Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എച്ച്ഐവി രക്തം കയറ്റി: ഗര്‍ഭിണിക്ക് എയ്ഡ്‌സ്‌ ബാധ; മൂന്നു പേർക്ക് സസ്പെൻഷൻ

hiv-virus

ചെന്നൈ∙ തമിഴ്നാട്ടിൽ ഗർഭിണിയായ യുവതിക്കു എച്ച്ഐവി ബാധയുള്ള രക്തം കയറ്റിയതായി പരാതി. വിരുധുനഗറിലെ സർക്കാർ ആശുപത്രിയിൽ ഈമാസം മൂന്നിനാണു സംഭവം. ഇതുമായി ബന്ധപ്പെട്ടു മൂന്നു ലാബ് ടെക്നീഷ്യൻമാരെ സസ്പെൻഡ് ചെയ്തു.

രണ്ടു വർഷങ്ങൾക്കു മുൻപ് സർക്കാർ ലാബിൽ നടത്തിയ പരിശോധനയിൽ യുവാവായ ദാതാവിന് എച്ച്ഐവിയും ഹെപ്പറ്റൈറ്റിസ് ബിയും ഉള്ളതായി കണ്ടെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ മാസം രക്തം നൽകിയപ്പോൾ ഇക്കാര്യം യുവാവ് ജീവനക്കാരില്‍നിന്ന് മറച്ചുവച്ചു. ഇതു കണ്ടെത്തുമ്പോഴേക്കും രക്തം ഗർഭിണിയായ യുവതിക്കു നൽകിയിരുന്നു.

പരിശോധിച്ചപ്പോൾ യുവതി എച്ച്ഐവി ബാധിതയാണെന്നു കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിന് എച്ച്ഐവി ബാധിച്ചിട്ടുണ്ടോയെന്ന് ജനിച്ചതിനുശേഷം മാത്രമേ അറിയാൻ സാധിക്കുകയുള്ളൂവെന്ന് അധിക‍ൃതർ പറഞ്ഞു. രണ്ടു തവണയാണു വീഴ്ച സംഭവിച്ചിരിക്കുന്നത്. യുവാവിന്റെ രക്തമെടുത്ത ലാബ് ടെക്നീഷ്യൻ എച്ച്ഐവി പരിശോധിച്ചിട്ടില്ലെന്നു സംശയിക്കുന്നു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. യുവാവിന് ചികിൽസ ഉറപ്പാക്കിയതായും തമിഴ്നാട് ആരോഗ്യവകുപ്പിന്റെ ‍ഡെപ്യൂട്ടി ഡയറക്ടർ ഡോ.ആർ.മനോഹരൻ പറഞ്ഞു.

യുവതിക്കും ഭർത്താവിനും ജോലിയും സാമ്പത്തിക സഹായവും സർക്കാർ വാഗ്ദാനം ചെയ്തതിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതു വഴിയോ രക്തത്തിലൂടെയോ ഗർഭാവസ്ഥയിലോ കുഞ്ഞിന് മുലപ്പാൽ നൽകുന്നതു വഴിയോ മാത്രമാണു എച്ച്ഐവി പകരാറുള്ളത്.