Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരണവഴിയിൽ ആശങ്കയായി കാട്ടാനകൾ; കരിമലപാതയിൽ രാത്രിയിൽ യാത്രാനിരോധനം

elephant-nilakkal-sabarimala നിലയ്ക്കലിൽ കാട്ടാന ഇറങ്ങിയതിന്റെ സിസിടിവി ചിത്രം

ശബരിമല ∙ തീർഥാടകർ സഞ്ചരിക്കുന്ന കാനനപാതയിൽ കാട്ടാനശല്യം. കരിമലപാതയിൽ സന്ധ്യയ്ക്കു ശേഷമുളള യാത്ര നിരോധിച്ചു. ഇലവുങ്കലും നിലയ്ക്കലും ഇറങ്ങുന്ന കാട്ടാനകൾ ഉപദ്രവകാരികളായതിനാൽ സൂക്ഷിക്കണമെന്നു വനംവകുപ്പ് അറിയിച്ചു. സന്നിധാനത്തിൽ ഉരക്കുഴി, പാണ്ടിത്താവളം, പമ്പയ്ക്കും നിലയ്ക്കലിനും മധ്യേ പ്ലാന്തോട്, ഇലവുങ്കൽ, പ്ലാപ്പള്ളി, ളാഹ, പുല്ലുമേട്, കരിമല പാതയിൽ വലിയാനവട്ടം എന്നിവിടങ്ങളിലാണു കാട്ടാനകളുടെ സാന്നിധ്യം.

തീർഥാടകരുടെ പ്രധാനപാതയായ മണ്ണാരക്കുളഞ്ഞി- പമ്പ റോഡിൽ നിലയ്ക്കലിനും ളാഹയ്ക്കും മധ്യേയാണു കാട്ടാനകളുടെ ശല്യം ഏറെ അനുഭവപ്പെടുന്നത്. സന്ധ്യയാകുമ്പോഴേ റോഡരുകിൽ ആനയെ കാണാം. പലപ്പോഴും ഇവ റോഡിൽ ഇറങ്ങി നിൽക്കുന്നു. വളവുകളിലാണെങ്കിൽ വാഹനം തൊട്ടുമുൻപിൽ എത്തിയാലേ കാണാൻ കഴിയൂ.

കരിമലപാതയിലൂടെ കാൽനടയായിട്ടാണു തീർഥാടകർ വരുന്നത്. വൈകിട്ട് 5ന് മുൻപ് പമ്പയിൽ എത്താൻ കഴിയുന്ന വിധത്തിൽ ഉച്ചയ്ക്ക് ഒരുമണി വരെ മാത്രമേ അഴുതയിൽനിന്നു കരിമലയിലേക്കു കടത്തിവിടുകയുള്ളു. വൈകിട്ട് 5 കഴിഞ്ഞാൽ കാനനപാതയിൽ കാണുന്ന കടകളിൽ തങ്ങി രാവിലെ മാത്രമേ യാത്ര തുടരാവൂ എന്നാണ് വനംവകുപ്പു നൽകുന്ന മുന്നറിയിപ്പ്.

ഇലവുങ്കൽ

‌കഴിഞ്ഞ ഏതാനും ദിവസമായി കാട്ടാന എന്നും ഇറങ്ങുന്നത് ഇലവുങ്കൽ, നിലയ്ക്കൽ, ളാഹ, ചെളിക്കുഴി എന്നിവിടങ്ങളിലാണ്. ഇലവുങ്കലിൽ എന്നും ആനയിറങ്ങുന്നുണ്ട്. ഉപദ്രവകാരിയായ ഒറ്റയാനാണിത്. അതിനാൽ ഡ്യൂട്ടിയിലുള്ള പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഭയപ്പാടോടെയാണു കഴിയുന്നത്.

