Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തകർന്ന ഇന്തൊനീഷ്യൻ വിമാനത്തിന്റെ പൈലറ്റ് ഇന്ത്യക്കാരൻ; തിരച്ചിൽ തുടരുന്നു

Bhavye-Suneja ഭവ്യേ സുനേജ

ന്യൂഡൽഹി∙ ജാവ കടലിൽ തകർന്നുവീണ ഇന്തൊനീഷ്യൻ വിമാനത്തിന്റെ പൈലറ്റ് ഇന്ത്യക്കാരനായിരുന്നുവെന്നു ലയൺ എയർ. ഡൽഹി സ്വദേശിയായ ഭവ്യേ സുനേജ (31) ആണു വിമാനം പറത്തിയിരുന്നത്. ഏഴു വർഷങ്ങൾക്കു മുൻപാണ് ഇദ്ദേഹം ലയൺ എയറിൽ ജോലി ആരംഭിച്ചത്.

ഭേൽ എയർ ഇന്റർനാഷനലിൽനിന്നു വൈമാനിക പരിശീലനം പൂർത്തിയാക്കിയ സുനേജ എമിരേറ്റ്സിൽ ട്രെയിനിയായി ജോലി ചെയ്തിരുന്നു. ബോയിങ് 737 യാത്രാവിമാനങ്ങൾ പറത്തുന്നതിൽ പ്രത്യേക പരിശീലനം നേടിയിരുന്നു. പ്രാദേശിക സമയം ഇന്നു രാവിലെ 6.31 ഓടെയാണ് ലയൺ എയറിന്റെ ബോയിങ് 737 മാക്സ് 8 വിമാനം ജാവ കടലിൽ തകർന്നു വീണത്. 189 യാത്രക്കാരുമായി പറന്നുയർന്ന് 13 മിനിറ്റുകള്‍ക്കകം അപകടമുണ്ടാകുകയായിരുന്നു. അപകടത്തിൽ എല്ലാവരും മരിച്ചതായാണു വിവരം.

കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഇന്തൊനീഷ്യയുടെ രക്ഷാപ്രവർത്തന ഏജൻസി തലവൻ പറഞ്ഞു. ഹെഡ്ഫോണുകളും ജീവൻ രക്ഷാ ഉപകരങ്ങളും പോലുള്ളവ വെള്ളത്തിൽ കിടക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് എന്തെങ്കിലും കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണു തങ്ങളെന്നും അദ്ദേഹം പറഞ്ഞു.