10 വർഷമായി വൃശ്ചികപ്പുലരിയിൽ ദർശനം നടത്തുന്ന തമിഴ്നാട് സംഘത്തിന്റെ ഇത്തവണത്തെ അനുഭവങ്ങളിലൂടെ...
ശബരിമല ∙ അയ്യപ്പദർശനമെന്ന പുണ്യം നുകരാൻ അനുഭവിക്കേണ്ടിവന്ന കഷ്ടതകളുടെ നൊമ്പരത്തിലാണ് തമിഴ്നാട്ടിലെ വെല്ലൂരിൽനിന്നു വന്ന ശരവണകുമാറിന്റെ നേതൃത്വത്തിലുള്ള ഭക്തസംഘം. കന്നിക്കാരായ മോനിഷ്, തരുൺലാൽ എന്നീ കുട്ടികൾ ഉൾപ്പെടെ 7 പേരായിരുന്നു സംഘത്തിൽ. 10 വർഷമായി തുടർച്ചയായി എത്തുന്നെങ്കിലും ആദ്യമായാണ് ഇതുപോലെ കഷ്ടപ്പെട്ടതെന്നും ശരവണകുമാറും ഒപ്പമുള്ള ദിനേശനും പറഞ്ഞു.
നിലയ്ക്കലിൽ തടഞ്ഞു
വെള്ളിയാഴ്ച ട്രെയിനിൽ ചെങ്ങന്നൂർ സ്റ്റേഷനിലെത്തി. വൈകിട്ട് 5നു വാനിൽ പമ്പയ്ക്കു പുറപ്പെട്ടതാണ്. രാത്രി 8.30നു നിലയ്ക്കലെത്തി. അവിടെനിന്നു ബസിനുള്ള ടിക്കറ്റ് കിട്ടാൻ ഒരുമണിക്കൂറിലേറെ കാത്തുനിൽക്കേണ്ടിവന്നു. ടിക്കറ്റ് എടുത്തപ്പോഴാണ് പമ്പയ്ക്കു ബസ് അയയ്േക്കണ്ടെന്ന പൊലീസിന്റെ നിർദേശം. രാത്രി 10നു നട അടയ്ക്കുമെന്നും അതിനാൽ പോകാൻ പറ്റില്ലെന്നും പറഞ്ഞാണു ബസ് സർവീസ് നിർത്തിച്ചത്. പുലർച്ചെ 2 വരെ ബസുകൾ പിടിച്ചിട്ടു. നിലയ്ക്കലാകട്ടെ ഒരു കട മാത്രം. അവിടെ ഭക്ഷണം മുഴുവൻ തീർന്നിരുന്നു. കയ്യിൽ ഉണ്ടായിരുന്ന ബിസ്ക്കറ്റ് കഴിച്ചാണ് കുട്ടികൾ വിശപ്പടക്കിയത്. മറ്റുളളവർ പട്ടിണിയിലും.
കുടിക്കാൻ വെളളമില്ല
പമ്പാ മണൽപ്പുറത്ത് എത്തിയപ്പോൾ ചായയെങ്കിലും കുടിച്ചാൽ കൊള്ളാമെന്നു തോന്നിയെങ്കിലും ഒരു കടയുമില്ല. കുടിക്കാൻ വെള്ളം നോക്കി നടന്നു. ഒരിടത്തും ടാപ്പുപോലുമില്ല.
തുടരെ പരിശോധന
പമ്പാ മണൽപ്പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ പൊലീസ് തടഞ്ഞു. ഇരുമുടിക്കെട്ടിൽ വരെ മെറ്റൽഡിറ്റക്ടർ വച്ചു പരിശോധന. കടത്തിവിട്ട് 5 മീറ്റർ കഴിഞ്ഞില്ല, അടുത്ത പൊലീസ് സംഘം തടഞ്ഞു പരിശോധന ആവർത്തിച്ചു. ഗണപതിയമ്പലത്തിൽ തൊഴുത് പന്തളംരാജാ മണ്ഡപത്തിനു സമീപത്തെത്തിയപ്പോൾ നാലിടത്തു പൊലീസ് പരിശോധന. തടഞ്ഞു തിരിച്ചറിയൽ രേഖ ചോദിച്ചു. ദർശനം കഴിഞ്ഞാൽ അപ്പോൾ തന്നെ മലയിറങ്ങണമെന്നും പറഞ്ഞു.
മലകയറി മരക്കൂട്ടത്ത് എത്തിയപ്പോൾ നൂറിലേറെപ്പേർ അടങ്ങിയ പൊലീസ് സംഘമാണ് തടഞ്ഞത്. 30 മിനിറ്റിൽ കൂടുതൽ തടഞ്ഞു നിർത്തി.സന്നിധാനത്ത് വലിയ തിരക്കാണെന്നും ഇപ്പോൾ പോകാൻ പറ്റില്ലെന്നുമായിരുന്നു പൊലീസിന്റെ നിലപാട്. ദർശനം കഴിഞ്ഞ് വേഗം തിരിച്ചിറങ്ങിയാലേ വൈകിട്ടത്തെ ചെന്നൈ മെയിലിനു തിരിച്ചുപോകാൻ പറ്റൂ എന്നുപറഞ്ഞിട്ടും അവർ കാര്യമാക്കിയില്ല. സത്യത്തിൽ അപ്പോൾ സന്നിധാനത്ത് വലിയ തിരക്കില്ലായിരുന്നു.
