Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ചെളിച്ചതുപ്പുകൾ’ ജീവനോടെ വലിച്ചെടുത്തു മണ്ണിനടിയിലേക്ക്; അസാധാരണം ഈ ദുരന്തം

INDONESIA-Earth-QUAKE-2 ഇന്തൊനീഷ്യയിലുണ്ടായ ഭൂകമ്പത്തിൽ പലു നഗരത്തിൽ നിന്നുള്ള കാഴ്ച. ചിത്രം: എഎഫ്പി

ജക്കാർത്ത∙ സൂനാമിയും ഭൂകമ്പവും തച്ചുതകർത്ത ഇന്തൊനീഷ്യയിൽ രക്ഷാപ്രവർത്തകരെ കാത്തിരുന്നത് മഹാദുരന്തത്തിന്റെ ഭീതിദമായ കാഴ്ചകൾ. സൂനാമിയിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പലതും കണ്ടെത്തിയെങ്കിലും അതിനേക്കാൾ ഭീകരമായ മറ്റൊരു കാഴ്ചയാണ് ഇപ്പോൾ രക്ഷാപ്രവർത്തകരെ ഞെട്ടിപ്പിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഒക്ടോബർ ആറു വരെ 1571 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. പലു നഗരത്തിലാണ് ഏറ്റവുമധികം പേർ മരിച്ചത്. എന്നാൽ ഇന്തൊനീഷ്യയിലെ പല വിദൂരഗ്രാമങ്ങളിലേക്കുമുള്ള റോഡുകൾ പുനർനിർമിച്ച് അവിടേക്ക് രക്ഷാസംഘം എത്തിയപ്പോൾ സാക്ഷ്യം വഹിച്ചത് അപൂർവ ദുരന്തത്തിന്റെ കാഴ്ചകൾ. 

പല പ്രദേശങ്ങളെയും ചെളി മൂടി ശ്മശാന തുല്യമാക്കിയിരിക്കുന്നു. പെട്ടോബോ, ബലാറോവ എന്നീ പ്രദേശങ്ങൾ പൂർണമായും ഇന്തൊനീഷ്യൻ ഭൂപടത്തിൽ നിന്നു തന്നെ ഇല്ലാതായ അവസ്ഥയിലാണ്. ജീവന്റെ തുടിപ്പു തേടിയിറങ്ങിയ ഫ്രഞ്ച് രക്ഷാസംഘം കണ്ടെത്തിയത് ചെളിയിൽ നിന്നു മുകളിലേക്ക് ഉയർന്നു നിൽക്കുന്ന കൈകളും കാലുകളും മറ്റു ശരീരഭാഗങ്ങളും.

സെപ്റ്റംബർ 28ന് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെ പലുവിന്റെ തെക്കൻ പ്രദേശങ്ങളിൽ മറ്റൊരു പ്രതിഭാസം രൂപപ്പെട്ടു. മണ്ണ് കുഴമ്പു പരുവത്തിലാകുന്നതായിരുന്നു അത്. മണ്ണിലെ ജലത്തിന്റെ സാന്നിധ്യം അസാധാരണമായി കൂടിയതായിരുന്നു പ്രശ്നം. എന്നാൽ ഇതെങ്ങനെ സംഭവിച്ചു എന്നതിൽ ഇപ്പോഴും വിശദീകരണമായിട്ടില്ല. 

INDONESIA-QUAKE

നിന്ന നിൽപിൽ 1700ഓളം വീടുകളാണ് ഭൂമിക്കടിയിലേക്ക് വലിച്ചെടുക്കപ്പെട്ടതെന്ന് നാഷനൽ ഡിസാസ്റ്റർ ഏജൻസി പറയുന്നു. പല സ്ഥലങ്ങളിലും വീടുകളും മറ്റു കെട്ടിടങ്ങളും രണ്ടായി പിളർന്നു. ഈ വീടുകൾക്കൊപ്പം നൂറുകണക്കിനു പേരും മണ്ണിനടിയിലായെന്നാണു നിഗമനം. അതിനാൽത്തന്നെ വരുംനാളുകളിൽ മരണസംഖ്യ ഇനിയുമേറുമെന്നും രക്ഷാസംഘം പറയുന്നു. മാത്രവുമല്ല ‘ചെളിച്ചതുപ്പ്’ ഇപ്പോൾ അതിവേഗം ഉണങ്ങി കട്ടിപിടിച്ചിരിക്കുകയാണ്. അതിനകത്തു പെട്ടവരെ ജീവനോടെ രക്ഷിക്കാനാകില്ലെന്ന് ഉറപ്പായി. പക്ഷേ മരിച്ച എല്ലാവരുടെയും മൃതദേഹം കണ്ടെത്തുമെന്നാണ് ഇന്തൊനീഷ്യൻ പ്രസിഡന്റ് ഉറപ്പു നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ചെളി മൂടിയ പ്രദേശങ്ങളിൽ പ്രവർത്തിച്ചു പരിചയമുള്ള ഫ്രഞ്ച് സംഘം ഇവിടെയെത്തിയത്. 

