Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാമതിലിൽ പങ്കെടുത്താൽ കുടുംബശ്രീക്ക് നോഡൽ ഏജൻസി സ്ഥാനം പോകും: പി.കെ.കൃഷ്ണദാസ്

PK Krishnadas പി.കെ.കൃഷ്ണദാസ്

കൊച്ചി ∙ വനിതാമതിൽ വിജയിപ്പിക്കാൻ കുടുംബശ്രീയെ ദുരുപയോഗപ്പെടുത്തിയാൽ ഇരുപതോളം കേന്ദ്രപദ്ധതികളുടെ നോഡൽ ഏജൻസി സ്ഥാനത്തുനിന്ന് അവരെ മാറ്റുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നു ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. കുടുംബശ്രീ, തൊഴിലുറപ്പു പദ്ധതികളിലെ തൊഴിലാളികളെ ഭീഷണിപ്പെടുത്തിയാണു മതിൽ വിജയിപ്പിക്കാൻ രംഗത്തിറക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വനിതാമതിലിൽ പങ്കെടുക്കാത്തതിന്റെ പേരിൽ ഏതെങ്കിലും കുടുംബശ്രീ, തൊഴിലുറപ്പു പദ്ധതി തൊഴിലാളികൾക്കു നടപടി നേരിടേണ്ടിവന്നാൽ അവരെ ബിജെപി സംരക്ഷിക്കും. മതിൽ വിജയിപ്പിക്കാൻ തൊഴിലാളികളെ പീഡിപ്പിച്ചാൽ ജീവനക്കാർ നടപടി നേരിടേണ്ടിവരും.

സർക്കാർ ഫണ്ട് വിനിയോഗിക്കുന്നില്ലെന്നു നിയമസഭയ്ക്കുള്ളിലും പുറത്തും പ്രഖ്യാപിച്ചശേഷം കോടതിയിൽ 50 കോടി രൂപ സർക്കാർ ഖജനാവിൽനിന്നു വനിതാമതിലിനു ചെലവഴിക്കുന്നതായി സത്യവാങ്മൂലം നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോടു മാപ്പു പറയണം.

പ്രളയദുരിതാശ്വാസത്തിനാണോ പ്രകടനത്തിനാണോ സർക്കാർ മുൻഗണന നൽകുന്നതടക്കമുള്ള കോടതിയുടെ ചോദ്യങ്ങൾക്കു സർക്കാരിന്റെ മറുപടി കേൾക്കാൻ പൊതുജനങ്ങൾക്കും താൽപര്യമുണ്ട്. വനിതാമതിലിനു ചെലവഴിക്കുന്ന 50 കോടി രൂപ വിനിയോഗിച്ച് പ്രളയദുരിതമനുഭവിക്കുന്ന 1000 പേരെയെങ്കിലും പുനരധിവസിപ്പിക്കാമായിരുന്നു. 

പൊലീസും സിപിഎമ്മും വേർതിരിച്ചറിയാനാവാത്തവിധം ഒന്നായിരിക്കുന്നു. ബിജെപി നേതാക്കളെ കള്ളക്കേസിൽ ഉൾപ്പെടുത്തുന്ന നടപടി വ്യാപകമായി. കോൺഗ്രസ്, സിപിഎം പാർട്ടികളിൽനിന്നു ബിജെപിയിൽ ചേർന്നവരെ പങ്കെടുപ്പിച്ച് 28ന് തിരുവനന്തപുരത്തു നവാഗത നേതൃസമ്മേളനം നടത്തുമെന്നും കൃഷ്ണദാസ് അറിയിച്ചു.