Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുറത്ത് നിന്നുള്ളവരും പ്രതിഷേധിക്കും: ശബരിമല സമരം ശക്തമാക്കുമെന്ന് ബിജെപി

INDIA-COURT/TEMPLE ശബരിമല ക്ഷേത്രം

കൊച്ചി∙ ശബരിമല വിഷയത്തിൽ വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് ബിജെപി കോർ കമ്മിറ്റി യോഗത്തിനു ശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള വ്യക്തമാക്കി. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലുള്ള ഭക്തരെക്കൂടി വരും ദിവസങ്ങളിൽ പങ്കാളികളാക്കിക്കൊണ്ട് സമരം ശക്തമാക്കുന്നതിനാണ് തീരുമാനം. എൻഡിഎ പ്രവർത്തനം ഈ മാസം തന്നെ താഴെ തലം മുതൽ ശക്തമാക്കുന്നതിനാണു തീരുമാനം.

സമരത്തിന്റെ ആദ്യഘട്ടം വൻ വിജയമായെന്നാണു വിലയിരുത്തൽ. രണ്ടാം ഘട്ടത്തിൽ ഒരു കോടി ഒപ്പു ശേഖരിച്ചു ഗവർണർക്കു നൽകാനാണു തീരുമാനം. നവംബർ 25 മുതൽ 30 വരെ പരസ്യമായി ഗ്രാമങ്ങളിൽ കടന്നു ചെന്നു വീടുകൾ സന്ദർശിച്ച് ഒപ്പു ശേഖരിക്കും. ഡിസംബർ അഞ്ചു മുതൽ 10 വരെ പഞ്ചായത്ത് അടിസ്ഥാനത്തിൽ ശബരിമല സംരക്ഷണ സദസുകൾ സംഘടിപ്പിക്കും. ഈ സദസുകളിലാണ് ഒപ്പുകൾ നേതാക്കൾ സ്വീകരിക്കുക. ചടങ്ങിൽ ഗുരുസ്വാമിമാരെ ആദരിക്കുകയും ചെയ്യും. ഈ സമയത്തു സത്യത്തിനു വേണ്ടി നിന്ന ഏക പാർട്ടി ബിജെപിയും എൻഡിഎയുമാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്തി പുതിയ അംഗങ്ങളെ ചേർക്കും. ഇതിനായി സംഘടനാ തല‍ത്തിൽ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.

ശബരിമലയിൽ ഭരണകൂടം അടിച്ചേൽപിക്കുന്ന നിയമങ്ങൾ ഭരണഘടനാ ലംഘനമാണ്. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന നിലപാടാണു സർക്കാരിന്റേത്. കള്ളക്കേസുകൾ എടുത്തുകൊണ്ടുള്ള നടപടികളിൽനിന്നു പിൻമാറണം. ഇക്കാര്യം സർക്കാരിനോടു സർവകക്ഷിയോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയെ തകർക്കുന്നതിനാണു സർക്കാരിന്റെ നീക്കം. മണ്ഡലകാലത്തിനായി യാതൊരു മുന്നൊരുക്കവും സർക്കാർ നടത്തിയിട്ടില്ല. ഭക്ഷണം പോലും കിട്ടാത്ത സാഹചര്യമാണു സന്നിധാനത്തും പരിസരത്തും ഉള്ളത്. എല്ലാം തകർക്കുന്ന സർക്കാരിന്റെ മനസ്ഥിതി ശരിയല്ല. ജനുവരി 22ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. സുപ്രീംകോടതി വിധി ബലപ്രയോഗത്തിലൂടെ നടപ്പാക്കുന്നതു ശരിയല്ല. സുപ്രീംകോടതിയുടെ അധീശത്തെ അംഗീകരിക്കുന്ന നിലപാടാണ് ബിജെപിക്കുള്ളതെന്നും പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു.