന്നതു തുടരുന്നുണ്ട്. 

ശനിയാഴ്ച രാത്രിയാണു തെക്കൻ സുമാത്രയ്ക്കും പശ്ചിമ ജാവയ്ക്കുമിടയിലെ തീരമേഖലയിൽ സൂനാമി ആഞ്ഞടിച്ചത്. അഗ്‌നിപർവത സ്ഫോടനം മൂലമുണ്ടായ സമുദ്രാന്തര മണ്ണിടിച്ചിൽ പ്രതിഭാസമാണു സൂനാമി ഉണ്ടാക്കിയതെന്നാണു നിഗമനം. അഗ്‌നിപർവത സ്ഫോടനം കഴിഞ്ഞ് 24 മിനിറ്റിനകം വിനോദസ‍‍ഞ്ചാരികൾ നിറഞ്ഞ തീരത്തേക്കു വൻതിരമാലകൾ അടിച്ചുകയറി. വീടുകളും ടൂറിസ്റ്റ് ഹോട്ടലുകളും കടകളുമടക്കം 700 കെട്ടിടങ്ങളാണു തകർന്നടിഞ്ഞത്. 

crackatova ഇന്തൊനീഷ്യയിലെ സുൺഡ കടലിടുക്കിൽ സ്ഫോടനത്തിനുശേഷം ലാവയും പുകയും പ്രവഹിപ്പിക്കുന്ന അനക് ക്രാക്കട്ടോവ അഗ്നിപർവതം. ഇതിൽ നിന്നുള്ള സ്ഫോടനമാണ് ഒട്ടേറെപ്പേരുടെ ജീവഹാനിക്കും കനത്ത നാശനഷ്ടങ്ങൾക്കും കാരണമായ സൂനാമിക്കു വഴിയൊരുക്കിയത്.

ജാവ തീരത്തെ ഏറ്റവും തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമായ കാരിത ബീച്ച് തകർന്നടിഞ്ഞ കെട്ടിടങ്ങളുടെ കൂമ്പാരമായി മാറി. തീരഗ്രാമങ്ങളും ഒലിച്ചുപോയി. സൈന്യത്തിന്റെ നേതൃത്വത്തിലാണു രക്ഷാപ്രവർത്തനം നടക്കുന്നത്. സൂനാമി ബാധിത പ്രദേശങ്ങൾ ഇന്തൊനീഷ്യയുടെ പ്രസിഡന്റ് ജോക്കോ വിദോഡോ ഇന്നലെ സന്ദർശിച്ചു. 

305 മീറ്റർ ഉയരമുള്ള അഗ്നിപർവത ദ്വീപിന്റെ ഏകദേശം 64 ഹെക്ടർ ഇടിഞ്ഞു താണുവെന്നാണു വിദഗ്ധരുടെ കണക്കുകൂട്ടൽ. കഴിഞ്ഞ ജൂൺ മുതൽ അഗ്നിപർവതം പുകയുകയായിരുന്നു. 

ഭൂചലനം : ടിബറ്റിൽ 2100 പേരെ ഒഴിപ്പിച്ചു 

ബെയ്‌ജിങ് ∙ ശക്തമായ ഭൂചലനത്തെത്തുടർന്ന് ചൈനയുടെ ടിബറ്റ് സ്വയംഭരണ മേഖലയിൽ2100 ലേറെപ്പേരെ ഒഴിപ്പിച്ചു. ആൾനാശമുണ്ടായതായി റിപ്പോർട്ടില്ല. ഷിഗേജ് നഗരത്തിലെ ഷായിതോങ്‌മോയ്ൻ മേഖലയിലാണു 5.8 തീവ്രതയുള്ള ഭൂചലനമുണ്ടായത്.