Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലങ്കൻ പ്രസിഡന്റിനെ വധിക്കാൻ റോ: വിവാദത്തിൽ കഴമ്പില്ലെന്ന് ഇന്ത്യ, വിക്രമസിംഗെ ഡൽഹിയിലേക്ക്

Maithripala-Sirisena-Sri-Lanka മൈത്രിപാല സിരിസേന (ഫയല്‍ ചിത്രം)

കൊളംബോ∙ ഇന്ത്യയുടെ ചാരസംഘടനയായ റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) തന്നെ വധിക്കാൻ പദ്ധതിയിട്ടതായുള്ള  ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ആരോപണത്തിൽ പ്രതികരിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ശ്രീലങ്കയുമായി നിലവിലുള്ള ബന്ധത്തിൽ ആശങ്കപ്പെടാൻ യാതൊന്നുമില്ലെന്നു മന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു. ഇപ്പോഴും മികച്ച രീതിയിലുള്ള സൗഹൃദമാണ് ഇരുരാജ്യങ്ങളും തമ്മിൽ. ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ഏതാനും ദിവസങ്ങൾക്കകം ഡൽഹി സന്ദർശിക്കുമെന്നും രവീഷ് പറഞ്ഞു. 

റോ തന്നെ വധിക്കാൻ ശ്രമിച്ചെന്നും, ഇതു സംബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അറിവുണ്ടാകണമെന്നില്ലെന്നും സിരിസേന  പ്രതിവാര മന്ത്രിസഭായോഗത്തിൽ പറഞ്ഞതായി വാർത്ത പ്രചരിച്ചിരുന്നു.എന്നാൽ ഇതു സത്യമല്ലെന്നു ശ്രീലങ്കൻ സർക്കാർ പ്രസ്താവനയിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് ഇക്കാര്യം സംസാരിച്ചെന്നു ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ ഓഫിസും നേരത്തേ വ്യക്തമാക്കി.

ചർച്ചയും ഭീകരവാദവും ഒന്നിച്ചു പറ്റില്ല, അതിനാലാണു പാക്കിസ്ഥാന്റെ വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയതെന്നും രവീഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. റഫാൽ വിഷയത്തിൽ ഫ്രാൻസുമായുള്ള ബന്ധം തകരില്ല. ഫ്രാൻസ് ഇന്ത്യയുടെ നിർണായക പങ്കാളിയായി തുടരും.

ഇറാനെതിരെ യുഎസ് ഉപരോധം ഇന്ത്യയെ വേദനിപ്പിക്കാനല്ലെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ ഇന്ത്യയുടെ നിലപാട് യുഎസിനെ അറിയിച്ചിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറി മൈക്ക് പോംപെയോ ഉചിതമായ മറുപടി വൈകാതെ നൽകുമെന്നാണു കരുതുന്നതെന്നും രവീഷ് പറഞ്ഞു.

‘മന്ത്രി എം.ജെ.അക്ബർ രാജിവച്ചു, പ്രസ്താവനയുമിറക്കി. ഇക്കാര്യത്തിൽ എനിക്കൊന്നും പറയാനില്ല. ഇന്ത്യയിലെത്തിയ ശേഷം ഔദ്യോഗിക യോഗങ്ങളിലാണ് അദ്ദേഹം പങ്കെടുത്തത്. അതിനിടെ വിദേശകാര്യ മന്ത്രി സുഷമാസ്വരാജുമായി കൂടിക്കാഴ്ച നടത്തിയോ എന്നുമറിയില്ല’– മീ ടൂ ആരോപണത്തെത്തുടർന്നുള്ള മന്ത്രിയുടെ രാജിവിവാദത്തെപ്പറ്റി രവീഷ് വ്യക്തമാക്കി.