സുരക്ഷയുടെ ഭാഗമായി, ഇലവുങ്കൽ പൊലീസിന്റെ പ്രധാന നിരീക്ഷണ കേന്ദ്രമാണ്. അതിനു പുറമേ മോട്ടോർ വാഹന വകുപ്പിന്റെ സേഫ്സോൺ കേന്ദ്ര ഓഫിസും ഇവിടെയാണ്. ഇവിടെ ഭക്ഷണാവശിഷ്ടങ്ങൾ ഏറെ വരുന്നുണ്ട്. തൊട്ടുപിന്നിലുളള വനത്തിലാണ് ഇവ ഇടുന്നത്. ഇവ കഴിയ്ക്കാനാണു കാട്ടാനകൾ എത്തുന്നതെന്നാണു വനപാലകരുടെ വിലയിരുത്തൽ.

നിലയ്ക്കൽ

അടിസ്ഥാന താവളമായ നിലയ്ക്കലിലെ പാർക്കിങ് ഗ്രൗണ്ടിൽനിന്നു വിശുദ്ധിസേന തൂത്തുവാരി കൂട്ടുന്ന മാലിന്യം മുഴുവൻ കൊണ്ടിടുന്നത് ഇൻസിനറേറ്ററിനു സമീപത്താണ്. ഇതു മുഴുവൻ ഒറ്റദിവസം കൊണ്ടു കത്തിച്ചു കളയാൻ കഴിയുന്നില്ല. മാലിന്യത്തിൽനിന്നു ഭക്ഷണംതേടി എല്ലാ ദിവസവും കാട്ടാനകൂട്ടം എത്തുന്നു.

ചിലദിവസം ഇവ പാർക്കിങ് മേഖലയിലേക്കും കടക്കുന്നു. അതിനാൽ കടുത്ത ജാഗ്രതയിലാണു പൊലീസും വനംവകുപ്പും. ആനശല്യം കുറയ്ക്കാൻ ഇൻസിനറേറ്ററിനു സമീപം മാലിന്യം കൂട്ടിയിടുന്നതിനു ചുറ്റും കുഴിയെടുക്കണമെന്നു വനംവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. കുഴിയെടുക്കൽ തുടങ്ങി.

എലഫന്റ് സ്ക്വാഡ്

ആനയെ ഓടിക്കുന്നതിനു പ്രത്യേക പരിശീലനം നേടിയ എലഫന്റ് സ്ക്വാഡുമുണ്ട്. പുല്ലുമേട്, സന്നിധാനം, പമ്പ, പ്ലാപ്പള്ളി, ളാഹ എന്നിവിടങ്ങളിലാണ് ഇവരുള്ളത്. കരിമല പാതയിൽ മുക്കുഴി, വലിയാനവട്ടം എന്നിവിടങ്ങളിൽ ഓരോ എലഫന്റ് സ്ക്വാഡ് കൂടി തുടങ്ങാൻ പദ്ധതിയുണ്ട്. രാത്രികാലങ്ങളിൽ മിക്ക ദിവസങ്ങളിലും ഇലവുങ്കൽ, നാറാണംതോട്, ചെളിക്കുഴി, പ്ലാപ്പള്ളി എന്നിവിടങ്ങളിൽ ആനയിറങ്ങുന്നുണ്ട്. എന്നാൽ കഴിഞ്ഞ വർഷത്തെ അത്രയും പ്രശ്നമായിട്ടില്ല.

ആനക്കൂട്ടത്തിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ കൺട്രോൾ റൂമിൽ വിവരം അറിയിച്ചാൽ മതി. ഉടനെ എലഫെന്റ് സ്‌ക്വാഡ്‌‌ എത്തി ആനയെ കാട്ടിലേയ്ക്കു കയറ്റിവിട്ട് അയ്യപ്പന്മാരുടെ സുരക്ഷ ഉറപ്പാക്കും. ശരണവഴികളിൽ എവിടെയെങ്കിലും വന്യമൃഗ സാന്നിധ്യം അറിഞ്ഞാൽ വനപാലകർ സ്ഥലത്തെത്തും. അവശ്യഘട്ടത്തിൽ മയക്കുവെടി വയ്ക്കാനുൾപ്പടെയുള്ള സംവിധാനങ്ങളും സജ്ജമാണ്.