തകർന്നടിഞ്ഞു കിടക്കുന്ന പെട്ടോബോ നഗരത്തിലാണ് പോംപിയേഴ്സ് ഹ്യൂമാനിറ്റെയേഴ്സ് ഫ്രോൻസൊ സംഘത്തിന്റെ ആദ്യ ദൗത്യം. നോക്കെത്താദൂരത്തോളം ചെളിയിൽ പുതഞ്ഞു കിടക്കുകയാണ് പ്രദേശം. ഉണങ്ങിക്കിടക്കുന്ന ഈയിടത്തിലൂടെ നീങ്ങി മണ്ണിൽ നിന്നു നീണ്ടു നിൽക്കുന്ന മൃതദേഹ ഭാഗങ്ങൾ കണ്ടെത്തുകയാണ് ആർണോൾഡ് ആലിബെർട്ടിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ദൗത്യം. കാണാൻ സാധിക്കുന്ന മൃതദേഹങ്ങളെല്ലാം മാറ്റിയാൽ മാത്രമേ പിന്നാലെ യന്ത്ര സംവിധാനങ്ങൾ ഇവിടെ എത്തിക്കാനാകൂ. ആഴത്തിൽ കുഴിയെടുത്ത് ചെളി വാരി മാറ്റുന്ന യന്ത്രങ്ങളാണു വരാനിരിക്കുന്നത്. 

INDONESIA-QUAKE

പെട്ടോബോയിലെയും പലുവിനു വടക്കു പ്രദേശങ്ങളിലെയും മണ്ണാണ് അസാധാരണമായി കുഴമ്പു പരുവത്തിലായത്. നൂറു മീറ്ററോളം ആഴത്തിൽ ചെളി പുതഞ്ഞു കിടക്കുന്നയിടങ്ങളും ഇവിടെയുണ്ട്. ഇവ വൃത്തിയാക്കിയെടുക്കാൻ 4-5 മാസങ്ങളെടുക്കും. പ്രത്യേകം മണ്ണുമാന്തി യന്ത്രങ്ങൾ അതിന് ആവശ്യമായി വരും. അപ്പോഴും മൃതദേഹങ്ങൾ താഴെ കിടക്കുന്നതിനാൽ സൂക്ഷ്മതയോടെ മാത്രമേ കുഴിക്കൽ സാധ്യമാകൂ. അതിനുള്ള വഴിയൊരുക്കുകയാണ് ഫ്രഞ്ച് സംഘം ഇപ്പോൾ ചെയ്യുന്നത്. സൂനാമി ആഞ്ഞടിച്ച സുലവെസി ദ്വീപിന്റെ പടിഞ്ഞാറൻ തീരത്ത് ഇപ്പോഴും ദുരിതമയമാണ്. പലു നഗരത്തിലായിരുന്നു ഏറ്റവുമധികം നാശനഷ്ടം. 

മൃതദേഹം പലതും ജീർണിച്ച അവസ്ഥയിലായതിനാൽ പകർച്ചവ്യാധികളെക്കുറിച്ച് സർക്കാർ മുന്നറിയിപ്പ് പുറപ്പെടുവിച്ചു കഴിഞ്ഞു. പലയിടത്തു നിന്നും ജനങ്ങളുടെ ശരീരഭാഗങ്ങളാണു ലഭിക്കുന്നത്. ഇതും രക്ഷാപ്രവർത്തകർക്ക് രോഗഭീഷണി ഉയർത്തുന്നുണ്ട്. എല്ലാ രക്ഷാപ്രവർത്തകർക്കും വാക്സിനേഷൻ നൽകി. ആവശ്യത്തിനു ചികിത്സാ സൗകര്യങ്ങളും മേഖലയിൽ ലഭ്യമാക്കാനാകുന്നില്ല. പല ആശുപത്രികളിലും ആവശ്യത്തിനു ജീവനക്കാരുമില്ല.

പലു വിമാനത്താവളത്തിലെ അസൗകര്യങ്ങളും രാജ്യാന്തര സഹായം വൈകുന്നതിനു കാരണമാകുന്നുണ്ട്. തങ്ങളുടെ വേണ്ടപ്പെട്ടവരെ അന്വേഷിച്ചു വരുന്നവരുടെ എണ്ണം നിയന്ത്രണാതീതമാകുന്നതാണ് പകർച്ചവ്യാധി ഭീഷണി കൂട്ടുന്നത്. രണ്ടു ലക്ഷത്തിലേറെ പേർക്കെങ്കിലും ഇന്തൊനീഷ്യയിൽ സഹായം എത്തിക്കണമെന്നാണ് ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കിയത്.