Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം 24 മുതൽ കണ്ണൂരിൽ

sasthrolsavam-1 സംസ്ഥാന സ്കൂൾ ശാസ്ത്രോൽസവത്തിൽ നിന്ന്. (ഫയൽ ചിത്രം)

കണ്ണൂർ ∙ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം 24നും 25നുമായി കണ്ണൂരിൽ നടക്കും. ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗങ്ങൾക്കായുള്ള 173 മത്സര ഇനങ്ങളിലായി അയ്യായിരത്തിലേറെ വിദ്യാർഥികളാണു മാറ്റുരയ്ക്കുക. ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് പങ്കെടുക്കാനെത്തുന്നത്. ശാസ്ത്രമേള ബർണശ്ശേരി സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂളിലും സാമൂഹ്യശാസ്ത്രമേള ചൊവ്വ ഹയർസെക്കൻഡറി സ്കൂളിലും ഗണിതശാസ്ത്രമേളയും ഐടി മേളയും എളയാവൂർ സിഎച്ച്എം ഹയർസെക്കൻഡറി സ്കൂളിലും പ്രവൃത്തിപരിചയമേള ബർണശ്ശേരി സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂളിലുമാണ് നടക്കുക.

ശാസ്ത്ര വിഭാഗത്തിൽ 17 ഇനങ്ങളിലായി 700 പേരും ഗണിതശാസ്ത്രത്തിൽ 28 ഇനങ്ങളിലായി 760 കുട്ടികളും സാമൂഹ്യശാസ്ത്രത്തിൽ 14 ഇനങ്ങളിലായി 540 കുട്ടികളും പ്രവൃത്തിപരിചയത്തിൽ 70 ഇനങ്ങളിലായി 1900 കുട്ടികളും സ്പെഷ്യൽ സ്കൂളുകൾക്കായുള്ള പ്രവൃത്തി പരിചയത്തിൽ 34 ഇനങ്ങളിലായി 950 കുട്ടികളും ഐടി മേളയിൽ 10 ഇനങ്ങളിലായി 310 കുട്ടികളും പങ്കെടുക്കും. 24നു രാവിലെ 10 മുതൽ മുൻസിപ്പൽ ഹയർസെക്കൻഡറി സ്കൂളിലെ സംഘാടക സമിതി ഓഫിസിലാണ് രജിസ്ട്രേഷൻ.

വൊക്കേഷനൽ എക്സ്പോ 24ന് 9.30 മുതൽ മുൻസിപ്പൽ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ ജൂബിലി ഹാളിൽ ന‍ടക്കും. പ്രൊഡക്ഷൻ കം ട്രെയ്നിങ് സെന്റർ ഉൽപ്പന്നങ്ങളുടെ മത്സരവും വിൽപനയും ഉണ്ടാകും. 389 വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളുകളെ പ്രതിനിധീകരിച്ച് ഏഴു മേഖലകളിലെ മത്സര വിജയികളാണ് പങ്കെടുക്കുക.

പ്രളയാനന്തര സാഹചര്യം കണക്കിലെടുത്ത് ഉദ്ഘാടന, സമാപന പരിപാടികൾ ഒഴിവാക്കിയാണ് മേള സംഘടിപ്പിക്കുന്നതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, അഡി. ഡിപിഐ ജിമ്മി കെ.ജോസ്, ഡിഡിഇ ടി.പി.നിർമല ദേവി, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.കെ.പ്രകാശൻ എന്നിവർ അറിയിച്ചു. മത്സരാർഥികൾക്കായി നഗരത്തിനു ചുറ്റുമുള്ള 11 സ്കൂളുകളിലായി താമസ സൗകര്യം ഒരുക്കി.