കല്ലുംമുള്ളും
മരക്കൂട്ടത്തിൽ ശരംകുത്തി വഴിയാണ് കടത്തിവിട്ടത്. വഴിനീളെ ഉരുളൻ കല്ലുകൾ. കാട് ശരിയായി തെളിച്ചിട്ടില്ല. ആദ്യമായാണ് ഇങ്ങനെ അശ്രദ്ധ. വഴിയിലെ കരിയിലപോലും നീക്കിയിട്ടില്ല. ഇഴജന്തുക്കൾ ഇരുന്നാലും അറിയില്ല. ചിലഭാഗങ്ങളിൽ വെളിച്ചവും കുറവായിരുന്നു. രാവിലെ നല്ല മഞ്ഞായിരുന്നു. അതുകാരണം വഴിവിളക്കുകളുടെ വെളിച്ചം താഴേക്കു കിട്ടുന്നില്ല. ശരംകുത്തിയിലും പൊലീസിന്റെ പരിശോധനയുണ്ട്.
വലിയ നടപ്പന്തലിൽ
പ്രവേശന കവാടം പൊലീസ് ബാരിക്കേഡ് വച്ച് അടച്ചിരിക്കുകയാണ്. തൊപ്പിവച്ച് ലാത്തി പിടിച്ചുള്ള പൊലീസ്. തോക്കുമായി കമാൻഡോകൾ. കണ്ടപ്പോൾ തന്നെ ഭയന്നുപോയി. കഴിഞ്ഞ വർഷം വരെ ‘സ്വാമി’ എന്നാണു പൊലീസുകാർ വിളിച്ചിരുന്നത്. ഇപ്പോൾ ‘ എടാ..പോടാ..’ എന്നു വിളിക്കുന്നതു കേട്ടപ്പോൾ സങ്കടം തോന്നി. വലിയനടപ്പന്തലിന്റെ പ്രവേശന കവാടത്തിൽ 5 മെറ്റൽ ഡിറ്റക്ടർ വച്ചാണ് പരിശോധിക്കുന്നത്. നൂറിലേറെ പൊലീസുമുണ്ട്. പതിനെട്ടാംപടിക്കൽ അടിക്കാനുള്ള നാളികേരം ഇരുമുടിക്കെട്ടിൽ നിന്ന് അഴിച്ചെടുക്കാൻ പോലും സമ്മതിക്കുന്നില്ല.
കണ്ടില്ല, വാവരുസ്വാമിയെ
വടക്കേനട മുതൽ വാവരുനട വരെ ബാരിക്കേഡ് വച്ചുമറച്ചിരിക്കുകയാണ്. അതിനാൽ വാവരുസ്വാമിയെ കണ്ടുതൊഴാൻ പറ്റിയില്ല. അവിടേക്കു പോകാനായി ശ്രമിച്ചപ്പോൾ പൊലീസ് തള്ളിവിട്ടു. ഇതുമൂലം അപ്പം അരവണ പ്രസാദംപോലും വാങ്ങാൻ കഴിയാതെ മലയിറങ്ങേണ്ടിവന്നു. മനസ്സിനു വലിയ വേദനയായിരുന്നു ഇത്തവണ ഉണ്ടായത്.
നെയ്യഭിഷേകത്തിനും കഴിഞ്ഞില്ല; സ്ഥലംവിട്ടോളാൻ പൊലീസ്
കടുത്ത നിയന്ത്രണവും പലയിടത്തുള്ളതടഞ്ഞു നിർത്തലും കാരണം 11.30 കഴിഞ്ഞു പതിനെട്ടാംപടി ചവിട്ടുമ്പോൾ. ദർശനം കഴിഞ്ഞ് മാളികപ്പുറത്തേക്കുളള മേൽപ്പാലത്തിൽ ഇരുന്ന് ഇരുമുടി അഴിച്ച് നെയ്ത്തേങ്ങ പൊട്ടിക്കാൻ നോക്കിയെങ്കിലും പൊലീസ് സമ്മതിച്ചില്ല. അഭിഷേകം ഒന്നും വേണ്ടന്നും വേഗം സ്ഥലം വിട്ടോളണമെന്നുമാണ് അവർ പറഞ്ഞത്. പൊലീസുമായി തർക്കിച്ച് നെയ്യുമായി തിരുനടയിൽ എത്തിയപ്പോഴേക്കും അഭിഷേകം കഴിഞ്ഞു. തന്ത്രിയെ കണ്ട് വിഷമം പറഞ്ഞപ്പോൾ അഭിഷേകം ചെയ്ത നെയ്യ് അൽപം നൽകി. എല്ലാവരുടെയും നെയ്യിൽ അഭിഷേകം ചെയ്തതു കുറച്ചുവീതം ഒഴിച്ചാണു മലയിറങ്ങിയത്.