Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡബ്ള്യുസിസിക്കെതിരെ ഓണ്‍ലൈന്‍ അധിക്ഷേപം, ഫെയ്സ്ബുക് പേജില്‍ അസഭ്യവര്‍ഷം

wcc-fb-comments ഡബ്ല്യുസിസിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ വന്ന കമന്റുകളിൽ ചിലത്.

കൊച്ചി∙ സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ള്യുസിസിക്കെതിരെ ഓണ്‍ലൈന്‍ അധിക്ഷേപം. സംഘടനയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജില്‍ കടുത്ത അസഭ്യവര്‍ഷമാണു വരുന്നത്. സമൂഹമാധ്യമങ്ങളിലും അവഹേളനമുണ്ടായി. അതേസമയം, സംഘടനയെ പിന്തുണച്ചും കമന്റുകൾ വരുന്നുണ്ട്.

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്കെതിരെ രൂക്ഷമായി തുറന്നടിക്കലായിരുന്നു ശനിയാഴ്ച ഡബ്ല്യുസിസി വാർത്താസമ്മേളനത്തിൽ നടത്തിയത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ സംരക്ഷിക്കുകയും ഇരയായ അംഗത്തിന്റെ പരാതിക്കു നേരെ കണ്ണടക്കുകയും ചെയ്യുന്ന അമ്മ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും തെറ്റായ ദിശയിലേക്കാണ് അവർ സംഘടനയെ നയിക്കുന്നതെന്നും കൂട്ടായ്മ വ്യക്തമാക്കിയിരുന്നു.

‘ഞങ്ങളെ അപമാനിക്കുന്ന നിലപാടാണ് സംഘടന സ്വീകരിച്ചത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകമാണ് നടക്കുന്നത്. ഞങ്ങൾക്കു മുറിവേറ്റു. വർഷങ്ങളായുള്ള നീതികേട് അവസാനിപ്പിക്കണം. ഇനി മിണ്ടാതിരിക്കാൻ തീരുമാനിച്ചിട്ടില്ല. സംഘടനക്കുള്ളിൽ നിന്നു തന്നെ പോരാടും. ഇത് ഒരു തുടക്കം മാത്രം ’- ദിലീപിനെതിരെ നടപടിയുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് അമ്മയ്ക്കു കത്തു നൽകിയ അംഗങ്ങളായ രേവതി, പാർവതി തിരുവോത്ത്, പത്മപ്രിയ എന്നിവർ പറഞ്ഞു. തങ്ങളുടെ സിനിമാ പശ്ചാത്തലം വിശദീകരിച്ച് സ്വയം പരിചയപ്പെടുത്തി പത്രസമ്മേളനം തുടങ്ങിയ ഇവർ അമ്മ പ്രസിഡന്റ് നേരത്തേ തങ്ങളുടെ പേരു പറയാതെ നടിമാർ എന്നു മാത്രം പറഞ്ഞതിന്റെ പ്രതിഷേധമാണിതെന്നും വ്യക്തമാക്കി.

ദീലിപിനെതിരായ നടപടി ജനറൽബോഡി യോഗത്തിനു മാത്രമേ തീരുമാനിക്കാനാവൂവെന്ന അമ്മ നിർവാഹക സമിതി യോഗ നിലപാടിനെ തുടർന്നാണ് ഇതുവരെ സമൂഹ മാധ്യമങ്ങളിലൂടെ മാത്രം പ്രതികരിച്ചിരുന്ന ഡബ്ല്യുസിസി പത്രസമ്മേളനം വിളിച്ച് പ്രതികരിച്ചത്. അമ്മയിൽനിന്നു രാജിവച്ച റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, സംവിധായിക അഞ്ജലി മേനോൻ, ചലച്ചിത്ര അക്കാദമി ഉപാധ്യക്ഷ ബീന പോൾ, സജിത മഠത്തിൽ, ദിദീ ദാമോദരൻ തുടങ്ങിയവരും പങ്കെടുത്തിരുന്നു.

related stories