Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എച്ച്‌ഐവി ബാധിച്ച യുവതിയുടെ മൃതദേഹം പൊന്തി; 23 ഏക്കര്‍ തടാകം വറ്റിച്ച് ഗ്രാമവാസികള്‍

Karnataka-Lake യുവതിയുടെ മൃതദേഹം കണ്ടെത്തിയ കുളം വറ്റിക്കുന്നു. ചിത്രം: എഎന്‍ഐ, ട്വിറ്റര്‍

ബെംഗളൂരു∙ എച്ച്‌ഐവി ബാധിച്ചെന്നു കരുതുന്ന യുവതിയുടെ മൃതദേഹം പൊന്തിയതിനെ തുടര്‍ന്നു കര്‍ണാടകയില്‍ ഗ്രാമവാസികള്‍ 23 ഏക്കര്‍ വിസ്തൃതിയുള്ള തടാകം പൂര്‍ണമായി വറ്റിക്കുന്നു. കഴിഞ്ഞയാഴ്ചയാണ് 20 വയസ് പ്രായം തോന്നുന്ന യുവതിയുടെ മൃതദേഹം മീനുകള്‍ പകുതി തിന്ന നിലയിൽ തടാകത്തില്‍ കണ്ടെത്തിയത്. ഇതോടെ എച്ച്‌ഐവി ബാധിക്കുമെന്നു ഭയന്നു ധാര്‍വാഡ് മൊറാബ് ഗ്രാമത്തിലെ ജനങ്ങള്‍ അവരുടെ ഏക ജലസ്രോതസ്സായ തടാകം വറ്റിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എച്ച്‌ഐവി വെള്ളത്തിലൂടെ പകരില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിട്ടും വിശ്വസിക്കാന്‍ ഇവര്‍ തയാറായില്ല.

അഞ്ചു ദിവസം കൊണ്ട് 23 ഏക്കര്‍ തടാകത്തിന്റെ മുക്കാല്‍ ഭാഗമേ വറ്റിക്കാനായുള്ളൂ. കുടിക്കാനും ജലസേചനത്തിനും ഉള്‍പ്പെടെ കുറഞ്ഞതു 15,000 പേര്‍ തടാകത്തിലെ ജലം ഉപയോഗിക്കുന്നുണ്ട്. അതിനാല്‍, മേഖലയിലെ മാലപ്രഭ കനാലില്‍ നിന്നു ശുദ്ധജലമെത്തിച്ചു തടാകം നിറയ്ക്കണമെന്നു ഗ്രാമവാസികള്‍ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തടാകത്തിനു സമീപത്തു വസിക്കുന്ന സ്ത്രീയെ കഴിഞ്ഞ ഇരുപത്തിയെട്ടിനാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഒരു ഭാഗം മത്സ്യം ഭക്ഷിച്ച നിലയിലായിരുന്നു. ഇവര്‍ക്ക് എച്ച്‌ഐവിയുണ്ടെന്നും വെള്ളം ഉപയോഗിച്ചാല്‍ അസുഖം പകരുമെന്നും ചിലര്‍ വാദിച്ചതോടെ ഗ്രാമീണര്‍ തടാകം വറ്റിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ക്ലോറിനേഷന്‍ നടത്തി ജലം ശുദ്ധീകരിക്കാമെന്നു പറഞ്ഞെങ്കിലും ഇവര്‍ വഴങ്ങിയില്ല.

ഇരുപതോളം മോട്ടര്‍ എത്തിച്ചാണ് ജലം പമ്പ് ചെയ്തത്. ഇവിടെ നിന്നുള്ള വെള്ളം സമീപത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ കയറിയിട്ടും പമ്പിങ് നിര്‍ത്തിയിട്ടില്ല. പാതി മുങ്ങിയ സ്‌കൂളില്‍ നിന്നു വെള്ളം നീക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫിസിനു മുന്നില്‍ പ്രതിഷേധം നടത്തി. ജനങ്ങളെ കാര്യം ബോധിപ്പിക്കാന്‍ കഴിയാത്തത് അധികൃതരെ നിസഹായരാക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ഇവിടെ ഒരു കുട്ടി മുങ്ങി മരിച്ചെങ്കിലും ഇത്തരം നടപടിയൊന്നും സ്വീകരിച്ചിരുന്നില്ലെന്നു പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. അതേസമയം, സമാന സംഭവം ജില്ലയിലെ നാവഹള്ളി ഗ്രാമത്തില്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ ദലിത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നാണ് 5 ഏക്കര്‍ തടാകം വറ്റിച്ചാണു വേറെ ജലം നിറച്ചത്.

എച്ച്‌ഐവി വൈറസിന് 25 ഡിഗ്രി സെലിഷ്യസ് താപനിലയ്ക്കു മുകളില്‍ എട്ടു മണിക്കൂറിലധികം വെള്ളത്തില്‍ അതിജീവിക്കില്ലെന്നു പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളതിനാല്‍ ഭയപ്പെടേണ്ട കാര്യമില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.