കൺട്രോൾ റൂം

കാനന പാതയിൽ തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനു പമ്പയിലും സന്നിധാനത്തും കൺട്രോൾ റൂമുമായി വനം വകുപ്പ്. 40 വനംവകുപ്പ് ഉദ്യോഗസ്ഥർ 2 കേന്ദ്രങ്ങളിലായി ജോലി നോക്കുന്നു. കൺട്രോൾ റൂമുകളുടെ ഫോൺ നമ്പറുകൾ പമ്പ– 0473 5203492, സന്നിധാനം– 0473 5202077. കാനന പാത വഴി ശബരിമലയിലെത്തുന്ന തീർഥാടകർക്ക് വഴിതെറ്റിയാലും ഈ നമ്പറിൽ ബന്ധപ്പെട്ടാൽ സഹായത്തിന് ആളെത്തും.

തീർഥാടകരെ സഹായിക്കാൻ വനമേഖലയിൽ പലയിടങ്ങളിലായി 28 ജീവനക്കാരെയും വനംവകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്. കൺട്രോൾ റൂമിൽ സന്ദേശം ലഭിച്ചാലുടൻ സ്ഥലത്ത് എത്തുന്ന തരത്തിലാണു സ്‌ക്വാഡുകളുടെ പ്രവർത്തനം. കൂടാതെ ഉരുക്കുഴി, പാണ്ടിത്താവളം, കുന്നാർ ഡാം ഉൾപ്പടെയുള്ള മേഖലകളിലും സ്‌ക്വാഡുകളുടെ പട്രോളിങ് ഉണ്ട്.

ആനത്താരകൾ

ളാഹയ്ക്കും പമ്പയ്ക്കും മധ്യേ 20 ആനത്താരകളുണ്ട്. അതിൽ12 സ്ഥലങ്ങളിൽ മാത്രമേ ബോർഡ് സ്ഥാപിച്ചിട്ടുള്ളു. ആന റോഡിലേക്ക് ഇറങ്ങാറുള്ള വഴികളാണ് ആനത്താരയായി കാണിച്ചിട്ടുള്ളത്. രാത്രിയിൽ വാഹനത്തിൽ പോകുമ്പോൾ ഈഭാഗങ്ങളിൽ റോഡിലേയ്ക്ക് ആനയിറങ്ങി നിൽക്കാനുള്ള സാധ്യതയുണ്ട്.

കാനന പാതയിൽ കാട്ടാനയെ കണ്ടാൽ

∙ വാഹനം 100 മീറ്റർ അകലെ നിർത്തണം.
∙ 50 മീറ്ററിനുള്ളിലാണെങ്കിൽ ആനയുടെ ആക്രമണം ഉണ്ടാകാൻ സാധ്യത.
∙ വാഹനത്തിന്റെ ലൈറ്റ് ഓഫാക്കി ആനയ്ക്കു കടന്നുപോകാനുളള അവസരം ഒരുക്കുക.
∙ കാട്ടിലേയ്ക്ക് ഇറങ്ങിയതായി ഉറപ്പു വരുത്തിയേ വാഹനം മുന്നോട്ട് എടുക്കാവു.
∙ കരിമല, പുല്ലുമേട് പാതയിലൂടെ കാൽനടയായി വരുന്നവർ നടവഴിമാറി വനത്തിലൂടെ കയറി നടക്കരുത്.
∙ വളരെ ശ്രദ്ധയോടെ പരിസരം വീക്ഷിച്ചുമാത്രം യാത്ര ചെയ്യുക.
∙ ഭക്ഷണ അവശിഷ്ടങ്ങൾ വഴിയിൽ ഉപേക്ഷിക്കരുത്.
∙ ഭക്ഷണ സാധനങ്ങൾ വനത്തിലേക്കു വലിച്ചെരിയരുത്.
∙ പ്ലാസ്റ്റിക് അടക്കം ഒന്നും വനത്തിൽ ഇടാതിരിക്കുക.
∙ വന്യജീവിയെ കാണുന്ന പക്ഷം പ്രകോപിപ്പിക്കാൻ മുതിരരുത്.