ശ്രീലങ്ക–റോ വിവാദമിങ്ങനെ:

കഴിഞ്ഞമാസമാണു അഴിമതിവിരുദ്ധ പ്രവർത്തകനായ നമൽ കുമാര, സിരിസേനയെയും ലങ്കയുടെ പ്രതിരോധ സെക്രട്ടറി ഗോതബയ രാജപക്ഷെയെയും വധിക്കാനുള്ള പദ്ധതിയെപ്പറ്റി തനിക്കറിയാമെന്ന് അവകാശപ്പെട്ടത്. കുമാരയെ സിഐഡി ചോദ്യം ചെയ്തു.  പിന്നാലെ മലയാളിയായ എം. തോമസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തതായി ലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യം ശക്തമായി നിഷേധിച്ചുകൊണ്ട് ശ്രീലങ്കൻ ഭരണകൂടം പ്രസ്താവനയിറക്കി. മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നു മാധ്യമ മന്ത്രി മംഗള സമരവീര കുറ്റപ്പെടുത്തുകയും ചെയ്തു. 

 അറസ്റ്റിലായ മലയാളി, തന്നെ വധിക്കാനെത്തിയ റോ ഏജന്റാണെന്നു സിരിസേന പറഞ്ഞെന്നായിരുന്നു ആരോപണം. ‘അത് ഇന്ത്യൻ പ്രധാനമന്ത്രി അറിഞ്ഞിട്ടുണ്ടാവില്ല. പലപ്പോഴും ഇത്തരം കാര്യങ്ങൾ അങ്ങനെയാണ്. സമാനമായ ലക്ഷ്യങ്ങൾ സിഐഎയ്ക്കുണ്ടെങ്കിൽ ട്രംപ് അറിയണമെന്നില്ല’. എന്ന് അദ്ദേഹം കൂട്ടിച്ചേർത്തെന്നും വാർത്ത പ്രചരിച്ചിരുന്നു.

കൊളംബോ തുറമുഖവികസനവുമായി ബന്ധപ്പെട്ട കാബിനറ്റ് രേഖയുടെ ചർച്ചയ്ക്കിടെ, ഇതിന്റെ പേരിൽ ശ്രീലങ്കൻ പ്രസിഡന്റും പ്രധാനമന്ത്രിയും തമ്മിൽ കടുത്ത വാഗ്വാദം നടന്നതായും റിപ്പോർട്ടുണ്ടായിരുന്നു.  

കിഴക്കൻ കണ്ടെയ്‌നർ ടെർമിനലിന്റെ വികസനത്തിന് ഇന്ത്യയെ പങ്കാളിയാക്കുന്നതിനെ സിരിസേന ശക്തമായി എതിർത്തെന്നും എന്നാൽ, ന്യൂഡൽഹിയുടെ പങ്കാളിത്തം നേരത്തെ വാഗ്ദാനം ചെയ്തിട്ടുള്ളതാണെന്നും അത് ഒഴിവാക്കാനാവില്ലെന്ന് വിക്രമസിംഗെ മറുപടി പറഞ്ഞെന്നും റിപ്പോർട്ടുണ്ടായിരുന്നു.സിരിസേനയുടെ എതിർപ്പു സംബന്ധിച്ച വാർത്തയും വ്യാജമാണെന്നാണു സൂചന.

വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനൽ പാർട്ടിയും സിരിസേനയുടെ ശ്രീലങ്കൻ ഫ്രീഡം പാർട്ടിയും ചേർന്നുള്ള സഖ്യകക്ഷിഭരണമാണു ലങ്കയിലേത്. മുന്നണി വിടാൻ സിരിസേനയ്ക്കുമേൽ പാർട്ടിക്കുള്ളിലെ ഒരു വിഭാഗം കടുത്ത സമ്മർദം ചെലുത്തുന്നതായും കഴിഞ്ഞദിവസം റിപ്പോർട്ടുണ്ടായിരുന്നു. വിക്രമസിംഗെയുടെ മന്ത്രിസഭ വിട്ട സിരിസേനയുടെ വിശ്വസ്തരായ 16 നേതാക്കളാണു നീക്കത്തിനു പിന്നിൽ. 

മുൻ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയും സിരിസേനയും തമ്മിൽ ഇതിനിടെ ചർച്ച നടന്നിരുന്നു. പാർലമെന്റ് പിരിച്ചുവിട്ടു പുതിയ തിരഞ്ഞെടുപ്പു നടത്തണമെന്നാണു രാജപക്ഷെയുടെ ആവശ്യം.