Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരേന്ദ്രൻ മല ചവിട്ടിയത് അമ്മ മരിച്ച് ഒരു വർഷമാകും മുൻപ്: മന്ത്രി കടകംപള്ളി

kadakampally-surendran കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം ∙ ശബരിമലയിൽ പ്രവേശിക്കാനെത്തി ജയിലിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ നടത്തിയത് ആചാരലംഘനമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അമ്മ മരിച്ച് ഒരു വർഷമാകുംമുൻപ് കെ. സുരേന്ദ്രൻ മല ചവിട്ടി. അമ്മ മരിച്ചാൽ സാധാരണ വിശ്വാസികൾ ഒരുവർഷം കഴിയാതെ ശബരിമലയിലെത്തില്ല. ഈ ആചാരം തെറ്റിച്ച് സന്നിധാനത്തെത്തിയ ആളാണു വിശ്വാസത്തെക്കുറിച്ചു പറയുന്നത്. ഈ നാടകങ്ങൾ വിശ്വാസത്തിന്റെ പേരിലല്ല, വോട്ടിനുവേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊലീസ് മർദിച്ചുവെന്നത് ഉൾപ്പെടെ സുരേന്ദ്രൻ പറയുന്നത് പച്ചക്കള്ളമാണ്. ചിറ്റാർ പൊലീസ് സ്റ്റേഷനിലെ സിസിടിവി പരിശോധിച്ചാൽ അതു വ്യക്തമാകും. ആചാരാനുഷ്ഠാനങ്ങളുമായി പുലബന്ധമില്ലാത്ത ബിജെപി ലോക്സഭാ തിരെഞ്ഞടുപ്പു ലക്ഷ്യമിട്ടു നടത്തുന്ന നാടകമാണിത്. അമ്മ മരിച്ച് പുല മാറുന്നതിന് മുൻപ് സുരേന്ദ്രൻ സന്നിധാനത്ത് എത്തിയത് അതിന് ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു.

സുരേന്ദ്രനെതിരെ സമൂഹമാധ്യമങ്ങളിലും സമാന ആരോപണം ഉയരുന്നുണ്ട്. അമ്മ മരിച്ചു നാലു മാസം മാത്രമേ ആയിട്ടുള്ളൂവെന്നും ആ നിലയ്ക്കു സുരേന്ദ്രൻ ഇരുമുടിക്കെട്ടുമായി മലകയറാനെത്തിയത് ആചാരലംഘനമാണെന്നുമാണു വിമർശനമുയരുന്നത്. എന്നാൽ മരണം കഴിഞ്ഞ് 41 ദിവസത്തെ പുലയ്ക്കു ശേഷം ക്ഷേത്രദർശനം നടത്താമെന്നും അതാണ് ആചാരമെന്നും സുരേന്ദ്രനെ അനുകൂലിക്കുന്നവർ പറയുന്നു.

ജൂലൈ അഞ്ചിനാണ് സുരേന്ദ്രന്റെ അമ്മ കല്യാണി (90) അന്തരിച്ചത്. സാധാരണഗതിയിൽ 41 ദിവസത്തെ പുലയ്ക്കുശേഷം ക്ഷേത്രങ്ങളിൽ പ്രവേശിക്കാം. എന്നാൽ അടുത്ത ബന്ധുക്കളുടെ മരണം നടന്നാൽ ശബരിമലയിലും മറ്റും സാധാരണഗതിയിൽ ഒരു വർഷത്തിനു ശേഷമേ വിശ്വാസികൾ പോകാറുള്ളൂ എന്നാണ് സുരേന്ദ്രനെ വിമർശിക്കുന്നവരുടെ വാദം. ഈ സാഹചര്യത്തിലാണ് ചിത്തിര ആട്ടതിരുന്നാളിനും മണ്ഡലകാലത്തും സുരേന്ദ്രൻ ശബരിമലയിൽ എത്തിയതെന്നും വിമർശകർ പറയുന്നു.

വിലക്ക് ലംഘിച്ച് ഇന്നലെ ഇരുമുടിക്കെട്ടുമായി ദർശനത്തിനെത്തിയ സുരേന്ദ്രൻ അടക്കം നാലു ബിജെപി നേതാക്കളെ നിലയ്ക്കലിൽ പൊലീസ് തടയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതിനെതിരെ ബിജെപി ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധം നടത്തുന്നുണ്ട്.